പുല്ലൂരാമ്പാറ സ്വദേശി ജോഷി ബെനഡിക്റ്റ് സംവിധാനം ചെയ്ത 'എ കോക്കനട്ട് ട്രീ' എന്ന എട്ടര മിനുട്ട് ദൈർഘ്യമുള്ള ആനിമേഷൻ ചിത്രമാണ് ഇത്തവണത്തെ മികച്ച അനിമേഷൻ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി മലയാളക്കരക്ക് അഭിമാനമായി മാറിയിരിക്കുന്നത്. പ്രകൃതിയെയും മനുഷ്യനെയും പ്രമേയമാക്കിയതായിരുന്നു ജോഷിയുടെ കരവിരുതിൽ പിറന്ന ഈ ചിത്രം.
മലയോരമേഖലയിലെ ഒരു സാധാരണ വീട്ടമ്മ ഒരു തെങ്ങിൻ തൈ നട്ടുവളർത്തുന്നതും അത് അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തൃശ്ശൂർ ഫൈനാർട്സ് കോളേജിൽ നിന്നും ചിത്രകല പഠനം പൂർത്തിയാക്കിയ ജോഷി ബെനഡിക്ട്, പന്നിമലത്ത്, കൊപ്ര ചേവ്വ് എന്നീ രണ്ട് ഗ്രാഫിക് നോവലുകൾ ഇതിനോടകം രചിച്ചിട്ടുണ്ടെങ്കിലും അനിമേഷൻ ചിത്രം ഇതാദ്യമായാണ് തയാറാക്കുന്നത്. ആദ്യമായി പുറത്തിറക്കിയ ചിത്രത്തിന് തന്നെ അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്നും പുരസ്കാരം മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജമാകും എന്നും ജോഷി ന്യൂസ് 18നോട് പറഞ്ഞു.
advertisement
ഏറെ കാലത്തെ ജോഷിയുടെ ആഗ്രഹം കൂടിയാണ് ഈ ദേശീയ അവാർഡോട് കൂടി സഫലമാവുന്നത്. 2021 ൽ പൂർത്തിയായ ഈ അനിമേഷൻ ഫിലിം 2022 ലാണ് സെൻസർ ചെയ്യുന്നത്. ചിത്രം ബോംബെയിലും മറ്റും നടത്തിയ ഫെസ്റ്റുവെല്ലുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു.
ചിത്രത്തിന്റെ ആശയവും ആവിഷ്കാരവും ഉൾപ്പെടെ ഭൂരിഭാഗം ജോലികളും ജോഷി സ്വയം ചെയ്തതാണെന്നതും പുരസ്കാരത്തിന്റെ മാറ്റുകൂട്ടുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ബിജിപാൽ ആണ്. പുല്ലൂരാം പാറ ആക്കാട്ടു മുണ്ടക്കൽ ബെനഡിക്ട് -മേരി ദമ്പതികളുടെ മകൻ ആണ് ജോഷി ബെനഡിക്ട് ,സ്കൂൾ അധ്യാപികയായ മേരിയാണ് ഭാര്യ , ബെനഡിക്ട് ആണ് മകൻ. ചിത്രകലയിലും കലാസാംസ്കാരിക പ്രവർത്തനങ്ങളിലും ഏറെ തല്പരനായ ജോഷി തിരുവമ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ജനചേതന കലാസാംസ്കാരിക പഠന കേന്ദ്രത്തിന്റെ സജീവ പ്രവർത്തകൻ കൂടിയാണ്.