സിനിമ പ്രാഥമികമായി എന്റർടെയ്‌നർ ആണെന്ന് വിശ്വസിക്കുന്ന, സ്റ്റെഫി സേവ്യർ എന്ന യുവസംവിധായകയുടെ പുറപ്പാടിൽ ലക്‌ഷ്യം എത്രത്തോളം വ്യക്തമെന്ന് ഈ സിനിമ പ്രേക്ഷകരോട് വിളിച്ചുപറയാതെയിരിക്കില്ല. ദിനചര്യ അല്ലെങ്കിൽ തൊഴിൽ എന്ന മട്ടിൽ പ്രണയത്തെ കാണുന്നവനെ കോഴി എന്നും, കാമുകനെ നൈസായി ഒഴിവാക്കിയാൽ പെണ്ണ് തേപ്പുകാരി എന്നും ഓമനപ്പേരുകളിൽ അറിയപ്പെടുന്ന കാലത്താണ് ഒരു പ്രേമപ്പനിയെ മുൻനിർത്തി ഇങ്ങനെ ഒരു കഥയുടെ വരവ്.
ജാതിയും മതവും വിഷയമായാൽ, പൊളിറ്റിക്കൽ കറക്റ്റ്നെസ്സിന് അകാലചരമം എന്ന് വിധിക്കപ്പെടുന്ന യുഗത്തിൽ ഇതേ സംഗതി സറ്റയറിൽ മുക്കിപ്പൊരിച്ചാൽ പ്രേക്ഷകർക്ക് മൃഷ്‌ടാന്നഭോജനം ആക്കാൻ എന്തുകൊണ്ടും കഴിയും എന്ന വീക്ഷണകോണിൽ നിന്നുമാണ് കഥാഗതിയുടെ തുടക്കം.
advertisement
കരയോഗവും തറവാട്ട് മഹിമയും പ്രാണവായുവിനേക്കാൾ പ്രാധാന്യം നേടുന്ന ഒരുപറ്റം ജനങ്ങൾ ജീവിക്കുന്ന കുമ്പഴയിലാണ് ഉഷാമ്മയും (ബിന്ദു പണിക്കർ) ഒരു മകനും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതം. നായർ, കുറുപ്പ്, മേനോൻ എന്ന് പേരവസാനിക്കാത്ത ഒരാളെങ്കിലും ഇല്ല എന്നവസ്ഥ. പ്രണയവിവാഹങ്ങൾക്ക് പോലും കരയോഗത്തിന്റെ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വേണമെന്ന് അലിഖിത നിയമം.
അടിസ്ഥാനപരമായി അലസനാണെങ്കിലും, സർക്കാർ ഉദ്യോഗസ്ഥനായ മകൻ മനു (ഷറഫുദീൻ) സ്വന്തം പ്രേമം കരയ്ക്കടുപ്പിക്കുന്ന കൂട്ടത്തിൽ കുടുംബത്തിന്റെ തൂണായ തൊട്ടു താഴെയുള്ള അനുജത്തി മീരയെ (രജിഷാ വിജയൻ) കെട്ടിച്ചുവിടണം എന്ന ഉത്തരവാദിത്ത ബോധമുള്ള സഹോദരനാണ്. മീരയാകട്ടെ പഠിക്കുമ്പോൾ തന്നെ സ്വന്തം കാലിൽ നിൽക്കുന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയും. എന്നാൽ അനുജത്തിക്ക് ചെക്കനെ കണ്ടെത്താൻ ഇറങ്ങിപ്പുറപ്പെടുന്ന മനുവിന്റെ മുന്നിലേക്ക് അതുവരെ താനറിയാത്ത പലതും പതിയെ വെളിപ്പെടുന്ന കാഴ്ചയാണ് കഥാതന്തു.
‘പ്രേമം’ സിനിമയിലൂടെ ‘ഗിരിരാജൻ കോഴിയായി’ പ്രേക്ഷകർ ഏറ്റെടുത്ത ഷറഫുദീൻ കോഴിത്തരങ്ങൾ കൈകാര്യം ചെയ്യുന്ന കാഴ്ചയാണ് പിന്നീടങ്ങോട്ട്. ഷറഫുദീന്റെ ഈ പ്രകടനമാണ് സിനിമയുടെ ജീവനാഡി. ഒന്നിലേറെ വികാരങ്ങൾ ഫലവത്താക്കേണ്ട ഭാരിച്ച ചുമതലയുണ്ട് ഷറഫുദീന്റെ ചുമലിൽ. ഏതുവേഷം കൊടുത്താലും സഹതാരങ്ങൾക്കൊപ്പം മത്സരിച്ച് അഭിനയിക്കാൻ അറിയാവുന്ന രജിഷയും ഒപ്പം ചേരുന്നതോടെ ചവയ്ക്കും തോറും മധുരമേറുന്ന നെല്ലിക്ക പോലെ പ്രേക്ഷകർക്കും ആസ്വാദനത്തിന്റെ മേന്മയേറുന്നു.
ഈ ക്ലീൻ ഫാമിലി എന്റര്ടെയ്നറിലേക്ക് ഹാസ്യം കൈകാര്യം ചെയ്യാൻ മുതിർന്ന തലമുറയിൽ നിന്നും വിജയരാഘവന്റേയും ബിന്ദു പണിക്കരുടെയും മടങ്ങിവരവ് പ്രതീക്ഷ തെറ്റിച്ചില്ല. അങ്ങനെ പറയുമ്പോഴും സിനിമയിലുടനീളം അക്കാര്യം ആവർത്തിക്കപ്പെടുന്നുമില്ല. സിറ്റുവേഷണൽ കോമഡിയിൽ സൈജു കുറുപ്പ്, അൽത്താഫ് സലിം, സ്വതസിദ്ധമായ അഭിനയശൈലിയിൽ ആർഷാ ബൈജു, എല്ലാം ഒത്തിണങ്ങിയ വേഷത്തിൽ ബിജു സോപാനം എന്നിവരും പ്രകടനം മികച്ചതാക്കി. കാലത്തിനു ചേരുന്ന ലക്ഷണമൊത്ത എന്റർടെയ്‌നർ ആയി ഈ സിനിമ മാറിയെങ്കിൽ അതിനു കാരണക്കാർ എഴുത്തുകാരായ മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവരും കോസ്റ്റ്യൂം ഡിസൈനറിൽ നിന്നും സംവിധായകയായി മാറിയ സ്റ്റെഫിയും അല്ലതെ മറ്റാരുമല്ല. ഹിറ്റ് ചാർട്ടുകളിൽ ആഘോഷിക്കപ്പെടാൻ തുടങ്ങിയില്ലെങ്കിലും മലയാണ്മ നിറയുന്ന ഗാനങ്ങൾ സിനിമയുടെ ഒഴുക്കിനെ ആയാസരഹിതമാക്കാൻ സഹായിച്ചിട്ടുണ്ട്.
എല്ലാ രുചിക്കൂട്ടുകളും ചേരുവകകളും ഒത്തിണങ്ങിയ കുടുംബ വിരുന്നിലേക്ക് പ്രേക്ഷകർക്ക് സധൈര്യം കടന്നു ചെല്ലാം.