'ലഗാൻ: വൺസ് അപ്പോൺ എ ടൈം ഇൻ ഇന്ത്യ' എന്ന പേരിൽ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സിനിമയിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും നെറ്റ്ഫ്ലിക്സിന്റെ യൂട്യൂബ് ചാനലിൽ ഒരു പുനഃസമാഗമ പരിപാടിയ്ക്കായി ഒരുങ്ങുകയാണ്. 'ചലെ ചലോ ലഗാൻ - വൺസ് അപ്പോൺ ആൻ ഇംപോസിബിൾ ഡ്രീം' എന്ന പരിപാടി ഉടൻ തന്നെ നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു.
ലഗാൻ സിനിമയുടെ 20-ാം വാർഷികത്തോട് അനുബന്ധിച്ച് #MyLagaan എന്ന ഹാഷ്ടാഗ് ആണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡായി മാറിയിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ ഹാഷ്ടാഗിൽ അവർ സിനിമ കണ്ട കാലത്തെ ഓർമ്മകൾ പങ്കിടുന്നത്. 2001 ജൂൺ 15 ന് ആണ് ലഗാൻ വെള്ളിത്തിരയിലെത്തിയത്. റിലീസ് ചെയ്ത സമയത്ത് വൻ വിജയമായിരുന്നു ഈ ചിത്രം.
advertisement
“ലഗാൻ എന്നെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതകരമായ യാത്രയായിരുന്നു. നിരവധി പുതിയ ആളുകളെ കണ്ടുമുട്ടി. പുതിയ സുഹൃത്തുക്കളെ ലഭിച്ചു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ബന്ധങ്ങൾക്ക് ലഗാൻ നിമിത്തമായി. വളരെയധികം പുതിയ കാര്യങ്ങൾ പഠിച്ചു. ഈ യാത്ര എന്റെ കരിയറിനെ പല തരത്തിൽ രൂപപ്പെടുത്തി. ഈ യാത്രയിൽ അഷുവിനും, ലഗാന്റെ മുഴുവൻ ടീമിനും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും സിനിമ കണ്ട നിങ്ങൾക്കെല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.“ ലഗാനെക്കുറിച്ച് സംസാരിച്ച ആമിർ ഖാൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഒരേ ദിവസം റിലീസ് ചെയ്ത ഗദാർ ലഗാനെക്കാൾ മൂന്നിരട്ടി വലിയ സിനിമ ആയിരുന്നുവെന്നും ആമിർ ഖാൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
“എന്റെ ആദ്യ രണ്ട് ചിത്രങ്ങളോടുള്ള ബോക്സ് ഓഫീസ് പ്രതികരണം എന്നെ ഞെട്ടിച്ചു. പുതിയ കഥയുമായി മടങ്ങിവരാൻ എന്നെ പ്രേരിപ്പിച്ചത് ഈ സിനിമകളാണ്. സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് മുഴുവൻ ഉൾക്കൊള്ളാനാകുന്ന ഒരു കഥ. അതിന്റെ ഫലമായിരുന്നു ലഗാന്റെ തിരക്കഥ. മുമ്പത്തെ സിനിമകൾ ബോക്സ് ഓഫീസിൽ വിജയമല്ലാത്തതു കൊണ്ട് തന്നെ ആമിറിനെ ഈ സിനിമയിലെത്തിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാൽ അദ്ദേഹം അത് ചെയ്യാൻ തയ്യാറായത് ഈ സിനിമയുടെ ഗതിമാറ്റി. ലഗാൻ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയങ്കരമായ അനുഭവമാണ്. വർഷങ്ങളായി ലഗാനോട് സ്നേഹവും ആദരവും പ്രകടിപ്പിക്കുന്ന പ്രേക്ഷകരോട് നന്ദി പറയുന്നതായും ലഗാൻ സംവിധായകൻ അശുതോഷ് ഗോവരിക്കർ കൂട്ടിച്ചേർത്തു."