നിവിന് ഇത് ഇരട്ടി മധുരത്തിന്റെ വേളയാണ്. ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ ചിത്രമായ കായംകുളം കൊച്ചുണ്ണി തന്റെ ജന്മ ദിനത്തിൽ തന്നെ തിയേറ്ററുകളിൽ എത്തുകയാണ്. ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്താലായ ചിത്രത്തിന്മേൽ പ്രതീക്ഷകൾ ഏറെയാണ്. അത്രയുമുണ്ട് നിവിന് പ്രേക്ഷകരോടുള്ള പ്രതിബദ്ധതയും. ന്യൂസ് 18 മലയാളത്തിനു നൽകിയ അഭിമുഖത്തിൽ നിവിൻ മനസ്സു തുറക്കുന്നു.
1. ജന്മദിനത്തിൽ തന്നെ ചിത്രം എന്നത് മുൻകൂട്ടി തീരുമാനിച്ചതാണോ? നിവിൻ എന്ന നടന് മേലുള്ള ചുമതല എപ്രകാരം വർധിക്കുന്നു?
advertisement
കായംകുളം കൊച്ചുണ്ണിയുടെ വേഷം ലഭിക്കുകയെന്നത് തീർത്തും അഭിമാനകരമാണു. ചിത്രം പ്രഖ്യാപിച്ചതു മുതൽ ഒട്ടേറെ പ്രതീക്ഷകളുണ്ട്. എല്ലാവരും തന്നെ അവരുടെ ഹൃദയവും ആത്മാവും അർപ്പിച്ച ചിത്രമാണിത്. എന്നെ സംബന്ധിച്ചടുത്തോളം ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ആ 160 ഷൂട്ടിംഗ് ദിവസങ്ങൾ. ഒരു വലിയ അനുഭവ പാഠമായിരുന്നു. തീവ്രതയും, ഗാംഭീര്യവും കൊണ്ട് ഇതൊരു തികഞ്ഞ കുടുംബ ചിത്രമാകും. ഞങ്ങൾ നേരത്തെ റീലീസ് ചെയ്യാനിരുന്നെങ്കിലും, എന്റെ ജന്മദിനത്തിൽ ചിത്രം എത്തുന്നുവെന്നത് ഇരട്ടി മധുരമാണ്.
2. ചിത്രത്തിന്റെ ഭാഗമാവുന്നതിനു മുൻപ്, കായംകുളം കൊച്ചുണ്ണിയെക്കുറിച്ചുള്ള താങ്കളുടെ അറിവ് എത്രമാത്രം ഉണ്ടായിരുന്നു? എന്ത് കൊണ്ടാണ് ഈ കഥാപാത്രം ഏറ്റെടുത്ത്?
കായംകുളം കൊച്ചുണ്ണിയെക്കുറിച്ചു ഞാൻ ഒരുപാടു കേട്ടിട്ടുണ്ട്, പിന്നെ അമർ ചിത്ര കഥയിൽ വായിച്ചിട്ടുണ്ട്. ബോബിയും സഞ്ജയ്‌യും (തിരക്കഥാകൃത്തുക്കൾ) കഥാപാത്രത്തെക്കുറിച്ചു നല്ല അവഗാഹമുള്ളവരാണ്. ചെറിയ കാര്യങ്ങൾ പോലും അവർ എനിക്ക് വിശദീകരിച്ചു തന്നു. എന്റെ ഉറ്റ സുഹൃത്തു കായംകുളംകാരനാണ്. അവൻ ഇത് വളരെ എളുപ്പമാക്കി തന്നു.
ബാഹുബലിയെ വെല്ലാൻ കായംകുളം കൊച്ചുണ്ണി
3. ഹേ ജൂഡിലെ മികച്ച പ്രകടനത്തിനു ശേഷമുള്ള ശക്തമായ തിരിച്ചു വരവാണോ കൊച്ചുണ്ണി? ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയ്ക്കു ശേഷം മലയാള സിനിമ താങ്കളെ ഒത്തിരി മിസ് ചെയ്യുകയായിരുന്നു.
ഒരിക്കലും ഒരു തിരിച്ചു വരവല്ല. നിങ്ങൾ അറിയുന്ന പോലെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളക്കും കായംകുളം കൊച്ചുണ്ണിക്കുമിടയിൽ ഒരു ഗ്യാപ് ഉണ്ടായിരുന്നു. ഏതാണ്ട് ഒൻപതു മാസങ്ങൾ, അതായത് 160 ദിവസങ്ങൾക്കു മേൽ വേണ്ടി വന്നു ചിത്രം പൂർത്തീകരിക്കാൻ. കൊച്ചുണ്ണി പോലൊരു ചിത്രത്തിനു ഒത്തിരി തയ്യാറെടുപ്പുകൾ വേണം. ഞാൻ ഇവിടെ തന്നെയുണ്ടായിരുന്നു. അർത്ഥവത്തായ സിനിമ ഇഷ്ടപ്പെടുന്നവരൊക്കെ ഹേ ജൂഡ് അംഗീകരിച്ചിരുന്നു. നിരൂപക പ്രശംസ ഏറ്റു വാങ്ങിയ ചിത്രമായിരുന്നു ഹേ ജൂഡ്.
4. ചിത്രത്തിനായി താങ്കൾ കുതിര സവാരിയും കായിക അഭ്യാസവും പരിശീലിച്ചിരുന്നല്ലോ? ഐതിഹ്യമാല അനുസരിച്ചു കൊച്ചുണ്ണി ഒരു മെയ്യഭ്യാസിയാണെന്നതിനു തെളിവുണ്ട്. എന്നാൽ അക്കാലത്തു കുതിര സവാരിയും മറ്റും ഉള്ളതായി അറിവില്ല. ഇത് സിനിമയ്ക്കു വേണ്ടിയുള്ള ഭാവനാ സൃഷ്ടിയാണോ, അതോ കൊച്ചുണ്ണിയെക്കുറിച്ചു ഒരു പുതിയ വിവരം പ്രേക്ഷകർക്ക് ലഭിക്കുകയാണോ?
ഭീതിയില്ലായ്മക്കും കായിക അഭ്യാസ സാമർഥ്യത്തിനും കേൾവികേട്ട വ്യക്തിയായിരുന്നു കൊച്ചുണ്ണി. ഷൂട്ടിംഗ് സമയത്തു ഇതൊരു വലിയ വെല്ലുവിളിയായിരുന്നു. മാനസികമായും, ശാരീരികമായും എനിക്ക് എന്റെ പരിമിതികൾ മറികടക്കേണ്ടതായി വന്നു. കുതിര സവാരിയെ സംബന്ധിച്ചാണെങ്കിൽ, ഇത് 1830 കാലഘട്ടത്തിൽ രൂപപ്പെടുത്തിയ ചിത്രമാണ്. ഗവേഷണത്തിൽ നിന്നും അക്കാലത്തു കുറച്ചു മനുഷ്യരും കൂടുതൽ മൃഗങ്ങളും ഉണ്ടായിരുന്നുവെന്ന് അറിയാൻ സാധിച്ചു.
ഇത്തിക്കര പക്കിയുടെ ശബ്ദവുമായി കായംകുളം കൊച്ചുണ്ണി ടീസർ
5. മലയാളത്തിൽ കൊച്ചുണ്ണിയെക്കുറിച്ചു ഇറങ്ങുന്ന രണ്ടാമത്തെ സിനിമയാണിത്. ഇതുനു മുൻപു 1966 ൽ സത്യൻ നായകനായി ഒരു കായംകുളം കൊച്ചുണ്ണി ഇറങ്ങിയിട്ടുണ്ടല്ലോ? രണ്ടു ചിത്രങ്ങളും തമ്മിൽ താരതമ്യം ചെയ്യാനാവുമോ?
ഒരിക്കലും കൊച്ചുണ്ണിയെ മറ്റൊരു ചിത്രവുമായി താരതമ്യം ചെയ്യാനാവില്ല. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്നത് തന്നെ ഈ സിനിമയേക്കുറിച്ചു ഒത്തിരി പറയുന്നുണ്ട്. ഈ അടുത്ത കാലം വരെയും കൊച്ചുണ്ണിക്കൊരു അമ്പലം ഉണ്ടെന്ന കാര്യം ഞങ്ങൾ അറിഞ്ഞിരുന്നില്ല. 1830 കാലഘട്ടത്തിലെ ചിത്രമായതു കൊണ്ട് സ്ക്രിപ്റ്റിന് ജീവനേകുക എന്നത് റോഷനൊരു വലിയ ഉദ്യമമായിരുന്നു. മൃഗങ്ങളും, കാള വണ്ടികളും, കഴുതകളും, ബ്രിട്ടീഷ് ഓഫീസർമാരെയും വഹിച്ചുള്ള 200 വള്ളങ്ങൾ കൊണ്ടു വരേണ്ടി വന്നു ഞങ്ങൾക്ക്. ഒരു കാഴ്ച വിസ്മയം എന്ന പോലെ, മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒന്നുമായിരിക്കും ഈ ചിത്രം.
6. റോഷൻ ആൻഡ്രൂസ്, ബോബി-സഞ്ജയ്മാരോടൊപ്പം വർക്ക് ചെയ്യക എന്നത് എങ്ങനെയാണ്? മോഹൻലാൽ ചിത്രത്തിൽ പിന്നീട് കൂട്ടി ചേർക്കപ്പെടുകയാണെന്നു അറിഞ്ഞു. ഇതേക്കുറിച്ചു ആദ്യം മുതലേ നിവിന് അറിവുണ്ടായിരുന്നോ? നിങ്ങൾ ഒന്നിച്ചുള്ള സീനുകൾ എടുത്തപ്പോൾ എന്തു തോന്നി?
ഈ മൂന്നു അതികായൻമാർക്കൊപ്പം (റോഷൻ, ബോബി, സഞ്ജയ്) വേണ്ട എന്നാരെങ്കിലും പറയുമോ? റോഷൻ ആൻഡ്രൂസിനോടൊപ്പം വർക്ക് ചെയ്യാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. നല്ലൊരു സ്ക്രിപ്റ്റിനായുള്ള കാത്തിരിപ്പിലായിരുന്നു. അപ്പോഴാണ് ബോബി സഞ്ജയ് കായംകുളം കൊച്ചുണ്ണിയെ പറ്റി വിവരിക്കുന്നത്. ഞാൻ അദ്ഭുതചകിതനായി. അതെ എന്നു പറയാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. ഇന്ത്യൻ നാടോടിക്കഥകളിലെ ഒരു വലിയ പേരായ കായംകുളം കൊച്ചുണ്ണിയായി അഭിനയിക്കുന്നതിൽ അഭിമാനമാണ്. റോഷൻ ആൻഡ്രൂസ് ലാലേട്ടനോട് ഫോണിൽ സംസാരിച്ച ഉടൻ തന്നെ അദ്ദേഹം ഇത്തിക്കര പക്കിയാവാൻ സമ്മതിക്കുകയായിരുന്നു. എന്റെ ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിക്കാൻ എന്തു കൊണ്ടും അഭികാമ്യൻ. അദ്ദേഹം, ഞങ്ങൾക്കൊപ്പം 12 ദിവസങ്ങൾ ചിലവിട്ടു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടു വളർന്ന എനിക്ക് ഒപ്പം അഭിനയിക്കുക എന്നതു ഒരു സ്വപ്നമാണ്. മാസ്മരികം ആയിരുന്നു ആ 12 ദിനങ്ങൾ.
7. താങ്കളുടെ വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചു ഏതാനും വാക്കുകൾ പറയാമോ? പ്രത്യേകിച്ച് ലവ്, ആക്ഷൻ, ഡ്രാമ. 'ശ്രീനിവാസൻമാർക്കൊപ്പം' താങ്കൾ വീണ്ടും ചേരുകയാണല്ലോ. ഇതൊരു ഭാഗ്യ കൂട്ടുകെട്ടായാണ് മലയാള സിനിമയും പ്രേക്ഷകരും കാണുന്നത്.
ലവ്, ആക്ഷൻ, ഡ്രാമ യുടെ ആദ്യ ഷെഡ്യൂൾ ഞങ്ങൾ പൂർത്തീകരിച്ചു. ഇപ്പോൾ ഞാൻ ഹനീഫ് അദെനി സംവിധാനം ചെയ്തു ആന്റോ ജോസഫ് നിർമ്മിക്കുന്ന മിഖായേലിന്റെ ഷൂട്ടിങ്ങിലാണ്. അത് കഴിഞ്ഞാലുടൻ തന്നെ ഞാൻ ധ്യാൻ ശ്രീനിവാസന്റെ ലവ് ആക്ഷൻ, ഡ്രാമയിൽ തിരികെയെത്തും. സുഹൃത്തുക്കൾക്കൊപ്പം വർക്ക് ചെയ്യുന്നത് സന്തോഷകരമാണ്. അജു വർഗീസും, വിശാഖ് സുബ്രഹ്മണ്യവും ആണ് നിർമ്മാതാക്കൾ. അവർ ഒരിക്കലും നിർമ്മാതാക്കളെന്ന നിലയിൽ പെരുമാറിയിട്ടില്ല. ഞങ്ങൾ ഒരു കുടുംബം പോലെയാണ്. പ്രേക്ഷകർക്ക് ഒരു വിരുന്നു തന്നെയാവും ചിത്രം.