500 കോടി നേടുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണ് ‘ഗദർ 2’ എന്ന് റിപ്പോർട്ട് പറയുന്നു. ഈ പട്ടികയിൽ ഒന്നാം സ്ഥാനം ഷാരൂഖ് ഖാന്റെ പഠാൻ ആണ് , തൊട്ടുപിന്നിൽ എസ്എസ് രാജമൗലിയുടെ ബാഹുബലി 2 ദി കൺക്ലൂഷൻ ആണ്. അനിൽ ശർമ സംവിധാനം ചെയ്ത ഗദർ 2 ഈ സിനിമകളെ പിന്തള്ളി, ഏറ്റവും വേഗത്തിൽ 500 കോടി ക്ലബ്ബിൽ എത്തുന്ന ഹിന്ദി ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കി. പഠാൻ 28 ദിവസം കൊണ്ട് 500 കോടി നേടിയപ്പോൾ ബാഹുബലി -2, 34 ദിവസം കൊണ്ടാണ് 500 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്.
advertisement
ഗദർ 2 ഓഗസ്റ്റ് 11 നാണ് തിയേറ്ററുകളിലെത്തിയത്. സണ്ണി ഡിയോൾ, അമീഷ പട്ടേൽ എന്നിവർ യഥാക്രമം താരാ സിംഗ്, സക്കീന എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
1971ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. താരാ സിംഗിന്റെയും സക്കീനയുടെയും സന്തോഷകരമായ ദാമ്പത്യജീവിതത്തിന്റെ തുടർക്കഥയാണ് ഇതിൽ കാണിക്കുന്നത്, ഇവരുടെ മകനായ ചരൺജിത്ത് സിംഗ് (2001ൽ പുറത്തിറങ്ങിയ ഗദറിൽ മകനായി എത്തിയതും ഇദ്ദേഹമാണ്) ഇപ്പോൾ വളർന്നു വലുതായിരിക്കുന്നു. ചരൺജിത്ത് സിംഗ് പാകിസ്ഥാനിൽ എത്തുകയും മകനെ രക്ഷിക്കാൻ താരാ സിംഗ് പാകിസ്ഥാനിലേക്ക് പോകുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
നിരവധി താരങ്ങൾ ‘ഗദർ 2’ നെ പ്രശംസിച്ചു രംഗത്ത് വന്നിരുന്നു. ഈ ചിത്രം മനസിനെ സ്പർശിച്ചു എന്നാണ് കരൺ ജോഹർ പറഞ്ഞത്.
അടുത്തിടെ, മുംബൈയിൽ വെച്ച് താരനിബിഡമായ ഒരു ഇവന്റിൽ ‘ഗദർ 2’ വിന്റെ വിജയാഘോഷം നടന്നിരുന്നു. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, വിക്കി കൗശൽ, സാറാ അലി ഖാൻ, ധർമേന്ദ്ര, കാർത്തിക് ആര്യ, സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി തുടങ്ങിയവരും ഇവന്റിൽ പങ്കെടുത്തു.
സീ സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചത്. 2001- ൽ പുറത്തിറങ്ങിയ ഗദർ: ഏക് പ്രേം കഥ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഗദർ 2.