മലയാള സിനിമാ ചരിത്രത്തിൽ റിലീസിനു മുമ്പ് ഏറ്റവുമധികം ഹൈപ് (നാടൻ മലയാളത്തിൽ തള്ള്) ഉണ്ടാക്കിയ ചിത്രമാണ് ഒടിയൻ. അതു കൊണ്ടു തന്നെയാണ് ഒരു ഹർത്താലിനെ വരെ നിലം പരിശാക്കാൻ തക്ക കഴിവുള്ള ആൾക്കൂട്ടം റിലീസ് നാളിൽ അതിനു
പിന്നിൽ അണിനിരന്നത്. എന്നാൽ കേട്ടതൊക്കെ ശ്രീകുമാർ മേനോന്റെ ആദ്യമായി സംവിധാനം ചെയ്ത പടത്തിലുണ്ടോ?
വാരണാസിയിൽ നിന്നും പതിനഞ്ചു വർഷത്തെ ഇടവേളക്കു ശേഷം ഒടിയൻ മാണിക്യൻ സ്വദേശമായ പാലക്കാടൻ ഗ്രാമമായ തേങ്കു റിശ്ശിയിലേക്ക് വരുന്നു. ഇരുട്ടിൽ കരിമ്പടം പുതച്ച് ഒരു നാടിനെ ഒടിവിദ്യ കൊണ്ട് വിസ്മയിപ്പിച്ച അയാളുടെ യൗവന കാലം പോയ് മറഞ്ഞിരിക്കുന്നു. കാലം നൽകിയ ജരാനരകളുമായി, യുവ തലമുറയുടെ വെല്ലുവിളി ഏറ്റെടുത്ത്, പണ്ടൊരിക്കൽ എങ്ങോട്ടെന്നില്ലാതെ വലിച്ചെറിഞ്ഞ മായാവിദ്യ മാണിക്യന് വീണ്ടും പുറത്തെടുക്കേണ്ടി വരുന്നു.
advertisement
1. ഒറ്റവരിയിൽ പറഞ്ഞാൽ മികച്ച പ്രമേയമാണ്. പാലക്കാടും പരിസര പ്രദേശങ്ങളിലും മാത്രം അറിഞ്ഞിരുന്ന, പ്രചരിച്ചിരുന്ന കഥകളാണ് ഒടി വിദ്യയും, ഒടിയനും. ഇതിനു ചലച്ചിത്രഭാഷ്യമൊരുക്കി പുറം ലോകത്തെ അറിയിക്കുകയെയെന്നത് പുതുമയുള്ള കാര്യം തന്നെ. ഏറ്റവും മികച്ച അഭിനേതാക്കളായ മോഹൻലാൽ, മഞ്ജുവാര്യർ, പ്രകാശ് രാജ് എന്നിവർ ഒരുമിക്കുന്നു. മികച്ച സ്റ്റണ്ട്മാൻ പീറ്റർ ഹൈൻ ദേശീയ അംഗീകാരം ലഭിച്ച തിരക്കഥാകൃത്തായ ഹരികൃഷ്ണൻ എന്നിവരുടെ സാന്നിധ്യം.
മോഹൻലാൽ വരുമോ, ഇല്ലയോ എന്ന് സംശയമുണ്ടോ?
2. പ്രമേയത്തെ മൊത്തമായി സിനിമയായി കാണുന്ന ഒരു സംവിധായകനെ സിനിമയിൽ കാണാനില്ല എന്നതാണ് പ്രധാന ന്യൂനത. മൂന്ന് മണിക്കൂറോളം കാണികളെ പിടിച്ചിരുത്താനുള്ള ഊർജം ഇവിടെ ഉണ്ടായിരുന്നോ? ഉദ്വേഗം ജനിപ്പിക്കേണ്ട കഥയ്ക്ക് ചേരാത്ത തരത്തിൽ കെട്ടുറപ്പില്ലാത്ത തരത്തിലാണ് അവതരണം. ഒടിയൻ എന്ന നാടൻ കൗതുകത്തിനപ്പുറമുള്ള കഥ അതി പുരാതനമാണ്. അത് സമയം ചെല്ലുന്തോറും നേർത്തു നേർത്തു ദുർബലമാകുന്നു. ഒട്ടേറെയിടങ്ങളിൽ വലിച്ചു നീട്ടലുകൾ ഒഴിവാക്കാമായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോഴും അടുത്ത പകുതിയിലേക്കുള്ള ആകാംക്ഷ ജനിച്ചില്ല.
3. രണ്ടു ദശാബ്ദങ്ങൾക്ക് ശേഷം കണിമംഗലം കോലോത്തെ ജഗന്നാഥൻ തമ്പുരാനും, ഉണ്ണി മായയും (ആറാം തമ്പുരാൻ ) നാടൻ കഥയുടെ മേച്ചിൽ പുറങ്ങളിൽ മാണിക്യനും, പ്രഭയുമായി തിരിച്ചു വന്നിരിക്കുന്നു. അടക്കിവെച്ച പ്രണയത്തിന്റെ തീവ്രത പണ്ടത്തോളം ഉണ്ടോ എന്ന് സംശയമാണ്. യാതൊരു താല്പര്യവും ജനിപ്പിക്കാത്ത സംഭാഷണങ്ങൾ രണ്ട് അഭിനേതാക്കളുടെയും 21 വർഷം മുമ്പുള്ള പ്രകടനത്തിന്റെ നിഴൽ മാത്രമാക്കി തീർക്കുന്നു. ഒരു ഗാനരംഗത്തിൽ ഒന്നിച്ചുണ്ടെങ്കിലും രസച്ചരട് പൊട്ടിയ വേളയിലായതിനാൽ ലക്ഷ്യമില്ലാത്ത അസ്ത്രം പോലെ ചെന്നവസാനിക്കാൻ മാത്രമേ ഇതിനാവുന്നുള്ളൂ.
4. കഥാപാത്രങ്ങൾ അവരുടെ പരിസരത്തിനു യോജിച്ച രീതിയിൽ തെറ്റില്ലാത്ത പാലക്കാടൻ മലയാളം പറയുന്നുവെന്നത് ഒരു മെച്ചമാണ്. എന്നാൽ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനുള്ള സാഹചര്യമിരിക്കെ, ഉപരിപ്ലവമായ പറച്ചിലുകൾക്കും ചെയ്തികൾക്കുമിടയിൽ കടന്നു പോവുകയാണ് സിനിമ. കേരളത്തെ ഇന്നത്തെ നിലയിലാക്കിയ പുരോഗമന പ്രസ്ഥാനങ്ങളെ അവമതിപ്പുണ്ടാക്കുന്ന തരത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്.
5. പാളിച്ചകൾ പലതും മറയുന്നത് ഛായാഗ്രാഹകന്റെ മികവൊന്നു കൊണ്ടാണെന്നു പറയാതിരിക്കാൻ പറ്റില്ല. വിഷ്വൽ എഫക്ട് ആവിർഭാവം കൊണ്ട് മുങ്ങിപ്പോകാതെ, ക്യാമറയുടെ സാധ്യതകൾ വളരെ നന്നായി ചിത്രത്തിൽ പ്രയോഗിച്ചിരിക്കുന്നു. അധികമായുള്ള രാത്രി, അല്ലെങ്കിൽ ഇരുട്ടിലെ രംഗങ്ങളും അതിനിടയിലെ സംഘട്ടനവുമെല്ലാം ഷാജി കുമാറിന്റെ ക്യാമറ രസം ചോരാതെ ഒപ്പിയെടുത്തിരിക്കുന്നു. അന്യം നിന്നു തുടങ്ങുന്ന നാട്ടിടവഴികളും, പാരമ്പര്യത്തിന്റെ അകക്കാഴ്ചകളും ചുറ്റുവട്ടവും ഒക്കെ .
റിലീസിന് മുമ്പ് ഇത്രയുമധികം ഹൈപ്പ് ഇല്ലാതിരുന്നെങ്കിൽ ഒരു പക്ഷെ ഒരു ശരാശരി സിനിമ എന്ന നിലയിൽ ആസ്വദിക്കാൻ പ്രേക്ഷകർക്കും ആയേനേ.