“സ്ത്രീകൾ സിനിമ ചെയ്യുമ്പോൾ രാഷ്ട്രീയമോ പുരോഗമനമോ പറയും എന്ന് പൊതുവിൽ ഒരു ധാരണയുണ്ട്. അല്ലെങ്കിൽ, കഥാപാത്രം മോട്ടിവേഷൻ നൽകുന്നയാളാവും. കുഞ്ഞുനാൾ മുതൽ കണ്ടുവളർന്ന സിനിമ എന്നെ സംബന്ധിച്ച് എന്റർടെയ്‌നർ ആണ്. സിനിമ കണ്ട് ചിരിക്കുന്നതിനു പുറമേ ചിന്തിക്കാൻ പറ്റിയാൽ അത് ബോണസാണ്. എന്റെ രാഷ്ട്രീയം പറയാൻ ഒരു സിനിമ വേണമെന്ന് പറയുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല. എന്റെ സിനിമയെപ്പറ്റി ഒരു ചർച്ച വരണം എന്ന് ആഗ്രഹമില്ലാത്തയാളാണ് ഞാൻ,” സ്റ്റെഫി വ്യക്തമാക്കുന്നു.
ട്രെയ്‌ലർ നൽകിയ സൂചന പ്രകാരം തിയേറ്ററിൽ പൊട്ടിച്ചിരിയുടെ രസച്ചരട് പൊട്ടുന്നതുകാത്തിരിക്കുന്നവർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. നർമത്തിന്റെ മർമം അറിഞ്ഞ് പ്രയോഗിക്കാൻ ബിന്ദു പണിക്കർ തന്നെയാണ് മുന്നിൽ.
advertisement
“സംവിധാനം ചെയ്യുന്നയാൾ വനിതയെങ്കിൽ ഹ്യൂമർ പറ്റില്ലെന്നാണ് മറ്റൊരു ധാരണ. ഞാൻ ചെയ്തത് വർക് ആവുമോ ഇല്ലയോ എന്നത് പ്രേക്ഷകർ തീരുമാനിക്കേണ്ടതുണ്ട്. ജെണ്ടർ എന്നെ സംബന്ധിച്ചൊരു വിഷയമല്ല. ജെണ്ടർ ന്യൂട്രൽ ആവുന്നതിനോടാണിഷ്‌ടം. വനിതാ സംവിധായക എന്ന ടാഗിനോടു താൽപ്പര്യമില്ല. സ്ക്രിപ്റ്റ് ഇഷ്‌ടപ്പെട്ടതുകൊണ്ടാണ് ‘മധുര മനോഹര മോഹം’ തിരഞ്ഞെടുത്തത്.”
‘മധുരമനോഹര മോഹത്തിൽ’ഉഷാമ്മയാകുമ്പോൾ, ബിന്ദു പണിക്കർ ആ പഴയ ഹ്യൂമർ താരം മാത്രമല്ല. റോഷാക്കിലെ ദിലീപിന്റെയും അനിലിന്റേയും അമ്മ സീതയായി നടത്തിയ തകർപ്പൻ വേഷപ്പകർച്ചയുടെ അലയൊലികൾ പ്രേക്ഷകരുടെ മനസ്സിൽ നിന്നും മായാൻ ഇടയില്ല.
“മധുര മനോഹര മോഹം ഷൂട്ടിങ്ങിനിടയിലാണ് ‘റോഷാക്ക്’ ഇറങ്ങിയത്. ചേച്ചി അഭിനയിക്കുമ്പോൾ റോഷാക്ക് എന്തെന്ന് ഞങ്ങൾ അറിയുന്നില്ല. ചേച്ചിയൊരു വേർസറ്റൈൽ ആക്ടർ ആണ്. തിളക്കത്തിലെയും സൂത്രധാരനിലെയും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലെ കഥാപാത്രങ്ങൾ ഒരേ സമയം ചെയ്ത ചരിത്രമുണ്ട്. എന്റെ കഥാപാത്രമായ ഉഷാമ്മക്കായി ബിന്ദു ചേച്ചി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഈ സിനിമയിൽ ഹ്യൂമറും ഇമോഷണൽ സീനുകളും ഉണ്ട്. രണ്ടും വഴങ്ങുന്നയാളുടെ കയ്യിൽ അത് ഭദ്രമാകുമെന്ന് ഉറപ്പായിരുന്നു.”
കോസ്റ്റ്യൂം ഡിസൈനർ ആയി എത്തി കാലം കുറേ പിന്നിടാൻ കാത്തിരിക്കാതെ സംവിധാനത്തിലേക്ക് :
“സ്കൂളിൽ പഠിക്കുമ്പോൾ മുതലേ കഥ പറയാൻ താല്പര്യമുണ്ടായിരുന്നു. കേൾക്കാൻ തയാറായി കൂട്ടുകാരുമുണ്ടായിരുന്നു. അതിനായി സിനിമാക്കഥ നിർബന്ധമായിരുന്നില്ല. ഞാൻ പറയുന്ന കഥകൾ കേൾക്കുമ്പോൾ ഒപ്പം സഞ്ചരിച്ചത് പോലെ തോന്നിയെന്ന് കൂട്ടുകാർ പറയുമായിരുന്നു. അൽപ്പം സൗണ്ട് ഇഫക്റ്റോടു കൂടി ക്‌ളാസിൽ പുസ്തകം വായിക്കുന്നതായിരുന്നു മറ്റൊരു വിനോദം. പക്ഷേ, സിനിമയ്ക്ക് അതുപോരല്ലോ. അതിനുള്ള അനുഭവ സമ്പത്ത് സിനിമാ മേഖലയിലെ പ്രവർത്തിപരിചയത്തിൽ നിന്നുമുണ്ടായതാണ്.
സിനിമാ സെറ്റ് അന്യമല്ല. സ്കൂൾ, കോളജ് കാലം കഴിഞ്ഞ്, പൊതുജനങ്ങളെ കാണുന്നത് സിനിമാ സെറ്റിലാണ്. ബന്ധങ്ങളും പരിചയങ്ങളും ഇവിടെയാണ്. സെറ്റിൽ കോസ്റ്റ്യൂം തിരക്കുകൾക്കിടയിൽ ടെക്നിക്കൽ വശം പഠിക്കാൻ സമയം കിട്ടാറില്ല. കഥയും, താരങ്ങളും, നിർമാതാവും റെഡി ആയി, ഇനി സിനിമ ചെയ്യാം എന്ന ലാഘവത്തോടെ ഞാൻ ഇറങ്ങിത്തിരിച്ചിട്ടില്ല. അറിയാത്തത് അറിയുന്നവരിൽ നിന്നും ചോദിച്ചു പഠിച്ചും, ആറുമാസക്കാലം പഠനം നടത്തിയുമാണ് സംവിധാനം തുടങ്ങിയത്. ഇത്രയും ചെയ്യാൻ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നു. എന്റെ അസ്സോസിയേറ്റ് സനോജ് ആദ്യമായി സ്വന്തം നിലയിൽ കോസ്റ്റ്യൂം ഡിസൈനർ ആവുന്ന ചിത്രം കൂടിയാണിത്.
കുറച്ചു നാളുകൾക്ക് മുൻപ് പൃഥ്വിരാജ് 500 രൂപയുടെ ഷർട്ട് സിനിമയ്ക്കായി ഇടും എന്ന സ്റ്റെഫിയുടെ പരാമർശം ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്ത ശൈലികളും പ്രവർത്തിപരിചയവുമുള്ള താരങ്ങൾക്ക് വസ്ത്രമൊരുക്കുമ്പോൾ, സ്റ്റെഫി നടത്തിയ ചില നിരീക്ഷണങ്ങളുണ്ട്.
“പൃഥ്വിരാജ് 500 രൂപയുടെ ഷർട്ട് ഇട്ട കാര്യം പറഞ്ഞതിന്റെ താഴെ ചിലർ വന്ന് ‘അതെന്താ 500 രൂപയുടെ ഷർട്ട് ഇട്ടാൽ’ എന്ന് കമന്റ് ചെയ്തത് കണ്ടിരുന്നു. ആർട്ടിസ്റ്റുകൾ ഒരിക്കലും ഡിമാൻഡ് ചെയ്യാറില്ല. കഥാപാത്രം എന്തെന്ന് അവർ മനസ്സിലാക്കുന്നുണ്ട്. വീട്ടിൽ നിന്നും ധരിച്ചു വരുന്ന വേഷമല്ല വേണ്ടത് എന്നവർക്കറിയാം.
ഒരു കഥാപാത്രത്തെ കുറിച്ച് ഡയറക്ടർ, ആർട് ഡയറക്ടർ, ക്യാമറാമാൻ എന്നിവർക്കൊപ്പം ഇരുന്ന് സ്കെച്ചോ, പ്ലാനോ റെഫറൻസോ നോക്കാറുണ്ട്. ചിലർ അവർക്കുള്ള അലർജി പ്രശ്നങ്ങളോ, ചില വസ്ത്രങ്ങൾ ശരീരത്തിൽ പിടിച്ചുകിടന്നാലത്തെ ബുദ്ധിമുട്ടിനെക്കുറിച്ചോ പറയാറുണ്ട്. അതെല്ലാം മനസിലാക്കിയ ശേഷമാണ് കോസ്റ്യൂം ഉറപ്പിക്കുക. ഒരാൾ കംഫർട്ടബിൾ അല്ലാത്തത് ധരിപ്പിച്ച് ഞങ്ങൾ ബുദ്ധിമുട്ടിക്കില്ല. ആർട്ടിസ്റ്റുമാർക്ക് കോസ്റ്റ്യൂം ഡിസൈനേഴ്‌സിന്റെ ജോലിയോട് ബഹുമാനമുണ്ട്”
നായികാ നായകന്മാർ തുടങ്ങി ജൂനിയർ ആർട്ടിസ്റ്റുമാർക്ക് വരെ വസ്ത്രം തിരഞ്ഞെടുക്കേണ്ട വെല്ലുവിളി നിറഞ്ഞ തൊഴിലാണ് കോസ്റ്റ്യൂം ഡിസൈനിങ് എന്ന് പൊതുജനത്തിനോ പ്രേക്ഷകർക്കോ അവഗാഹമുള്ള കാര്യമാവില്ല. ആ ചുമതല കൃത്യമായി നിറവേറ്റേണ്ടവർ കൂടിയാണ് കോസ്റ്റ്യൂം കൈകാര്യം ചെയ്യുന്ന ഡിസൈനർമാർ.
“കടയിൽ പോയി ഒരു ഷർട്ട് വാങ്ങി വരാൻ 10 മിനിറ്റെങ്കിലും നമ്മൾ ചിലവിടില്ലേ? സിനിമയിൽ സോക്സ്, ഷൂ, ബെൽറ്റ്, കമ്മൽ, മാല, വള എന്നുതുടങ്ങി ബനിയനും കർച്ചീഫും വരെ വാങ്ങി വരണം. ജൂനിയർ ആർട്ടിസ്റ്റ് ഉൾപ്പെടെ ഉള്ളവർക്കത് വേണ്ടിവരും. അതിനു വേണ്ടി സമയം ഇൻവെസ്റ്റ് ചെയ്യുന്നുണ്ട്. ഈ വസ്ത്രങ്ങൾ സംവിധായകനുൾപ്പെടെ ഇഷ്‌ടപ്പെടണം, പ്രൊഡക്ഷന് ബഡ്ജറ്റിൽ ഒതുങ്ങുന്നതാവണം. ഒട്ടേറെ കാര്യങ്ങൾ മാനേജ് ചെയ്യണം. എന്തെങ്കിലും എടുത്തുകൊണ്ടു വന്നു കൊടുക്കാം എന്ന ധാരണ തെറ്റാണ്. ഇതിനിടയിൽ ഉടലെടുക്കുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. മാനേജ്‌മന്റ് കൂടി പഠിക്കേണ്ടതുണ്ട് എന്ന് തോന്നാറുണ്ട്.
ഫാഷൻ ഡിസൈനിങ്ങിലെ ഡിഗ്രിയും, കുട്ടിക്കാലം മുതൽ സിനിമയിലെ വസ്ത്രാലങ്കാരം കണ്ടുള്ള പരിചയവുമാണ് സ്റ്റെഫിയെ സിനിമയിലേക്കാകർഷിച്ചത്.
“സിനിമയിൽ ഞാൻ അസ്സിസ്റ് ചെയ്തിട്ടില്ല. ഡിഗ്രി ആയിരുന്നു എന്റെ ഏക പിൻബലം. ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള തിയറി ബേസ് കൈമുതലായിരുന്നു. പക്ഷേ അതൊരു വിഷയമേയല്ല. ഞാൻ ആരാധനയോടെ കാണുന്ന എസ്.ബി. സതീശൻ എന്ന ഡിസൈനർ മലയാളത്തിലുണ്ട്. ലാലേട്ടന്റെ ‘ഗുരു’, കമൽഹാസൻ സാറിന്റെ ‘ഇന്ത്യൻ 2’, ഒക്കെ അദ്ദേഹമാണ് ചെയ്തത്. എവിടെയും പോയി ഡിസൈനിങ് പഠിച്ചയാളല്ല. അങ്ങനെയൊരാൾ ഇതുവരെ ചെയ്തത് കാണുമ്പോൾ, ഇതിലൊന്നും ഒരു കാര്യവുമില്ല എന്ന് തോന്നിപ്പോകും.”
ആദ്യമായി സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ എത്തുന്നതിനൊപ്പം തന്നെ, താൻ പിറക്കും മുൻപേ ഇറങ്ങിയ മറ്റൊരു സിനിമയ്ക്ക് കോസ്റ്റ്യൂം ചെയ്തതിന്റെ ക്രെഡിറ്റും സ്റ്റെഫിക്കുണ്ട്.
“മൈ ഡിയർ കുട്ടിച്ചാത്തൻ റീമാസ്റ്റർ ചെയ്ത് ഇറങ്ങുമ്പോൾ ചില സീനുകൾ റീ ഷൂട്ട് ചെയ്തിരുന്നു. ആ ഭാഗങ്ങളിൽ ഞാൻ കോസ്റ്യൂം ഡിസൈനർ ആയി. ഞാൻ ജനിക്കുന്നതിനും മുൻപേ ഇറങ്ങിയ സിനിമയിൽ കോസ്റ്യൂം ചെയ്യാൻ കഴിഞ്ഞെന്ന സന്തോഷമുണ്ട്,” സ്റ്റെഫി പറഞ്ഞു.