ആ നൈസൽ ഇനി സിനിമാ നടൻ ആണ്. ദിലീപ് നായകനാവുന്ന സിനിമയായ 'വോയിസ് ഓഫ് സത്യനാഥനിൽ' തന്റെ അഭിനയജീവിതം കുറിക്കുകയാണ് നൈസൽ. ഇപ്പോൾ സെറ്റിലെ ഒഴിവുവേളയിൽ നൈസലും കൂട്ടരും മേശയിൽ കൊട്ടിപ്പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നിർമ്മതാവ് എൻ.എം ബാദുഷ. നൈസലിന്റെ വീഡിയോ ചുവടെ കാണാം:
വോയിസ് ഓഫ് സത്യനാഥൻ:
ദിലീപ്, റാഫി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമായ 'വോയിസ് ഓഫ് സത്യനാഥൻ' വിദ്യാരംഭ ദിനത്തിൽ ആരംഭം കുറിച്ചു. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്.
ചിത്രീകരണം തുടങ്ങിയ വിവരം പറഞ്ഞുകൊണ്ട് ബാദുഷ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതാ: "വിദ്യാരംഭ ദിനത്തിൽ സത്യനാഥന് ആരംഭം. ബാദുഷ സിനിമാസിന്റെ ആദ്യ ചിത്രം 'വോയിസ് ഓഫ് സത്യനാഥൻ' വിദ്യാരംഭ ദിനത്തിൽ ചിത്രീകരണം ആരംഭിച്ചു. ഏറെ നാളുകൾക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥൻ'. അടുത്ത കാലത്തായി മലയാള സിനിമയിൽ നിന്നും മൺമറഞ്ഞുപോയ കലാകാരന്മാരുടെ ആത്മാവിന് നിത്യശാന്തിക്കായുള്ള പ്രാർത്ഥനയോടുകൂടിയാണ് ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിൻ്റെ സ്വിച് ഓൺ കർമ്മം പ്രിയപ്പെട്ട സംവിധായകൻ ഷാഫി നിർവ്വഹിച്ചു. ഒപ്പം ഞാൻ ആദ്യ ക്ലാപ്പ് അടിക്കുവാനും സാധിച്ചു. വിളക്ക് കൊളുത്തി ചിത്രീകരണത്തിന് തുടക്കം കുറിച്ചത് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ഷിനോയ് മാത്യുവിന്റെ പ്രിയ പത്നി ശ്രീമതി നീതുവായിരുന്നു. ഞങ്ങളുടെ ഈ ചിത്രത്തിനൊപ്പം എല്ലാവരുടേയും സഹകരണവും കൂടെയുണ്ടാവണം."
ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കലാ സംവിധാനം- എം. ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം. റാഫി, സ്റ്റിൽസ്- ഷാലു പേയാട്.
സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാ ടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നിവക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥൻ'.