നടൻ മാമുക്കോയയ്ക്ക് ഇന്ന് എഴുപത്തിനാലാം പിറന്നാൾ. കേരളത്തിന്‍റെ സ്വന്തം 'തഗ് ലൈഫ് കിംഗ്' ആയി ട്രോളൻമാർ ഏറ്റെടുത്ത മാമുക്കോയ ഈ ലോക്ക് ഡൗൺ കാലയളവിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട താരങ്ങളിലൊരാൾ കൂടിയാണ്.
1946 ജൂലൈ അഞ്ചിന് കോഴിക്കോട് അരക്കിണറിൽ ജനിച്ച മാമുക്കോയ നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്. കോഴിക്കോട് കല്ലായിയിൽ മരം അളക്കലായിരുന്നു ആദ്യ ജോലി. മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയിലെല്ലാം വൈദഗ്ധ്യം നേടി. ഇതിനൊപ്പം നാടകവും.
advertisement
1982ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു. നിരവധി സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെ തുടക്കം. വൈകാതെ തന്നെ മലയാളത്തിലെ അറിയപ്പെടുന്ന ഹാസ്യതാരങ്ങളിലൊരാളായി മാമുക്കോയ. കോഴിക്കോടൻ മുസ്ലീം സംഭാഷണ രീതിയും വേറിട്ട ഭാവപ്രകടനങ്ങളുമാണ് മാമുക്കോയ എന്ന നടനെ മറ്റ് ഹാസ്യനടന്മാരിൽ നിന്ന് വ്യത്യസ്തനാക്കിയത്.
വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രങ്ങളിലെ ഇദ്ദേഹത്തിന്‍റെ പല ഡയലോഗുകളും ഇപ്പോഴത്തെ തലമുറ പോലും ആസ്വദിക്കാൻ കാരണം അതിന്‍റെ വേറിട്ട ശൈലി തന്നെയാണ്.. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ 'ഗഫൂർക്ക'യാണ് മലയാളികളെ ഏറ്റവും ആസ്വദിപ്പിച്ച എല്ലാവരും ഇപ്പോഴും ഓര്‍ത്തുവയ്ക്കുന്ന ഒരു മാമുക്കോയ കഥാപാത്രം.
ദാസനെയും വിജയനെയും ദുബായിലെത്തിക്കാനുള്ള ശ്രമത്തിനിടെ കേരളക്കരയെ ഒന്നാകെ ഗഫൂർക്കാ സലാം വീട്ടാൻ പഠിപ്പിച്ചു.. 'അസ്സലാമു അലൈക്കും.. വ അലൈക്കും സലാം.. 'ഗഫൂർക്കാ ദോസ്ത്' തുടങ്ങി ഒന്നോ രണ്ടോ സംഭാഷണങ്ങൾ മാത്രമെ ആ ചിത്രത്തിൽ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളുവെങ്കിലും നാടോടിക്കാറ്റ് എന്ന് പറഞ്ഞാൽ 'ഗഫൂർക്ക' എന്നായി മലയാളികൾക്ക്.
കോഴിക്കോടൻ മാപ്പിള സംഭാഷണ ശൈലി തന്നെയാണ് മാമുക്കോയയുടെ ഏറ്റവും വലിയ പ്രത്യേകതയും. അതു തന്നെയാണ് ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിൽ 'ശങ്കുണ്ണിനായരായ 'ജമാലിക്കയുടെ 'മാണ്ട' എന്ന ഒറ്റ ഡയലോഗ് മലയാളികളെ കുടുകുടെ ചിരിപ്പിച്ചതും. പതിവു ശൈലിയിൽ നിന്ന് മാറി ഇടയ്ക്ക് ഗൗരവമേറിയ കഥാപാത്രങ്ങൾ അഭിനയിച്ച് വിജയിപ്പിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് മമൂക്കോയയെ ലളിതമായ വേഷങ്ങളിൽ തന്നെ കാണാനായിരുന്നു കൂടുതൽ താത്പര്യം.
പതിവു ശൈലി വിട്ട് മാമുക്കോയ അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങളാണ് പെരുമഴക്കാലത്തിലെ അബ്ദുവും ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രവും. ദേശീയ അവാർഡ് കരസ്ഥമാക്കിയ ചിത്രത്തിൽ ഒരു സുപ്രധാന വേഷമായിരുന്നു മാമുക്കോയ കൈകാര്യം ചെയ്തത്.
മുപ്പത്തിയഞ്ച് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ ചെറുതും വലുതുമായ 250ൽ അധികം കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. നാടോടിക്കാറ്റ്, റാംജീറാവു സ്പീക്കിംഗ്, ചന്ദ്രലേഖ, ഹിസ് ഹൈനസ് അബ്ദുള്ള, വരവേൽപ്, കണ്‍കെട്ട്, തലയണമന്ത്രം തുടങ്ങിയ ചിത്രങ്ങളിൽ ചെറുതെങ്കിലും തന്നെ അടയാളപ്പെടുത്തുന്ന എപ്പോഴും ഓർത്തിരിക്കുന്ന രംഗങ്ങൾ അദ്ദേഹം നൽകി. ശ്രീനിവാസന്‍റെ തിരക്കഥകളും സത്യൻ അന്തിക്കാടിന്‍റെ ചിത്രങ്ങളുമാണ് മാമുക്കോയ എന്ന നടനെ പൂർണ്ണമായും അവതരിപ്പിച്ചത്.
മലയാളത്തിലെ ആദ്യത്തെ ഹിപ്പ് ഹോപ്പ് സംഗീത ആല്‍ബം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'നേറ്റീവ് ബാപ്പ'യിലും കേന്ദ്രകഥാപാത്രമായെത്തിയത് മാമുക്കോയ ആണ്. തീവ്രവാദിയെന്ന പട്ടം ചാർത്തപ്പെട്ട മകനെക്കുറിച്ച് മലപ്പുറംകാരനായ ബാപ്പ പറയുന്ന കാര്യങ്ങളായിരുന്നു ആൽബത്തിന്‍റെ പ്രമേയം. 'മാപ്പിള ലഹള' എന്ന മ്യൂസിക് ബാൻഡിന്‍റെ ബാനറിൽ 2013 ൽ പുറത്തിറങ്ങിയ ഈ ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമകള്‍ ഇപ്പോൾ താരതമ്യേന കുറവാണെങ്കിലും മലയാളികളുടെ മനസിൽ മാമുക്കോയ എന്ന താരത്തെ മായാതെ നിർത്തുന്ന നിരവധി അവിസ്മരണീയ രംഗങ്ങൾ അദ്ദേഹം നൽകി. അത് തന്നെയാണ് പ്രിയ കലാകാരന് ആദരവായി 'Thug life'വീഡിയോ ആയും പുറത്തിറങ്ങിയത്..
ഈ ജന്മദിനത്തിൽ മലയാളികളുടെ പ്രിയ കലാകാരന് ഒരായിരം ആശംസകൾ.