9.04 മില്ല്യൺ ഡിസ് ലൈക്കുകളാണ് സഡക് ടുവിന്റെ ട്രയിലറിന് ലഭിച്ചിരിക്കുന്നത്. നേരത്തെ, പോപ് സ്റ്റാർ ജസ്റ്റിൻ ബീബറുടെ ബേബി വീഡിയോയ്ക്ക് 2010ൽ 18.2 മില്യൺ ഡിസ് ലൈക്ക് ആയിരുന്നു ലഭിച്ചത്. യുട്യൂബ് തന്നെ 2018ൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയ്ക്കാണ് ഏറ്റവും കൂടുതൽ ഡിസ് ലൈക്ക് ലഭിച്ചത്. 18.2 മില്യൺ ഡിസ് ലൈക്ക് ആണ് ആ വീഡിയോയ്ക്ക് അന്ന് ലഭിച്ചത്.
ഓഗസ്റ്റ് 12നാണ് സഡക് ടുവിന്റെ ട്രയിലർ റിലീസ് ചെയ്തത്. എന്നാൽ, സ്വജനപക്ഷപാതത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ട്രയിലറെന്നാണ് ആരോപണം. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു ശേഷമാണ് സ്വജനപക്ഷപാതം സജീവ ചർച്ചയായത്.
സിനിമാ നിർമാതാവായ മഹേഷ് ഭട്ടിന്റെ പുതിയ സിനിമയിൽ അദ്ദേഹത്തിന്റെ തന്നെ മക്കളായ പൂജ ഭട്ട്, ആലിയ ഭട്ട് എന്നിവരും സഞ്ജയ് ദത്തും നിർമാതാവ് സിദ്ധാർത്ഥ് റോയ് കപൂറിന്റെ ഇളയസഹോദരൻ ആദിത്യ റോയ് കപൂറുമാണ് അഭിനയിക്കുന്നത്. സഡക് ടു ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി സുശാന്ത് സിംഗ് രാജ്പുതിന്റെ ആരാധകർ കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യൽ മീഡിയയിൽ സജീവമാണ്.