Also read: ആർപ്പുവിളികളില്ലാത്ത ഓണം, ആളൊഴിഞ്ഞ സ്ക്രീനുകൾ; കോവിഡ് കാലത്തെ ഓണച്ചിത്രങ്ങൾ ഇങ്ങനെ
സർക്കാർ ഉദ്യോഗമുണ്ടായിട്ടും, ഭേദപ്പെട്ട കുടുംബ പശ്ചാത്തലമുണ്ടായിട്ടും തളത്തിൽ ദിനേശൻ മുതൽ കണ്ടുവരുന്ന ഒരു ചെറിയ വിഷയമാണ് അശോകന്റെ വിവാഹ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നത്. തന്റെ ഉയരവും, സൗന്ദര്യവും എന്തോ ഒരു അപകർഷതാബോധം അശോകനിൽ സൃഷ്‌ടിക്കുന്നുണ്ട്. സ്കൂൾ കാലം മുതൽ തനിക്കൊരു കാമുകി പോലുമില്ല എന്ന് അയാൾ പറയുന്നിടത്ത് അത് വ്യക്തം. ഒരു വിവാഹാലോചന മുടങ്ങിപോകുമ്പോൾ പോലും അശോകനെ അലട്ടുന്നത് പെണ്ണുകാണാൻ പോയ പെൺകുട്ടി പറയുന്ന ആ കാര്യം യാദൃശ്ചികമായി കേൾക്കേണ്ടി വരുന്ന സാഹചര്യമാണ്.
advertisement
ഇത്രയും വേദന ഉള്ളിലൊതുക്കി, അടുത്ത കൂട്ടുകാർക്കൊപ്പം കൂടുകയും, തന്റെ വേദന വാക്കുകളിൽ ഒതുക്കി അച്ഛനമ്മമാരോട് അവതരിപ്പിക്കുകയും ചെയ്യുന്ന അശോകനായി ഗ്രിഗറി ചിത്രത്തിലുടനീളം ജീവൻതുടിക്കുന്ന കഥാപാത്രമായി നിറയുന്നു. ലഭിച്ച നായകവേഷം എന്തുകൊണ്ടും മികവുറ്റതായി തന്നെ ഗ്രിഗറി അഭിനയിച്ചു തീർക്കുന്നു.
ഇതൊക്കെയും പോരാതെ, കൂനിന്മേൽ കുരു എന്ന പോലെ അശോകന് മറ്റൊരു വലിയ കടമ്പകൂടി താണ്ടേണ്ടി വരുന്നിടത്ത് ചിത്രം ട്വിസ്റ്റിലേക്ക് കടക്കുന്നു.
പലപ്പോഴും നിസാര കാര്യങ്ങൾ മറ്റുള്ളവർ ഊതിപ്പെരുപ്പിക്കുന്നത് കാരണം ഒരു വിവാഹജീവിതം ഉണ്ടാവാതെയോ അല്ലെങ്കിൽ വൈകുകയോ ചെയ്യുന്ന വ്യക്തികളുടെ പ്രതിനിധിയാണ് അശോകനും. പോരെങ്കിൽ അശോകൻ നേരിടുന്ന പ്രതിസന്ധിയുടെ ഒരു ഭാഗം സിനിമയിലും ഹ്രസ്വചിത്രങ്ങളിലും സോഷ്യൽ മീഡിയയിലും ഒക്കെ വർഷങ്ങളായി നർമ്മത്തിൽ ചാലിച്ച് കൈകാര്യം ചെയ്തു വരുന്ന പതിവുണ്ട് താനും. എന്നാൽ പ്രസ്തുത അവസ്ഥ അനുഭവിക്കേണ്ടി വരുന്ന വ്യക്തിയുടെ കാഴ്ചപ്പാടിൽ അത് ഒരിക്കലും ഒരു തമാശയല്ല എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഷംസു സൈബ സംവിധാനം ചെയ്ത് ദുൽഖർ സൽമാനും ഗ്രിഗറിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം.
ഗ്രാമീണ പശ്ച്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന കഥയിൽ അശോകൻ തന്നെയാണ് തുടക്കം മുതൽ ഒടുക്കം വരെ സജീവമായി സ്‌ക്രീനിൽ തിളങ്ങുന്ന കഥാപാത്രം. അശോകന്റെ സുഹൃത്തുക്കളായി വേഷമിടുന്ന ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ, അച്ഛനമ്മമാരുടെ വേഷം ചെയ്യുന്ന വിജയരാഘവൻ, ശ്രീലക്ഷ്മി എന്നിവരുടേത് ശ്രദ്ധേയ പ്രകടനമാണ്. ഒരേയൊരു പ്രധാനനായിക എന്ന വാർപ്പുമാതൃകയും 'മണിയറയിലെ അശോകൻ' പിന്തുടരുന്നില്ല. അനുപമ പരമേശ്വരൻ, ശ്രിത ശിവദാസ്, നയന എൽസ എന്നിവർ നായികാ പ്രാധാന്യത്തിൽ എത്തുമ്പോൾ ഏവരെയും ആകാംക്ഷയിൽ എത്തിക്കുന്ന അശോകന്റെ ഭാര്യ ക്ലൈമാക്സ് രംഗത്തിൽ ഒരു വലിയ സർപ്രൈസോടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. അനു സിതാര, ഒനിമ കശ്യപ്, സണ്ണി വെയ്ൻ എന്നിവരെ അതിഥി വേഷങ്ങളിൽ കാണാം.
ഓണത്തിന് കുടുംബസമേതം ആസ്വദിക്കാൻ പറ്റുന്ന ഒരു കുടുംബ ചിത്രമെന്ന നിലയിൽ 'മണിയറയിലെ അശോകൻ' തുടക്കം മുതലേ കാണാവുന്നതാണ്. ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു.