2S + 1P എന്ന ഫോർമുലയിൽ ചമച്ച ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ഭൂതവും വർത്തമാനവും കെട്ടുപിണഞ്ഞ ഒരുപറ്റം ക്രൈമുകളിൽ കുറ്റവാളിയും അന്വേഷകനുമായി മാറിയ രണ്ടു പേർ. ജോലിയിൽ പ്രവേശിച്ച് ആഴ്ചകൾ മാത്രം പിന്നിടുന്ന രാഹുൽ നമ്പ്യാർ (ഷെയ്ൻ നിഗം) എന്ന യുവപോലീസുകാരന്റെ സർവീസ് റിവോൾവർ മോഷണം പോകുന്നതും, അതിനും എത്രയോ വർഷങ്ങൾ മുൻപ് നടക്കുന്ന അരും കൊലകളും സംബന്ധിക്കുന്ന കോവിഡ് കാലത്തെ കണ്ണിയിലാണ് കഥയുടെ ജൈത്രയാത്ര.
ഇത്തരമൊരു ഇതിവൃത്തത്തിന്റെ ചുക്കാൻ പിടിക്കാൻ ചുമതലപ്പെട്ടവർ ഷെയ്ൻ, സിദ്ധിഖ് എന്നിവരും, അവർക്കൊപ്പം കൂടുന്ന പ്രിയദർശന്റെ സംവിധാന/ തിരക്കഥാ മികവുമാണ്. മലയാളത്തിന്റെ ‘ക്ഷോഭിക്കുന്ന യുവത്വത്തിന്റെ’ പ്രതീകങ്ങൾക്കൊപ്പം പ്രായം വെറും നമ്പർ എന്ന് ഒരിക്കൽക്കൂടി ഓർമപ്പെടുത്തുന്നു മുതിർന്ന നടൻ സിദ്ധിഖ്.
advertisement
കുറച്ചു വർഷങ്ങളായി കുറ്റവാളിയെ മുന്നിൽ നിർത്തി, ഇപ്പൊ പിടിക്കും ഇപ്പൊ പിടിക്കും എന്ന് തോന്നൽ ജനിപ്പിക്കുന്ന, പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന ത്രില്ലർ ഫോർമാറ്റ് തന്നെയാണ് ഇവിടെയും. പക്ഷേ ആ തോന്നലിൽ ബോർ അടിക്കാതെ, ത്രിൽ അടിച്ച് പ്രേക്ഷകർ എത്രദൂരം പോകുന്നുവോ, അവിടെയാണ് ഈ സിനിമയുടെ വിജയം.
യുവാക്കളെക്കാൾ സ്ക്രീൻസ്‌പെയ്‌സ് നേടിയത് വില്ലൻ കഥാപാത്രം ചെയ്ത സിദ്ധിഖ് അല്ലാതെ മറ്റാരുമല്ല. തുടരെത്തുടരെ നന്മ നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്ത് ‘നന്മമരം നടൻ’ എന്ന് വിളിവന്ന വേളയിൽ അതൊന്നു മാറ്റിവിളിപ്പിക്കാൻ താൻ മനസുവച്ചാൽ സാധിക്കും എന്ന് സിദ്ധിഖ് തീരുമാനിച്ചുറപ്പിച്ച പോക്കാണിത്. ഗോവിന്ദേട്ടൻ എന്ന ശങ്കരരാമനായി, റിട്ടയർമെന്റ് കാത്തുനിൽക്കുന്ന, ജീവിതത്തിലും മനസിലും മുറിവേറ്റ പോലീസുകാരന്റെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ മികവോടെ സ്‌ക്രീനിലെത്തിക്കാൻ അദ്ദേഹം പരിശ്രമിച്ചു വിജയിച്ചു. കഥ എങ്ങോട്ടെന്നതിന്റെ കൃത്യമായ ഉത്തരം നൽകുക സിദ്ധിഖിന്റെ ഈ കഥാപാത്രമല്ലാതെ മറ്റാരുമല്ല. ത്രില്ലർ എലിമെന്റിന്റെ പ്രധാന കാരണക്കാരനും ഈ കഥാപാത്രം തന്നെയാണ്.
ഷെയ്ൻ നിഗമിന് ഇതൊരു തിരിച്ചുവരവ് ചിത്രമായി രേഖപ്പെടുത്താം. പക്വതയും കയ്യടക്കവുമുള്ള വേഷം ഷെയ്ൻ ഭംഗിയായി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഷെയ്‌നിന് തന്റെ വേഷത്തിന്റെ മികച്ച ഗ്രാഫ് നിലനിർത്താൻ സാധിച്ചു. പുതുമ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും, ഷൈൻ ടോം ചാക്കോയുടെ ‘പാപ്പൻ’ ശ്രദ്ധനേടിയ വേഷമാണ്. ജീൻ പോൾ ലാൽ, വിജിലേഷ് എന്നിവരുടെ വേഷങ്ങളും എടുത്തുപറയേണ്ടിയിരിക്കുന്നു.
പരിചിതമുഖങ്ങളായ ഹന്നാ റെജി കോശി, ‘ന്നാ താൻ കേസ് കൊട്’ ഫെയിം ഗായത്രി ശങ്കർ എന്നിവർ നായികാവേഷങ്ങൾ ചെയ്തെങ്കിലും സ്കോർ കാർഡിൽ മുൻപിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥയെ അവതരിപ്പിച്ച മുംബൈ മോഡൽ സന്ധ്യ ഷെട്ടി തന്നെയാണ്. ഇത്രയും വഴക്കമുള്ള വനിതാ പൊലീസുകാരി ഒരുപക്ഷേ മലയാള സിനിമയിൽ ഇതിനു മുമ്പുണ്ടായത് ‘നായാട്ടിൽ’ യമ കൈകാര്യം ചെയ്ത വേഷത്തിലായിരുന്നു. കറയറ്റ സ്ക്രിപ്റ്റിൽ ഗായത്രി ചെയ്ത വീണ എന്ന മാധ്യമപ്രവർത്തകയ്ക്ക് നൽകിയ ഹൈപ്പ് മാത്രമാണ് ചെറുതായൊന്നു പാളിയത്. മാധ്യമസ്ഥാപനത്തിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന യുവതി തീപ്പൊരി വാർത്താവതാരകയായത് എങ്ങനെ എന്ന് ഒരു ചോദ്യമുയരാൻ സാധ്യതയുണ്ട്.
അതിഥി വേഷങ്ങളിൽ മലയാളത്തിന്റെ ഇഷ്‌ടമുഖം വന്നു പോകുന്നതും സിനിമയുടെ മുതൽക്കൂട്ടാണ്. വെടിയൊച്ചകളിൽ തുടങ്ങി വെടിയൊച്ചകളിൽ അവസാനിക്കുന്ന ക്രൈം, സസ്പെൻസ് ത്രില്ലർ, നല്ല സ്ക്രിപ്റ്റും പ്രകടനങ്ങളുമായി രണ്ടരമണിക്കൂർ മുഷിയാതെ കാണാം.