ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന സിനിമയിലാണ് നരേന്‍ കമല്‍ഹാസനോടൊപ്പം അഭിനയിക്കുന്നത്. 'ഒരു ഫാന്‍ബോയിയുടെ സ്വപ്‌നം യാഥാര്‍ഥ്യമായി' എന്ന അടിക്കുറിപ്പോടെ കമലിനോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് നരേന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. 'ഒരു നടനാവാന്‍ എനിക്ക് പ്രചോദനം നല്‍കിയ ഇതിഹാസത്തിനോടൊപ്പം തിരശ്ശീല പങ്കിടുന്ന നിമിഷം' എന്നും ചിത്രത്തിന് താഴെ നരേന്‍ കുറിച്ചു.
കമല്‍ഹാസന്‍ നായകനായി, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം സിനിമയിൽ മലയാളത്തിന്റെ അഭിമാന താരം ഫഹദ് ഫാസിലും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പിന്നാലെ കമലും ഫഹദും വിജയ് സേതുപതിയും നിൽക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് പോസ്റ്ററിന് ലഭിച്ചത്.
ഗ്യാംഗ്സ്റ്റർ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമാണ് വിക്രം എന്നാണ് പുറത്തുവരുന്ന സൂചന. കമല്‍ഹാസന്റെ രാജ്കമല്‍ ഇന്റര്‍നാഷനലാണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ക്യാമറയും അനിരുദ്ധ് സംഗീതവും നിർവഹിക്കുന്നു.
ഫഹദ് ഫാസില്‍ ഒരു യുവരാഷ്ട്രീയ നേതാവിന്റെ റോളിലാണ് സിനിമയിൽ എത്തുകയെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിജയ് ചിത്രം മാസ്റ്ററിന് പിന്നാലെ ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് വിക്രം. സിനിമയുടെ കഥയോ വിശദാംശങ്ങളോ കഥാപാത്രങ്ങളെക്കുറിച്ചോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.