‘എല്ലാ പുകചുരുളുകളിലും ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ടാവും. മറഞ്ഞുപോവാൻ പാടില്ലാത്ത രഹസ്യങ്ങൾ. ഈ സസ്‌പെൻസ്ഫുൾ ത്രില്ലിങ് ഡ്രാമക്കൊപ്പം ഹൃദയമിടിപ്പ് കൂട്ടുന്ന ഒരു സാവാരിക്കായി ഒരുങ്ങിക്കോളൂ,’ എന്നാണ് വിവരം പങ്കുവെച്ച് ഫഹദ് ഫാസിൽ ഫേസ്ബുക്കിൽ കുറിച്ചത്.
പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയാകുന്നത്. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിനു ശേഷം ഫഹദും അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ധൂമം’. റോഷൻ മാത്യുവും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.
advertisement
വിജയ് കിരഗണ്ടൂരിന്റെ നേതൃത്വത്തിലുള്ള ഹോംബാലെ ഫിലിംസിന്റെ കെജിഎഫ് 1& 2, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്ന് വിതരണത്തിന് എത്തിക്കുന്ന ചിത്രമാണ് ‘ധൂമം’.
കന്നടയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധൂമം’. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായി റിലീസ് ചെയ്യുന്ന ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ധൂമത്തിൽ ജോയ് മാത്യു, നന്ദു, ഭാനുമതി, അച്യുത് കുമാർ, വിനീത് രാധാകൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
പൂർണചന്ദ്ര തേജസ്വി സംഗീത സംവിധാനം നിർവഹിക്കുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കാർത്തിക് ഗൗഡ, വിജയ് സുബ്രഹ്മണ്യം, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട്: അനീസ് നാടോടി, കോസ്റ്റ്യൂം: പൂർണിമ രാമസ്വാമി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷിബു ജി. സുശീലൻ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
കോവിഡ് കാലയളവിൽ ഒ.ടി.ടി. റിലീസിലൂടെ ദക്ഷിണേന്ത്യ മുഴുവൻ ഏറെ ആരാധകരെ സൃഷ്ടിച്ചെടുത്ത താരമാണ് ഫഹദ് ഫാസിൽ. ജോജി, ട്രാൻസ്, മാലിക്, സീയൂ സൂൺ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകൾ സ്വീകാര്യത നേടിയിരുന്നു. പിന്നീട് അല്ലു അർജുന്റെ ‘പുഷ്പ : ദ റൈസ്’ എന്ന ചിത്രത്തിലെ ഭൻവർ സിംഗ് ഷെഖാവത്തിന്റെ വേഷവും ആരാധകപ്രശംസ നേടി.
