ഫഹദ് ഫാസിൽ, ഹോംബാലെ ഫിലിംസ്, അപർണ ബാലമുരളി തുടങ്ങിയ ബ്രാൻഡ് നെയിമുകളിൽ പ്രതീക്ഷയർപ്പിച്ച് കയറുന്ന പ്രേക്ഷകർക്ക് ഈ ചിത്രം നൽകുന്ന പ്രതീക്ഷയെന്താണ്?
ഒരു പുകയില ഉൽപ്പന്ന കമ്പനിയിൽ ജോലിയെടുക്കുന്ന മിടുക്കനായ ചെറുപ്പക്കാരനായ അവിനാഷിന്റെ (ഫഹദ് ഫാസിൽ) ജീവിതത്തിൽ താൻ നിരന്തരം ചെയ്യുന്ന കൃത്യങ്ങൾ ഏതെല്ലാം തരത്തിൽ ബാധിക്കാം എന്ന ഗുണപാഠ പുസ്തകമാണ് ചിത്രം. ഭാര്യ ദിയ (അപർണ ബാലമുരളി) കൂടി ഒപ്പംകൂടുമ്പോൾ ഇരുവരും ചേർന്ന് ഒരു വലിയ ജീവിത പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുന്നതാണ് തുടർന്നുള്ള കാഴ്ച.
advertisement
വർത്തമാനവും ഫ്ലാഷ്ബാക്കുകളും ചേർന്നുള്ള കഥാഖ്യാന ശൈലിയാണ് ചിത്രത്തിൽ. ആരംഭത്തിന്റെ ഏറിയ പങ്കും ഏക വനിതാ കഥാപാത്രവും നായികയുമായ അപർണ ബാലമുരളി നായകന്റെ വീരകൃത്യങ്ങൾ ഒന്നൊന്നായി അക്കമിട്ടു പറയാൻ നൂറ്റൊന്നു ചോദ്യങ്ങൾ ചോദിയ്ക്കാൻ നിയോഗിക്കപ്പെട്ടയാളാണോ എന്ന് സംശയം ജനിപ്പിക്കുമെങ്കിലും, രണ്ടാം പകുതിയിൽ അപർണയുടെ വേഷമാണ് നിർണ്ണായകമാവുക. ദേശീയപുരസ്കാര നേട്ടത്തിന് ശേഷം നായികാ കേന്ദ്രീകൃതമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന അപർണക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ച റോൾ എന്ന് ദിയയെ വിശേഷിപ്പിക്കാം.
ഫഹദിന് ഭംഗിയായി വഴങ്ങുന്ന ചില മാനറിസങ്ങളും ശൈലികളും സിനിമ പ്രയോജനപ്പെടുത്തി എങ്കിലും പുതിയ പരീക്ഷണങ്ങൾക്ക് വേണ്ടത്ര സൗകര്യം തിരക്കഥയിലുണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കെ.ജി.എഫ്. നിർമാതാക്കൾ ടെക്നിക്കൽ വിഭാഗത്തിൽ സ്വാധീനം ചെലുത്തിയതിനാൽ ക്യാമറ, പശ്ചാത്തല സംഗീതം, കലാസംവിധാന വിഭാഗങ്ങളിൽ പഞ്ഞമില്ല.
ഫഹദും അപർണ്ണയും ഫഹദിന്റെ ബോസ് സിദ്ധാർഥ് ആയി വേഷമിട്ട റോഷൻ മാത്യുവും പ്രകടനത്തിന്റെ കാര്യത്തിൽ വാക്കുപാലിക്കുന്നവരായി. പക്ഷേ അപ്പോഴും എടുത്തുപറയേണ്ട ഒരാൾ നെഗറ്റീവ് വേഷം ചെയ്ത നടൻ വിനീത് ആണ്. ‘പാച്ചുവും അത്ഭുതവിളക്കും’ കണ്ടത് മുതൽ ഈ നടനെ ഇത്രയും കാലം വേണ്ടവിധം മലയാള സിനിമ ഉപയോഗിക്കാൻ ശ്രമിച്ചില്ല എന്ന ആക്ഷേപം ഈ സിനിമ കണ്ടാലും പ്രേക്ഷകർ പറഞ്ഞേക്കും. അധികാരക്കൊതിയനായ ബിസിനസ്മാൻ പ്രവീൺ, വിനീതിന്റെ കയ്യിൽ ഭദ്രമാണ്. സത്യ എന്ന വിനു മോഹൻ കഥാപാത്രവും ശ്രദ്ധേയം. ജോയ് മാത്യു, നന്ദു, വിജയ് മേനോൻ തുടങ്ങിയവർ നീളമേറിയ റോളുകളിൽ അല്ലെങ്കിൽ പോലും കഥയിൽ സ്വാധീനമുള്ളവരാണ്.
ഗൗരവമേറിയ ഒരു വിഷയത്തെ ഒരു മുഴുനീള സിനിമയിലൂടെ പറയാൻ ശ്രമിച്ചുവെന്നതാണ് ‘ധൂമം’ സിനിമയുടെ ഹൈലൈറ്റ്. തെന്നിന്ത്യയിലെ ഏറ്റവും വലിയ നിർമാണ കമ്പനികളിൽ ഒന്നിന്റെ മലയാളത്തിലേക്കുള്ള വരവിൽ പക്ഷേ അൽപ്പംകൂടി ബലമേറിയ സ്ക്രിപ്റ്റിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ തെറ്റില്ല.