ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍മ്മാതാവായ വിപുല്‍ ഷായേയും മറ്റ് പ്രവര്‍ത്തകരെയും ഇദ്ദേഹം അഭിനന്ദിച്ചു. ഒപ്പം ഇവരുടെ ജീവിതം ഇനി ഒരിക്കലും പഴയത് പോലെയാകില്ലെന്നും വിവേക് അഗ്നിഹോത്രി മുന്നറിയിപ്പ് നല്‍കി.
” പ്രിയപ്പെട്ട വിപുല്‍ ഷായ്ക്കും സുദീപ്‌തോ സെന്നിനും ദി കേരള സ്റ്റോറിയുടെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. എന്നാല്‍ അശുഭമായ മറ്റൊരു കാര്യം കൂടി നിങ്ങളെ ഈ നിമിഷത്തില്‍ ഓര്‍മ്മിപ്പിക്കുകയാണ്. നിങ്ങളുടെ ജീവിതം ഇനിയൊരിക്കലും പഴയത് പോലെയാകില്ല. നിങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത വിദ്വേഷത്തിന് നിങ്ങള്‍ പാത്രമാകും. പല സമയത്തും നിങ്ങള്‍ക്ക് ആശങ്ക തോന്നിയേക്കാം. എന്നാല്‍ ഓര്‍ക്കുക ഭാരം താങ്ങാന്‍ നിങ്ങളുടെ ചുമലുകള്‍ക്ക് ശക്തിയുണ്ടോയെന്ന് ദൈവം പരീക്ഷിക്കുന്നതാണിത്,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
advertisement
ധര്‍മ്മത്തെ പ്രചരിപ്പിക്കാന്‍ നിങ്ങള്‍ തെരഞ്ഞെടുത്ത മാധ്യമമാണ് സിനിമ എങ്കില്‍ ആ തീരുമാനത്തില്‍ നിന്നും ഒരിക്കലും പിന്നോട്ട് പോകരുത്. ഇന്ത്യയിലെ കഥാകൃത്തുക്കളെ വളര്‍ത്താന്‍ പരിശ്രമിക്കൂ. കഴിവുള്ള യുവാക്കളെ ഈ മേഖലയിലേക്ക് കടന്നുവരാന്‍ സഹായിക്കൂ. ഈ ഇന്‍ഡിക് നവോത്ഥാനം ഭാരതത്തിന്റെ വഴികാട്ടിയായി മാറട്ടേ,’ വിവേക് അഗ്നിഹോത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യയില്‍ ഒരു ചിത്രമെടുക്കുന്ന സമയത്ത് തനിക്കുണ്ടായ ദുരനുഭവങ്ങളെപ്പറ്റിയും വിവേക് തുറന്ന് പറഞ്ഞു.
“സ്വന്തം വിശ്വാസങ്ങളെയും ധാരണകളെയും ചോദ്യം ചെയ്യാന്‍ ജനങ്ങളെ പ്രാപ്തരാക്കുകയെന്നതാണ് കലയുടെ ലക്ഷ്യം എന്ന് മഹാന്‍മാരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ പറയുന്നത് കേട്ടാണ് ഞാന്‍ വളര്‍ന്നത്. സിനിമ ഒരു സമൂഹത്തിന്റെ തന്നെ പ്രതിഫലനമാണ്. പഴയ വിഗ്രഹങ്ങളെ പൊളിച്ചെഴുതി പുതിയ വിഗ്രഹങ്ങളെ പ്രതിഷ്ഠിക്കലാണ് സിനിമ ചെയ്യുന്നതെന്നും ഞാന്‍ കേട്ടിട്ടുണ്ട്. തിന്മ ശക്തമായി നിലനില്‍ക്കുന്ന അവസരത്തില്‍ അതിനെ കലയിലൂടെ തുറന്ന് കാട്ടുക എന്നത് ഒരു കലാകാരന്റെ ധര്‍മ്മമാണ് എന്ന അലിഖിത നിയമം നിലനില്‍ക്കുന്നുണ്ട്. ഞാന്‍ കേട്ടത് തെറ്റാണോ? ഒരിക്കലുമല്ല. ഈ ചിന്ത ശരിയാണ്. എന്നാല്‍ അത് പറയുന്ന ആള്‍ക്കാരാണ് തെറ്റ്,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും ചെയ്യാന്‍ കഴിയാത്ത പലതും ചെയ്യാന്‍ കഴിവുള്ള മാധ്യമമാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു. അസ്വസ്ഥമായ യാഥാര്‍ത്ഥ്യത്തെ ചിത്രീകരിക്കാന്‍ ഒരു സിനിമയ്ക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരിത്രത്തെ തിരുത്താന്‍ സിനിമയ്ക്ക് കഴിയും. സാംസ്‌കാരിക യുദ്ധത്തെ ചെറുക്കാനും സിനിമ എന്ന മാധ്യമത്തിന് കഴിയുമെന്നും വിവേക് അഗ്നിഹോത്രി ചൂണ്ടികാട്ടി. എന്നാല്‍ ഇന്ത്യയില്‍ സിനിമ നിര്‍മ്മിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
” ബുദ്ധ ഇന്‍ എ ട്രാഫിക് ജാം, ദി താഷ്‌ക്കന്റ് ഫയല്‍സ്, ദി കശ്മീര്‍ ഫയല്‍സ്, എന്നിവയിലുടെ ഞാന്‍ അക്കാര്യം തിരിച്ചറിഞ്ഞതാണ്. ശാരീരികമായും മാനസികമായും സാമൂഹികമായും ഞാന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇന്‍ഡിക് നവോത്ഥാനത്തിന് തിരികൊളുത്തുക എന്ന ദൗത്യം ദുര്‍ബല ഹൃദയര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. എല്ലാം ത്യജിക്കാന്‍ നിങ്ങള്‍ തയ്യാറാകണം. ഭാവി തലമുറയ്ക്കായി ഒരു സ്വര്‍ഗ്ഗം പണിയാന്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് നരകത്തില്‍ കിടക്കേണ്ടി വന്നേക്കാം. ഈ ദൗത്യം നിര്‍വ്വഹിക്കാന്‍ സരസ്വതി ദേവി എന്നെ തെരഞ്ഞെടുത്തുവെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതിലൂടെ മതമൗലികവാദികള്‍ക്കെതിരെ പോരാടാന്‍ എനിക്ക് ഊര്‍ജം ലഭിച്ചു,” വിവേക് പറഞ്ഞു.
ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ദി കേരള സ്റ്റോറീസ് എന്ന ചിത്രം റിലീസ് ചെയ്തത്. നിലവില്‍ എട്ട് കോടിയോളം കളക്ഷന്‍ നേടി ചിത്രം മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.