ചിത്രത്തിന്റെ അടിസ്ഥാനം പൊറിഞ്ചുവിന്റേയും മറിയത്തിനേറെയും പ്രണയമാണ്. സ്കൂളിൽ തുടങ്ങി, പിന്നീടങ്ങോട്ടുള്ള ജീവിതത്തിലും അത് തുടർന്ന് പോരുന്നു. ഇവരുടെ സ്കൂൾ ജീവിതത്തിൽ ആരംഭിച്ച സിനിമ 20 വർഷങ്ങൾക്ക് ശേഷം ആ ജീവിതങ്ങളിലേക്ക് ക്യാമറ ചലിപ്പിക്കുമ്പോൾ, അവിവാഹിതയായ ആലപ്പാട് മറിയവും ഇറച്ചിവെട്ടുകാരനും ലോക്കൽ ഗുണ്ടയുമായ പൊറിഞ്ചുവും, പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാതെ തല്ലുകൊള്ളിത്തരവുമായി പൊറിഞ്ചുവിനൊപ്പം നടക്കുന്ന ജോസുമാണ് സ്‌ക്രീനിൽ.
പ്രണയം, നിരാശ, ഒത്തുചേരൽ ചട്ടക്കൂടിൽ പ്രതീക്ഷിച്ച് ആദ്യ ഭാഗം കടന്നു പോകുമെങ്കിലും, രണ്ടാം പകുതിയിൽ കാര്യങ്ങൾ മറ്റൊരു വഴിയിൽ സഞ്ചരിക്കും.
advertisement
ജോഷി പടങ്ങളിലെ ആക്ഷൻ പ്രതീക്ഷിക്കുന്നവർക്ക് നല്ല നടൻ തല്ല് പൊറിഞ്ചു ഉറപ്പു നൽകും. പിന്നെ ബ്രാണ്ടി കുടിച്ചും സിഗരറ്റു വലിച്ചും ഒപ്പം കൂടുന്ന പലിശക്കാരി മറിയം, ഇവർക്കൊപ്പം നിൽക്കുന്ന തന്റേടിയായ സ്ത്രീ കഥാപാത്രമായി പ്രത്യക്ഷപ്പെടും.
ഒരിക്കൽ ജീവിച്ചിരുന്ന വ്യക്തികളെ നാടിന്റെ വീര ഗാഥകളിൽ നിന്നും ഉയിർത്തെഴുന്നേൽപ്പിക്കുമ്പോൾ എവിടെയോ ആ കഴിഞ്ഞ കാലവുമായി ഉള്ള ബന്ധം സിനിമയിൽ നിന്നും അകന്നു പോകുന്നുണ്ട്. കാട്ടാളൻ പൊറിഞ്ചു എന്ന ജോജു കഥാപാത്രം സിനിമയുടെ മുതൽക്കൂട്ടായി കാണാം. ഒപ്പം ചെമ്പന്റെ കഥാപാത്രവും ജോസും അതെ നിലയിൽ പ്രകടനം കാഴ്ച വയ്ക്കുന്നു. ഇതിനു മുൻപ് ഇറങ്ങിയ ജോഷി ചിത്രമായ 'ലൈല ഓ ലൈല'യിൽ പോലും ഉണ്ടായിരുന്ന ഉദ്വേഗ ഭരിതമായ മുഹൂർത്തങ്ങൾ എവിടെയോ നേർത്തു പോകുന്നതായി പൊറിഞ്ചു മറിയം ജോസിൽ അനുഭവപ്പെടുന്നുണ്ട്.
ഒരു കട്ട ലോക്കൽ സ്റ്റോറി പ്രതീക്ഷിക്കുന്നവർക്കോ, തൃശൂരിലെ കഴിഞ്ഞ കാലം അയവിറക്കുന്നവർക്കോ സിനിമയിലെ ഉള്ളടക്കം നൊസ്റ്റാൾജിയ നൽകിയേക്കും.
