ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിട്ടുവീഴ്ച ചെയ്യപ്പെടുന്നു എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. കേരളാ സർക്കാർ എന്നെ ഇങ്ങോട്ട് വിളിച്ച്, അനുഭവപരിചയമുള്ള ഒരാൾ പുറത്തുനിന്ന് വേണമെന്ന് ആവശ്യപ്പെട്ടപ്പോഴും, 'ഞങ്ങൾ ഇതിൽ ഇടപെടില്ല, നിങ്ങൾക്ക് സ്വന്തമായി തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ട്' എന്ന് പറഞ്ഞപ്പോഴും എനിക്ക് സന്തോഷം തോന്നി. കാരണം, ദേശീയ പുരസ്‌കാരങ്ങളിൽ അത് സംഭവിക്കുന്നില്ല, അവിടെ ഫയലുകളും കെട്ടുകളും അവാർഡ് നേടുന്നത് നമ്മൾ കാണുന്നു. അത്തരത്തിലുള്ള ഒരു ജൂറിയും അത്തരത്തിലുള്ള ഒരു ദേശീയ സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല എന്നാണ് എനിക്ക് പറയാനുള്ളത്- പ്രകാശ് രാജ് പറഞ്ഞു.
advertisement
മഞ്ഞുമ്മൽ ബോയ്സ് എന്ന കഥ സിനിമയാക്കാൻ വളരെ പ്രയാസമേറിയ കാര്യമാണ്. അതിൽ ഒരു സംശയവുമില്ല. അതുകൊണ്ടാണ് ആ സിനിമയ്ക്ക് കൂടുതൽ അവാർഡ് കിട്ടിയത്. അവർക്ക് കുറെ അവാർഡുകൾ കൊടുത്തു എന്ന് കരുതി വീണ്ടും അവാർഡിന് പരിഗണിക്കാതിരിക്കാൻ നിർവാഹമില്ല. അവർ ഈ പുരസ്കാരങ്ങളെല്ലാം അർഹിക്കുന്നുവെന്നും ജൂറി ചെയര്‍മാൻ പറഞ്ഞു.
മത്സരത്തിനെത്തിയ 128 സിനിമകളെക്കുറിച്ച് വിലയിരുത്തിയ പ്രകാശ് രാജ്, ഗുണനിലവാരത്തിന്റെ കാര്യത്തിൽ പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് വ്യക്തമാക്കി. ഈ മികച്ച സിനിമകൾ കണ്ടപ്പോൾ കൂടുതൽ അത്തരത്തിലുള്ള സൃഷ്ടികൾ മലയാളത്തിൽ ഉണ്ടാകട്ടെ എന്ന് ആഗ്രഹിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു.
