സച്ചിയേട്ടൻ പോയിട്ടും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മയെഴുത്തുകൾ ഒടുങ്ങിയിട്ടില്ല. മഴ തീർന്നാലും മരം പെയ്യും. സ്മരണകളുടെ സൂകരപ്രസവമെന്നൊക്കെ അതിനെ കളിയാക്കരുതേ. ഓർക്കാൻ ഒരുപാടവശേഷിപ്പിച്ച മനുഷ്യരെക്കുറിച്ചുള്ള ഓർമ്മകളും അധികമാവുക സ്വാഭാവികം.
ചിലരുണ്ട്. പരിചയപ്പെടുന്ന ആരിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടു പോകുന്നവർ. മറ്റു ചിലരുണ്ട്. ഓർക്കത്തക്കതായൊന്നും ഒരാളിലും അവശേഷിപ്പിക്കാതെ പോകുന്നവർ. അഥവാ, ആരും ഓർക്കാനേ ഇഷ്ടപ്പെടാത്തതൊക്കെ വലിച്ചെറിഞ്ഞ് മറ്റു മനുഷ്യരുടെ ഓർമ്മപ്പാത്രങ്ങളെ കുപ്പത്തൊട്ടികളാക്കി തീർക്കുന്നവർ.അത്തരക്കാരോട് താരതമ്യപ്പെടുത്തരുത് പരിചയപ്പെട്ടവരുടെ കരളുകളിൽ സ്നേഹാക്ഷരങ്ങൾ കുറിച്ചിട്ടു മറഞ്ഞവരെ.
ഹലോ സിനിമയുടെ നിർമാതാവായ ജോയ് തോമസ് ശക്തികുളങ്ങരയ്ക്ക് എറണാകുളത്ത് ചെമ്പുമുക്കിനടുത്ത് ഒരു ഗസ്റ്റ് ഹൗസ് ഉണ്ടായിരുന്നു. ഡാഡി കൂൾ സിനിമയുടെ എഴുത്തു ജോലികൾക്കായി സംവിധായകൻ ആഷിക് അബുവിനൊപ്പം ആ വീട്ടിൽ കുറച്ചുകാലം കഴിയേണ്ടി വന്നിരുന്നു. അതിനു മുൻപ് ചോക്ലേറ്റ് സിനിമയുടെ എഴുത്തിനായി സച്ചിയേട്ടനും അവിടെ താമസിച്ചിരുന്നു. അവിടുത്തെ കെയർടേക്കർമാർ പറഞ്ഞാണ് ആദ്യമായി സച്ചിയുടെ അപദാനങ്ങൾ കേൾക്കുന്നത്.
advertisement
AlsoRead
Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം
ഒറ്റയാനായ ഒരു റിബലിന് സ്വാഭാവികമായി ലഭിക്കുന്ന 'സ്ഥലത്തെ പ്രധാന എതിരൻ' ഇമേജായിരുന്നു സിനിമാലോകത്ത് പൊതുവേ സച്ചി എന്ന പുതുമുഖ എഴുത്തുകാരന് അക്കാലത്ത് കിട്ടിയത്. കേട്ടറിഞ്ഞ സച്ചിയെ ആദ്യമായി കണ്ടറിഞ്ഞത് സംവിധായകൻ ലാലിന്റെ വീട്ടിൽ വെച്ചാണ്. ലാലേട്ടന്റെ പടമുകൾ പ്രദേശത്തുള്ള വെറ്റിലക്കാരൻ വീട്ടിൽ വെച്ചായിരുന്നു ഞങ്ങൾ ഏറ്റവുമധികം തവണ കണ്ടുമുട്ടിയിട്ടുണ്ടാവുക. ലാലേട്ടനായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്റെ വിശുദ്ധ മധ്യസ്ഥൻ.
ഞാൻ എഴുതിയ 'പാവാട' എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ക്രൂ ഒക്കെ ട്രാവൻകൂർ കോർട്ട് ഹോട്ടലിലായിരുന്നു താമസം. കിംഗ് ലയർ സിനിമയുടെ എഴുത്തും ആ സമയത്ത് കൊണ്ടുപിടിച്ചു നടക്കുകയായിരുന്നു. ചർച്ചകൾ നടത്താനുള്ള സൗകര്യം പ്രമാണിച്ച് ലാലേട്ടനും ട്രാവൻകൂർ കോർട്ടിൽ ഒന്നു രണ്ടു ദിവസം മുറിയെടുത്തു താമസിച്ചിരുന്നു. ഒരു സീൻ വർക്കൗട്ട് ആകുമോ എന്ന് സംശയം വന്നപ്പോൾ അത് ദൂരീകരിക്കാൻ എന്താണ് വഴി എന്ന് ലാലേട്ടനോട് അന്ന് ഞാൻ ചോദിച്ചിരുന്നു. ലാലേട്ടൻ സംശയം തീർക്കാനുള്ള മറുമരുന്ന് അപ്പോൾത്തന്നെ പറഞ്ഞു.
"നമുക്ക് സച്ചിയോട് ചോദിക്കാം."
ഫോണിൽ ബന്ധപ്പെട്ടപ്പോൾ, "ലാലേട്ടൻ ഫോണിൽ കൂടി കഥപറഞ്ഞ് ബുദ്ധിമുട്ടേണ്ട, ഞാൻ അങ്ങോട്ട് വരാം."
എന്നായി പുള്ളിക്കാരൻ.
വന്നു പത്തു മിനിറ്റിനുള്ളിൽ ചർച്ച ചെയ്തു ഞങ്ങൾ അതിനൊരു തീരുമാനമാക്കി. പക്ഷേ, പത്തു മണിക്കൂറെങ്കിലും കഴിഞ്ഞായിരിക്കും സച്ചിയേട്ടനന്ന് മുറി വിട്ടുപോയത്. ഹോട്ടൽമുറിയിൽ നിന്നേ സച്ചിയേട്ടനന്ന് പോയുള്ളൂ. അന്നുമുതൽ സൗഹൃദത്തിന്റെ മുറിയിൽ അദ്ദേഹം സ്ഥിരതാമസക്കാരനായി മാറുകയായിരുന്നു. എന്തുമാത്രം കഥകളായിരുന്നു ഞങ്ങളന്ന് പങ്കുവെച്ചതും പറഞ്ഞുചിരിച്ചതും.
സച്ചി
ലാലേട്ടനുമായി ബന്ധപ്പെട്ട് തന്നെയാണ് മറ്റൊരു സച്ചിയോർമ്മ.
ലാലേട്ടന്റെ അമ്മ മരിച്ച ദിവസം. ഒരുപാട് സിനിമാപ്രവർത്തകർ ആശുപത്രിയിൽ നിന്ന് മൃതദേഹം എത്തുന്നതും കാത്തു പടമുകൾ വീട്ടിൽ ഉണ്ടായിരുന്നു. ഒരു കോണിൽ മാറി നിന്നിരുന്ന എന്നെ സച്ചിയേട്ടൻ പിന്നിൽ വന്നു തോണ്ടി വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ പിന്നാലെ ചെല്ലാൻ ആംഗ്യം കാട്ടി. അല്പം മാറ്റി നിർത്തിയിട്ട് പുള്ളി കാര്യം പറഞ്ഞു.
"ലാലേട്ടന്റെ അപ്പച്ചിയെ (പിതാവിനെ) അടക്കിയിരിക്കുന്ന കുടുംബക്കല്ലറയിൽ തന്നെയാണ് അമ്മയെയും അടക്കുന്നത്. കല്ലറയിൽ എഴുതി വെക്കാനുള്ള വാചകങ്ങൾ തയ്യാറാക്കാൻ ലാലേട്ടൻ എന്നോട് പറഞ്ഞു. നീ ഇതൊന്നു നോക്കിക്കേ."
കൈയിൽ വെച്ചു തന്ന കടലാസു തുണ്ട് ഞാൻ വായിച്ചു.
"വൈകിയെങ്കിലും വന്നുവല്ലോ. ഇനി എന്നും ഉണ്ടാകും കൂടെ." ഈ അർത്ഥമുള്ള ഒരു ചെറിയ വാചകമായിരുന്നത്.
"ഇത് നല്ലതാണല്ലോ ചേട്ടാ. ഇതിപ്പം എന്നോട് ചോദിക്കേണ്ട കാര്യം ഉണ്ടോ?"ഞാൻ ചോദിച്ചു.
സച്ചിയേട്ടൻ അതിന് മറുപടി പറഞ്ഞത് ഇങ്ങനെയാണ്. "എടാ, അത് അങ്ങനെയല്ല. ഇവിടെ ഒത്തിരി സിനിമാക്കാര് നിൽപ്പുണ്ട്. പലരോടും ഞാൻ ചോദിച്ചാൽ ഇത് നോക്കുക പോലും ചെയ്യാതെ ബെസ്റ്റാണ്, മുറ്റാണ് എന്നൊക്കെ പറയും. നീ ആകുമ്പോൾ ഉള്ള കാര്യം പറയുമല്ലോ. അതുകൊണ്ട് നീ പറഞ്ഞാൽ എനിക്കൊരുറപ്പാ."
സച്ചിയേട്ടൻ സുഖിപ്പിക്കുന്ന വെറും വാക്ക് പറയാത്ത ആളായതു കൊണ്ട് എനിക്കത് ഒരു അവാർഡ് കിട്ടുന്ന പോലുള്ള സന്തോഷമുണ്ടാക്കി. എന്റെ ചിരി കണ്ടപ്പോൾ മുൻപ് പലപ്പോഴും ചെയ്തിട്ടുള്ളത് പോലെ സച്ചിയേട്ടൻ അപ്പോഴും എന്നെ ചേർത്ത് പിടിച്ചു. എന്നിട്ട് കേക്കിന്റെ മുകളിൽ ചെറി വയ്ക്കുന്നത് പോലെ വാക്കിന്റെ മധുരത്തിന് മുകളിൽ ചങ്കിന്റെ ചുവപ്പുള്ള സ്നേഹം കൂടി വെച്ചു കൊണ്ടു പറഞ്ഞു.
"എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാടാ" ഞാനാ താടിയുള്ള കവിളിൽ ഒരു ഉമ്മകൊടുത്തു.
പൃഥ്വിരാജ് പറഞ്ഞത് കൃത്യമാണ്. പക്ഷേ, നിങ്ങൾ ആ പ്രിയപ്പെട്ട നടന്റെ മാത്രമല്ല പരിചയമുള്ള ഒരുപാട് പേരുടെ ഹൃദയത്തിന്റെ ഒരു ഭാഗവും കൊണ്ടാണ് പൊയ്ക്കളഞ്ഞത് സച്ചിയേട്ടാ. ഒരു പരിചയവുമില്ലാത്ത എത്രയോ ജനങ്ങൾ ആ പിരിഞ്ഞു പോകലറിഞ്ഞു തരിച്ചിരുന്നുപോയി. ചിരകാല പരിചയമൊന്നുമില്ലായിരുന്നെങ്കിലും എന്റെ ചങ്കിലുമൊന്ന് കോറി വരഞ്ഞിട്ടാണല്ലോ സച്ചിയേട്ടാ നിങ്ങൾ കടന്നുപോയത്.
കാലം മുറിവുകൾ ഒക്കെ പൊറുപ്പിക്കും. പക്ഷേ എത്ര പൊറുത്താലും വടു മായാത്ത ചില മാരക മരണ മുറിവുകൾ ഉണ്ട്. ആ പാട് മാറാത്തത് മുറിവേറ്റവരുടെ മെച്ചം കൊണ്ടല്ല. മരിച്ചവന്റെ മഹത്വം കൊണ്ടാണ്. പ്ലാസ്റ്റിക് സർജറി ചെയ്താലും അത് മറയില്ല. അല്ലെങ്കിലും നിങ്ങൾ ഒരിക്കലും പ്ലാസ്റ്റിക് ആയിരുന്നില്ലല്ലോ സച്ചിയേട്ടാ.
സച്ചിദാനന്ദൻ എന്നത് ഭഗവാന്റെ പേരാണ്. ഭഗവാൻമാരെക്കുറിച്ചൊന്നും എനിക്ക് കാര്യമായറിയില്ല. മനുഷ്യരിലാണെന്റെ മൊത്തം വിശ്വാസവും. ഒന്നു മാത്രം എനിക്ക് ഉറപ്പിച്ചറിയാം. നിങ്ങൾ പച്ച മനുഷ്യരുടെ ബ്രാൻഡ് അംബാസഡർ ആയിരുന്നെന്ന കാര്യം. അത്തരക്കാരാണല്ലോ ഭൂമിയുടെ ഉപ്പ്.
ഉപ്പ് ഒരു ലോഡൊന്നും ആവശ്യമില്ല. പക്ഷേ, അതിപ്പോൾ ഒരു നുള്ള് പോലും കിട്ടാനില്ലാത്ത കാലമാണല്ലോ സച്ചിയേട്ടാ...