ദേശീയ തലത്തിൽ വരെ ശ്രദ്ധേയമായ ‘സ്ഥാനാർത്തി ശ്രീക്കുട്ടൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിനീഷ് വിശ്വനാഥനും സഹതിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥനും ശക്തമായ വിയോജിപ്പുമായി രംഗത്തെത്തി. കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നുവെന്നും, ആ പ്രകടനത്തിന് ഒരു പരാമർശമെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ആനന്ദ് മന്മഥൻ ഫേസ്ബുക്കിൽ കുറിച്ചു. പുരസ്‌കാരം അർഹിക്കുന്ന എൻട്രികളൊന്നും ഇല്ലെന്ന് പറയുന്ന ലോകത്ത് അവർ തലയെടുപ്പോടെ നിൽക്കുന്നു എന്നാണ് വിനീഷ് വിശ്വനാഥൻ കുറിച്ചത്.
‘‘അങ്ങനെ, അർഹനായ ഒരു ബാലതാരമില്ലെന്ന് വിധികർത്താക്കൾ തീരുമാനിച്ചു. കഴിഞ്ഞ വർഷം നല്ല പെർഫോർമൻസുകൾ കാഴ്ച്ചവച്ച ബാല താരങ്ങൾ ഇല്ലായിരുന്നു എന്ന പ്രസ്താവന കണ്ടപ്പോൾ പറയണമെന്ന് തോന്നി.’’- ആനന്ദ് മന്മഥൻ കുറിച്ചു.
advertisement
ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിൽ കുട്ടികളുടെ വിഭാഗത്തിൽ ഒരു ചിത്രത്തെയും ബാലതാരമായും ആരെയും ജൂറി പരിഗണിച്ചിരുന്നില്ല. ഇതിന് മറുപടിയായി, ‘സ്ഥാനാർത്തി ശ്രീക്കുട്ടൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിനേഷ് വിശ്വനാഥൻ ഫേസ്ബുക്കിൽ കുറിച്ചത് വലിയ ശ്രദ്ധ നേടി. ‘അർഹിക്കുന്ന എൻട്രികളൊന്നും ‘ബെസ്റ്റ് ചൈൽഡ് ആക്ടർ’ വിഭാഗത്തിൽ ഇല്ലെന്ന ലോകത്ത്, അവർ തലയെടുപ്പോടെ നിൽക്കുന്നു.’- എന്നായിരുന്നു കുറിപ്പ്.
മത്സരവിഭാഗത്തിൽ ചിത്രം ഉണ്ടായിരുന്നില്ലേ എന്ന കമന്റുകൾക്ക് മറുപടിയായി ചിത്രം മത്സരത്തിന് അയച്ചിരുന്നു എന്ന മറുപടിയും വിനീഷ് നൽകി. ‘എല്ലാവരോടും കൂടി ഒരിക്കൽ കൂടി പറയുകയാണ്, കുട്ടികളുടെ സിനിമകളുടെ വിഭാഗത്തിൽ നമ്മുടെ സിനിമയും മത്സരത്തിന് ഉണ്ടായിരുന്നു.’ വിനീഷ് കുറിച്ചു. ഒട്ടേറെപേരാണ് സിനിമയിലെ താരങ്ങളെ പരിഗണിക്കാത്തതിനെതിരെയും വിനേഷിനും ആനന്ദ് മന്മഥനും പിന്തുണയുമായും രംഗത്തെത്തിയത്.
