ടൊവിനോയുടെയും ബേസിലിന്റെയും പുതിയ ചിത്രമായ മിന്നൽ മുരളിയുടെ (Minnal Murali) പ്രോമോ ഷൂട്ടിങ്ങിനിടയിൽ മുംബൈയിൽ വെച്ചാണ് ഇരുവരും യുവരാജിനെ കണ്ടുമുട്ടിയത്. തുടർന്നാണ് യുവിക്കൊപ്പമുള്ള ചിത്രം ഇരുവരും അവരുടെ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.
‘എക്കാലത്തും താങ്കളുടെ വളരെ വലിയൊരു ആരാധകനാണ് ഞാന്‍. താങ്കള്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. ഡർബനിലെ നിങ്ങളുടെ ആറ് സിക്‌സറുകൾ പോലെ ഇത് എനിക്ക് അവിസ്മരണീയ ഓർമയായി തുടരും,’ എന്ന കുറിപ്പോടെയാണ് ടൊവിനോ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
advertisement
നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തുന്നത്. 'മിന്നൽ മുരളിക്ക് ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രമോഷനാണ് ഇതെന്നും', അടുത്ത ചിത്രത്തിൽ യുവിയും കൂടിയുണ്ടേൽ പൊളിക്കും' എന്നിങ്ങനെ പോകുന്നു കമന്റുകൾ.
Also read- Tovino | ടൊവിനോ കുടിച്ച സർബത്ത് അല്ല ഇത്; 'ടൊവിനോ സർബത്ത്' ആണ് സംഗതി
ഗോദയ്ക്ക് ശേഷം ടോവിനോയും ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമായ മിന്നൽ മുരളി ഡിസംബറിൽ പ്രദർശനത്തിന് എത്തുകയാണ്. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ ഏറെ നേടിയ ചിത്രമാണ് മിന്നൽ മുരളി. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾക്കും സ്റ്റില്ലുകൾക്കും ട്രെയിലറിനും ടൈറ്റിൽ സോങ്ങിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്.
മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിൽ അമാനുഷിക കഴിവുകളുള്ള കഥാപ്രത്രമായി വേഷമിടുന്നത് ടോവിനോയാണ്. ഇതുവരെ ഇറക്കിയ മൂന്ന് ചിത്രങ്ങളും വലിയ വിജയങ്ങളാക്കിയ ബേസിൽ വീണ്ടും സംവിധായകാനായെത്തുമ്പോൾ പ്രേക്ഷകർക്കുള്ള പ്രതീക്ഷകളും ഉയരെയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി ഒരു പാൻ ഇന്ത്യൻ സിനിമ ലേബലിലാണ് ചിത്രം ഒരുങ്ങുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ (Netflix) ചിത്രം പ്രദർശനത്തിനെത്തും.