ഫീൽ ഗുഡ് ആയി എന്തെങ്കിലും പ്രതീക്ഷിച്ച് കുടുംബസമേതം ടിക്കറ്റ് എടുക്കാം എന്നതാണ് വർഷങ്ങളായി പുറത്തുവരുന്ന ദിലീപ് ചിത്രങ്ങളുടെ മേന്മ. കൂടെ റാഫിയും ചേരുമ്പോൾ കിട്ടാവുന്ന ഗ്യാരന്റിയിന്മേലുള്ള പ്രതീക്ഷ ബോണസ്. പക്ഷേ ഫീൽ ഗുഡ് എത്തിക്കാനും വേണ്ടിയുള്ള കഠിനകഠോര പ്രയത്നമാണ് ‘വോയിസ് ഓഫ് സത്യനാഥൻ’ എന്ന് വിശേഷിപ്പിക്കാം.
ഒരു കാർട്ടൂൺ എന്ന പോലെ കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാനുള്ള എന്തെല്ലാമോ നൽകാൻ സാധിക്കും എന്ന പ്രതീക്ഷയിൽ രണ്ടേകാൽ മണിക്കൂറിൽ ചിത്രത്തിനുള്ളിൽ തിക്കിതിരുകി കയറ്റാവുന്നതിലേറെ ‘വോയിസ് ഓഫ് സത്യനാഥനിൽ’ കയറിക്കൂടിയിട്ടുണ്ട്.
advertisement
ടോം ആൻഡ് ജെറി മാതൃകയിൽ ദിലീപും അയൽവാസിയായ സിദ്ധിഖ് കഥാപാത്രവും തമ്മിലെ ഫൈറ്റും, പ്രൈമറി സ്കൂളിലെ മോറൽ സയൻസ് പുസ്തകത്തിലെ പാഠങ്ങൾ പോലെ അധ്യായങ്ങൾ മറിഞ്ഞു വരുന്ന ഗുണപാഠങ്ങളും അമിതമായി പോയി എന്ന് മാത്രമല്ല, അതെല്ലാം തന്നെ ഈ കാലഘട്ടത്തെക്കാളും വളരെ പിന്നിലല്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
കിട്ടുന്നവേഷങ്ങളിൽ മികച്ച പരീക്ഷണം നടത്താൻ കെൽപ്പുള്ള സിദ്ധിഖ്, ജോജു ജോർജ് എന്നിവരെ ഇങ്ങനെ ഒരു ബലാബലത്തിന് കൊണ്ടുവരേണ്ടിയിരുന്നോ? അൽപ്പമെങ്കിലും പുതുമയുള്ള വേഷം കിട്ടിയയാൾ അഭിരാം രാധാകൃഷ്ണൻ മാത്രമാണ്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷം അഭിരാമിന് നല്ല നിലയിൽ ചെയ്തു നൽകാൻ സാധിച്ചു.
സ്ക്രിപ്റ്റിൽ പലയിടങ്ങളിലും ഒരു ഫാസ്റ്റ് ഫോർവേഡ് ഫീൽ ചെയ്യുന്നുണ്ട്. നിർത്തി പറയേണ്ടിയിരുന്നിടത്തും, കൂടുതൽ കണ്ടന്റിന് സാധ്യതയുള്ള മേഖലകളിലും അനുഭവപ്പെടുന്ന ശൂന്യത ഒഴിവാക്കി ചിത്രം കാണുക ശ്രമകരം. ഗാനങ്ങൾ ഇല്ലാത്ത മലയാള സിനിമയെന്ന പോക്കിൽ, പാട്ട് എന്ന് വിളിക്കാനും വേണ്ടിയൊരു പാട്ട് ഉൾപ്പെടുത്തിയതും ഏച്ചുകെട്ടലായി.
Summary: Review of the movie Voice of Sathyanathan starring Dileep and Joju George