വിവാഹം പൂർണമായി നെറ്റ്ഫ്ലിക്സിലൂടെ പുറത്തു വരുമെന്ന വാർത്ത വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തതും. ഇപ്പോൾ ആരാധകരെ കൂടുതൽ ആവേശത്തിലാക്കുന്നതാണ് നെറ്റ്ഫ്ലിക്സിന്റെ പുതിയ വീഡിയോ. നെറ്റ്ഫ്ലിക്സിനു വേണ്ടി സംവിധായകൻ ഗൗതം മേനോനാണ് താരവിവാഹം സംവിധാനം ചെയ്തത്.
അതിമനോഹരമായ മാന്ത്രിക കഥ പോലെ നടന്ന താരവിവാഹം കാണാൻ അൽപം കൂടി കാത്തിരിക്കൂവെന്നാണ് വീഡിയോ പുറത്തുവിട്ടുകൊണ്ട് നെറ്റ്ഫ്ലിക്സ് അറിയിച്ചിരിക്കുന്നത്. Nayanthara: Beyond The Fairytale എന്നാണ് ലേഡി സൂപ്പർ സ്റ്റാറിന്റെ വിവാഹ ഡോക്യുമെന്ററിക്ക് നെറ്റ്ഫ്ലിക്സ് നൽകിയിരിക്കുന്ന പേര്.
പുറത്തു വന്ന വീഡിയോയിൽ നയൻതാരയെ കുറിച്ച് വിഘ്നേഷ് ശിവൻ പറയുന്നതും വിവാഹത്തെ കുറിച്ച് നയൻതാര പറയുന്നതുമുണ്ട്. കാഴ്ച്ചയിൽ മാത്രമല്ല, അതിസുന്ദരമായ ഹൃദയത്തിന് ഉടമ കൂടിയാണ് നയൻതാരയെന്നാണ് വിഘ്നേഷ് പറയുന്നത്.
വിവാഹ വീഡിയോ ഡോക്യുമെന്റി ഉടൻ പുറത്തിറങ്ങുമെന്നാണ് നെറ്റ്ഫ്ലിക്സ് അറിയിച്ചിരിക്കുന്നത്. ജുലൈ 21 നാണ് നയൻസ്-വിക്കി വിവാഹ ഡോക്യുമെന്ററി പുറത്തിറക്കുന്ന വാർത്ത നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി പുറത്തുവിട്ടത്. വിവാഹ വീഡിയോ സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സിൽ കോടികൾ മുടക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ജൂൺ 9 നായിരുന്നു നയൻതാരയും വിക്കിയും തമ്മിലുള്ള വിവാഹം. മഹാബലിപുരത്ത് നടന്ന ആർഭാഢ വിവാഹത്തിൽ സിനിമാ ലോകത്തെ പ്രമുഖർക്കൊപ്പം താരങ്ങളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വിവാഹദൃശ്യങ്ങൾ പുറത്തു പോകാതിരിക്കാൻ മാധ്യമങ്ങൾക്കു പോലും പ്രവേശനമുണ്ടായിരുന്നില്ല.