TRENDING:

Bro Daddy review | കാറ്റത്താടില്ല ഈ കാറ്റാടി കുടുംബത്തിന്റെ കഥ; 'ബ്രോ ഡാഡി' ഈസ് റെഡി

Last Updated:

Bro Daddy review | ആരാണ് ഈ ബ്രോ-ഡാഡിമാർ? രസകരമായ കുടുംബ ചിത്രം കാത്തിരിക്കുന്നവർക്കൊരു കിടിലൻ എന്റെർറ്റൈനർ. റിവ്യൂ വായിക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം മുതൽ, കൗതുകമുണർത്തിയ പേരായിരുന്നു 'ബ്രോ ഡാഡി' (Bro Daddy). ചിലരെങ്കിലും അതൊന്ന് മലയാളീകരിച്ചു നോക്കി അർത്ഥം കണ്ടെത്താൻ ശ്രമിച്ചു; 'ബ്രോ ഡാഡി', അഥവാ 'ചേട്ടച്ഛൻ'. 24 വർഷങ്ങൾക്ക് മുൻപ് ഇതേ പേര് മലയാളിയെ പരിചയപ്പെടുത്തിയ മോഹൻലാൽ (Mohanlal) നായകനാവുന്ന മറ്റൊരു ചിത്രത്തിൽ ആ 'ചേട്ടച്ഛൻ' വീണ്ടും വരുമോ? ഊഹങ്ങൾക്ക് മറ്റൊരു തലമേകുന്നതായി മാറി 'ബ്രോ ഡാഡി' ട്രെയ്‌ലർ. അച്ഛനെ ചൂണ്ടി മൂത്ത സഹോദരനാണോ എന്ന ചോദ്യം ഉയരുമ്പോൾ, തന്റെ അച്ഛനാണ് എന്ന് മറുപടി കൊടുക്കുന്ന പൃഥ്വിരാജ് (Prithviraj) കഥാപത്രം ആകാംക്ഷയ്ക്ക് മുറുക്കം കൂട്ടി.
ബ്രോ ഡാഡി
ബ്രോ ഡാഡി
advertisement

രണ്ട് യുവാക്കളുടെ അമ്മ മൂന്നാമതും ഗർഭിണിയാവുന്നതും, മകളാവാൻ പ്രായമുള്ള അനുജത്തി ജ്യേഷ്‌ഠന്മാരെ 'ചേട്ടച്ഛൻ' എന്ന് വിളിക്കുന്നതുമായിരുന്നു 1994 ലെ മോഹൻലാൽ ചിത്രം 'പവിത്രം'. അച്ഛനമ്മമാരെ നഷ്‌ടപ്പെട്ട വേളയിൽ മോഹൻലാൽ സ്വന്തം ജീവിതം ഉഴിഞ്ഞു വച്ച് അനുജത്തിയെ വളർത്തി വലുതാക്കുന്നതായിരുന്നു പ്രമേയം.

മലയാള സിനിമയിലെ മറ്റൊരു 'ചേട്ടച്ഛൻ' ആവാൻ ഇക്കുറി നറുക്ക് വീണത് പൃഥ്വിരാജിനാണ്. അഡ്വെർടൈസിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന ഈശോ ജോൺ കാറ്റാടിയുടെ അമ്മ അന്നമ്മയും (മീന) വ്യവസായിയായ അച്ഛൻ ജോൺ കാറ്റാടിയും (മോഹൻലാൽ) ഈ പ്രായത്തിൽ രണ്ടാമതൊരു കുഞ്ഞിന്റെ മാതാപിതാക്കളാവാൻ പോകുന്നു. അതിവിടെ വലിയൊരു വിഷയമായി മാറുന്നില്ല എന്നിരുന്നാലും, ഈശോയുടെ കാമുകി അന്നയും (കല്യാണി പ്രിയദർശൻ) കൂടി കടന്നു വരുന്നതോടെയുള്ള പൊല്ലാപ്പുകളും രസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഈശോയുടെയും അന്നയുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായുള്ള ബന്ധവും സൗഹൃദവും പറഞ്ഞറിയിക്കാനാവില്ല.

advertisement

നാല് വർഷങ്ങൾക്ക് മുൻപ് സമാന കഥാതന്തു അവതരിപ്പിച്ച 'ബഡായി ഹോ' എന്ന ഹിന്ദി ചിത്രവും, ഇപ്പോൾ 'ബ്രോ ഡാഡി'യും ഈ പ്രമേയത്തിന്റെ കാലികപ്രസക്തി അന്നും ഇന്നും എത്രത്തോളമുണ്ടെന്നും, കുടുംബവും സമൂഹവും അതെങ്ങനെ സ്വീകരിക്കുന്നെന്നും ആവർത്തിക്കുന്നു. വ്യത്യസ്ത വർഷങ്ങളിൽ പുറത്തിറങ്ങിയ ഈ ചിത്രങ്ങൾ മൂന്നും ഒരു ക്ലിക്കിന്റെ വ്യത്യാസത്തിൽ ഒരേ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ തന്നെ വന്നുചേർന്നതും യാദൃശ്ചികം.

രണ്ട് വർഷങ്ങൾക്ക് മുൻപ് മലയാളത്തിൽ 'ധമാക്ക' എന്ന സിനിമയും സമാനത പുലർത്തി. ഒരേ വൺലൈനർ ഉള്ള മൂന്നു സിനിമകൾ വന്നു പോയ സാഹചര്യത്തിൽ ഇത്രയും കേട്ടുകഴിഞ്ഞയുടൻ 'പണ്ടേ കണ്ടതല്ലേ' മട്ടിൽ 'ബ്രോ ഡാഡിയെ' സമീപിക്കേണ്ട കാര്യമില്ല.

advertisement

കൂടുതലും ഇൻഡോറിൽ ചിത്രീകരിച്ച, ആലങ്കാരികമായ സെറ്റുകളിൽ പൂർത്തീകരിച്ച ഒരു കുടുംബ ചിത്രം പ്രേക്ഷകരെ എത്രത്തോളം പിടിച്ചിരുത്തും എന്ന ചോദ്യം 'ബ്രോ ഡാഡി' റിലീസിനും മുൻപ് പുറത്തുവിട്ട വീഡിയോകൾ കണ്ടവരിൽ ആശങ്കയായി മാറാതെയിരുന്നില്ല. സമൂഹത്തിൽ മികച്ച സാമ്പത്തിക ഭദ്രതയുള്ള രണ്ട് കുടുംബങ്ങളെ ചേർത്തുനിർത്തിയുള്ള കഥയിൽ ഈ ആലങ്കാരികത അൽപ്പം പോലും മുഴച്ചു നിൽക്കാതിരിക്കാൻ സംവിധായകൻ പൃഥ്വിരാജ് എത്രത്തോളം ശ്രദ്ധിച്ചു എന്ന് സിനിമ കണ്ടുതീരുന്നതും വ്യക്തം.

advertisement

നന്നേ ചെറുപ്പത്തിൽ വിവാഹിതരായി, ഒരു മകന്റെ അച്ഛനും അമ്മയുമായ ജോണും അന്നമ്മയും തന്റെ മൂത്ത സഹോദരങ്ങളാണോ എന്ന ചോദ്യം കുട്ടിക്കാലം മുതലേ കേട്ടുവളർന്നയാളാണ് ഈശോ. ഡിജിറ്റൽ റിലീസ് കാലത്ത് 'സ്കിപ്' അടിക്കൽ മേഖലയെന്ന് പേരുകേട്ട ഓപ്പണിങ് ക്രെഡിറ്റ്സിൽ , പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ ജോണിന്റെയും അന്നമ്മയുടെയും ഈശയോടെയും കുടുംബത്തിന്റെ ആദ്യ നാളുകളെ ഒരു ചിത്രകഥാ രൂപത്തിൽ അവതരിപ്പിച്ച് പ്രേക്ഷകരെ സ്ക്രീനിനു മുന്നിൽ മുഷിപ്പിക്കാതെയിരുത്തുന്ന ബുദ്ധി ഇവിടെ കാണാം.

പ്രതീക്ഷിച്ച പോലെത്തന്നെ കാഴ്ചയിലോ പ്രവർത്തിയിലോ അപ്പനും മോനും എന്ന് തോന്നിക്കാത്ത വിധമാണ് ജോണും ഈശോയും. പലപ്പോഴും കയ്യിലിരിപ്പ് കൊണ്ട് അച്ഛനമ്മമാരെ കർത്താവ് ഈശോയെ വിളിപ്പിക്കുന്ന ഏകമകനാണ് ഈ 'ഈശോ' എന്ന് പറഞ്ഞാൽ ആളിന്റെ സ്വഭാവം ഏറെക്കുറെ വ്യക്തം. ഈ അച്ഛൻ-അമ്മ-മകൻ ബന്ധം തന്നെയാണ് ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ ഈശോയെ പിടിച്ചു നിർത്താൻ പ്രാപ്തനാക്കുന്നതും.

advertisement

ഒരു പേരുവിളിച്ചാൽ ഒന്നിച്ചു വിളികേൾക്കുന്ന, അന്നമ്മയും അന്നയും പലപ്പോഴും വഴിത്തിരിവാകേണ്ട സാഹചര്യങ്ങളെ പിടിവിടാതെ കൈകാര്യം ചെയ്യുന്ന കഥാപാത്രങ്ങളാകുന്നു.

നായകനും കുടുംബവും എന്നപോലെ നായികയുടെ കുടുംബവും സിനിമയിൽ തുടക്കം മുതൽ അവസാനം വരെ നിറയുന്നു. അന്നയുടെ പിതാവ് കുര്യൻ മാളിയേക്കലായി ലാലു അലക്സ്, അമ്മ എൽസി കുര്യനായി കനിഹ എന്നിവരും സിനിമയുടെ നെടുംതൂണുകളാണ്. 'ചോക്ലേറ്റ്' സിനിമയിൽ മകളുടെ പ്രണയത്തിന് വിസിൽ അടിച്ച് പ്രോത്സാഹിപ്പിക്കുന്ന പാലാക്കാരൻ മത്തായിച്ചനിൽ തുടങ്ങി, അന്ന് മുതൽ ഇന്ന് വരെ, ലാലു അലക്സ് കഥാപാത്രത്തെ ഏതൊരു കാമുകിയും സ്വപ്നം കാണുന്ന പിതാവ് എന്ന വിശേഷണത്തിനുടമയാക്കിയിരുന്നു എങ്കിൽ ഇവിടെയും ആ പതിവ് നിലനിർത്തിയിട്ടുണ്ട്. കുറച്ചു സസ്‌പെൻസും പ്രതീക്ഷിച്ചോളൂ.

ആളല്പം കർക്കശക്കാരനാണെങ്കിലും, ക്ളൈമാക്സ് സീനിൽ ഇതുവരെ മലയാള സിനിമ കാണാത്ത ഒരു അച്ഛനായി കുര്യൻ മാളിയേക്കൽ മാറുന്നത് കാണാം. കുടുംബിനിയായും, നായികയായും മലയാള സിനിമ പരിചയിച്ച കനിഹ യുവനായികയുടെ പക്വമതിയായ അമ്മയായി മാറുന്ന കാഴ്ചയും 'ബ്രോ ഡാഡി'ക്ക് സ്വന്തം. ഈ മാറ്റം കനിഹ തന്മയത്വത്തോടെ ഏറ്റെടുത്തു വിജയിപ്പിച്ചിരിക്കുന്നു.

എണ്ണിപ്പറയാവുന്ന കഥാപാത്രങ്ങളാണ് സിനിമയിലുള്ളതെങ്കിലും, ഓരോരുത്തർക്കും ലഭിച്ച സ്ക്രീൻ സ്‌പെയ്‌സ് പ്രാധാന്യമർഹിക്കുന്നു. മുൻപും പല ചിത്രങ്ങളിലും കണ്ടതുപോലെ നടൻ സുകുമാരന്റെ ചിത്രമാണ് ജോൺ കാറ്റാടിയുടെ പിതാവ് ചാക്കോ കാറ്റാടിയുടേതായി പ്രത്യക്ഷപ്പെടുന്നത്. അമ്മച്ചിയായി മല്ലിക സുകുമാരനും തന്റെ വേഷം മികവുറ്റതാക്കുന്നു.

രണ്ട് കുടുംബങ്ങളുടെയും കോമൺ ഫ്രണ്ട് ആയ ജഗദീഷിന്റെ ഡോ. സാമുവേൽ ശ്രദ്ധേയനാണ്. കോമഡി വേഷങ്ങൾ നന്നായി ഇണങ്ങുന്ന സൗബിൻ ഷാഹിറിനെ ഇവന്റ് മാനേജർ ഹാപ്പി പിന്റോയായി സ്‌ക്രീനിൽ കാണാം. അതിഥി വേഷങ്ങളിൽ വരുന്ന പുരോഹിതൻ ഫാദർ എഡ്‌വേഡ്‌ ആയി ജാഫർ ഇടുക്കിയും, സാമുവൽ ഡോക്‌ടറുടെ മരുമകനായ സിറിൽ ആയി ഉണ്ണി മുകുന്ദനും, നിർമ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂരും ചുരുങ്ങിയ സമയം ശ്രദ്ധേയമാക്കുന്നു.

കന്നിചിത്രവും ആദ്യ സംവിധാന സംരംഭവും മലയാള സിനിമയിൽ എടുത്തുപറയത്തക്ക സിനിമകളാക്കി മാറ്റിയ പൃഥ്വിരാജ്, തനിക്ക് ലഭിക്കുന്ന വിഷയങ്ങൾ ലളിതമോ കഠിനമോ ആയിക്കോട്ടെ, അതിനെ പ്രേക്ഷകന്റെ മനസ്സറിഞ്ഞു വിളമ്പുന്ന ഗ്യാരന്റിയുള്ള സംവിധായകനായി മാറിക്കഴിഞ്ഞു. ഇനിയും പൃഥ്വിരാജിലെ സംവിധായകന് കണ്ണും കാതുമായി കാത്തിരിക്കാൻ പ്രേക്ഷകർക്ക് കാരണം ലഭിച്ചു കഴിഞ്ഞു. ക്യാമറക്ക് പിന്നിലേക്ക് മാറുമ്പോൾ ചെറിയ ഇടപെടലുകളിൽ പോലും സൂക്ഷ്മത കൈവിടാത്ത പൃഥ്വി എന്ന സംവിധായകനെ വിശ്വസിച്ചാൽ ബ്രോ ഡാഡിക്കായി നിങ്ങളുടെ സ്ക്രീൻ സമയം ധൈര്യമായി മാറ്റിവയ്ക്കാം.

രസകരമായ ഒരു കുടുംബ ചിത്രം ആസ്വദിക്കാൻ കാത്തിരിക്കുന്നവർക്ക് Disney + Hotstarൽ 'ബ്രോ ഡാഡി' കാണാവുന്നതാണ്.

Summary: Review of Malayalam movie Bro Daddy headlined by Mohanlal and Prithviraj. The film also stars Meena, Kalyani Priyadarshan, Lalu Alex and Kaniha in pivotal roles

മലയാളം വാർത്തകൾ/ വാർത്ത/Film/
Bro Daddy review | കാറ്റത്താടില്ല ഈ കാറ്റാടി കുടുംബത്തിന്റെ കഥ; 'ബ്രോ ഡാഡി' ഈസ് റെഡി
Open in App
Home
Video
Impact Shorts
Web Stories