നായകൻ: സച്ചിൻ, ജനനം 1999, ബി.ടെക് ബിരുദധാരി, തൊഴിൽരഹിതൻ, എന്നത്തേയും പോലെ നാളെയും നേരം വെളുക്കും എന്ന ആറ്റിട്യൂഡ്, പരാജയ കാമുകൻ, പ്രത്യേകിച്ച് ജീവിത ലക്‌ഷ്യം ഒന്നുമില്ല
നായിക: റീനു, ജനനം 1998, വൻകിട ഐ.ടി. കമ്പനിയിലെ ഫ്രഷ് അപ്പോയ്ന്റ്മെന്റ്, 30 വയസ് വരെയുള്ള ജീവിതത്തെപ്പറ്റി കൃത്യമായ കണക്കുകൂട്ടൽ, കോളേജ് പ്രണയം പൂത്തില്ലെങ്കിലും ഭാവി പങ്കാളിയെ പറ്റി വൻകിട സ്വപ്‌നങ്ങൾ, ജീവിതലക്ഷ്യം മെയിൻ
വളർന്നു വരുന്ന വില്ലൻ: ആദി, റീനുവിന്റെ ബോസ്, ചെറുപ്പക്കാരാനെങ്കിലും പ്രായം വ്യക്തമല്ല, പണത്തിൽ കളിച്ചുവളർന്നവൻ എന്ന് സെൽഫ് തള്ളിലൂടെ സൂചന, പെണ്ണുങ്ങളെ വളയ്ക്കലിൽ പി.എച്ച്.ഡി., നോട്ടപ്പുള്ളികളുടെ ലിസ്റ്റിൽ റീനു
advertisement
സച്ചിനും റീനുവിനും കൂടെയുള്ള ചങ്ക് ബഡികൾ ഓരോന്ന് വീതം. ഇവർ പരസ്പരം കണ്ടുമുട്ടാൻ കാരണമാകുന്ന നഗരം, ഹൈദരാബാദ്. പ്രേമത്തിന് ഒരു 'ലു വാൽ' കേറുന്നത് ആ തെലുങ്ക് ഛായയിൽ നിന്നുമാണ്.
'തണ്ണീർമത്തൻ ദിനങ്ങളിലെ' പ്ലസ് ടു പ്രണയം കഴിഞ്ഞ്, 'സൂപ്പർ ശരണ്യയിലെ' കോളേജ് പ്രണയം വഴി, 'പ്രേമലു'വിൽ നവയുവ കോളേജ് പാസ്ഔട്ടുകളുടെ പ്രേമകഥവരെയെത്തി നിൽക്കുന്നു സംവിധായകൻ ഗിരീഷ് എ.ഡി. അധികം പ്രായവ്യത്യാസം ഉണ്ടെന്നു പറയാൻ സാധിക്കില്ലെങ്കിലും, പ്രണയം എന്ന തീം, മൂന്നു വ്യത്യസ്ത ഘട്ടങ്ങളിൽ നിൽക്കുന്ന യുവതീയുവാക്കളിലൂടെ പറയാൻ ശ്രമിച്ച ഗിരീഷിന്റെ ഏറ്റവും പുതിയ ചിത്രവും ആദ്യ രണ്ടു തവത്തെയും പോലെ നിരാശ നൽകില്ല എന്ന് മാത്രമല്ല, നിരവധി രസക്കൂട്ടുകളിലൂടെ പ്രേക്ഷകരെ കൂടെക്കൊണ്ടുപോവുകയും ചെയ്യും.
മേൽപ്പറഞ്ഞ പടി ലക്ഷ്യബോധമില്ലാത്ത നായകൻ (നസ്ലൻ) കൂട്ടുകാരൻ പോകുന്ന വഴി സ്വയം തെളിക്കാൻ ശ്രമിച്ച് ഹൈദരാബാദ് എന്ന നഗരത്തിൽ എത്തിച്ചേരുന്നു. യാദൃശ്ചികമായി കണ്ടുമുട്ടുന്ന റീനു (മമിതാ ബൈജു) സച്ചിന്റെ മനസ്സിൽ കുടിയേറാൻ ഒന്ന് കണ്ണടച്ച് തുറക്കാനുള്ള സമയമെടുക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കുണുവാവ, ചേട്ടായീടെ മോളൂസ്, ലവർ ആൻഡ് ബെസ്റ്റി ട്രെൻഡ് ആയ കാലത്തിൽ പ്രണയകഥ പറയുമ്പോൾ അതൊരു ട്രോൾ രൂപത്തിൽ തുടങ്ങി അവസാനിക്കാൻ സാധ്യത ഏറെയുള്ളപ്പോൾ അതിലേക്ക് സിനിമ വഴുതിവീഴാതെ ശ്രദ്ധിച്ചുള്ള പോക്കാണ് ഗിരീഷിന്റെയും കൂട്ടരുടെയും.
ഭാവി പങ്കാളിയുടെ മുഖം കൂടി കണ്ടാൽ മാത്രം മതി എന്ന നിലയിൽ, സ്വന്തം ജീവിതം ആർക്കിടെക്റ്റ് വരച്ച പ്ലാനിനേക്കാൾ മികച്ച രീതിയിൽ പ്ലാൻ ചെയ്യുന്ന റീനു അവളെ നോട്ടമിട്ട, അവളുടെ കണ്ടീഷനുകൾക്ക് ഏതാണ്ടെല്ലാ നിലയിലും ചേരുന്ന ആദിക്കാണോ, മുകളിൽ ആകാശം താഴെ ഭൂമി എന്ന മട്ടിൽ ജീവിക്കുന്ന സച്ചിനാണോ പ്രണയം നൽകുക എന്ന ചോദ്യചിഹ്നത്തിന്റെ മുന്നിൽ പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നു. 'ലക്‌ഷ്യം മാർഗത്തെ സാധൂകരിക്കുന്നു' എന്നാണ് നാട്ടുനടപ്പെന്നിരിക്കെ തൊഴിൽരഹിതൻ ടാഗിൽ നിന്നുകൊണ്ട് തരക്കേടില്ലാത്ത അഞ്ചക്കം ശമ്പളമായി വാങ്ങുന്ന റീനുവിന്റെ ഹൃദയത്തിൽ ഇടംനേടാൻ സച്ചിൻ എന്തടവ് പയറ്റും?
ഒറ്റശ്വാസത്തിൽ പറഞ്ഞുതീർക്കാവുന്ന ഈ വൺ-ലൈനറിൽ നർമവും ചേർത്ത് രസകരമാക്കിയാണ് അവതരണം. പുതിയ തലമുറ പടങ്ങൾക്ക് നർമത്തിൽ പഞ്ച് പോരാ എന്ന ആക്ഷേപം 'പ്രേമലു'വിൽ വിലപ്പോകില്ല. ഒറ്റക്കാഴ്ചയ്ക്ക് ചിരിച്ചു മറിയാവുന്ന നർമ മുഹൂർത്തങ്ങൾ ഏറെയുണ്ടെങ്കിലും, തിയേറ്ററിൽ കേറി സിനിമ കാണുന്ന പ്രേക്ഷകർക്ക് എന്തുകൊണ്ടും ഗുണനിലവാരമുള്ള ഹ്യൂമർ നൽകണം എന്നും അത് ഏതുപ്രായക്കാർക്കും 'കലങ്ങണമെന്നും' ഉള്ള ബോധത്തിൽ നിന്നുമായിരിക്കണം അത്തരം നിമിഷങ്ങളും ഡയലോഗുകളും ഈ സിനിമയുടെ ഭാഗമായി മാറിയതെന്നുറപ്പ്.
യുവാക്കളുടെ ഹരമായ നസ്ലൻ, മമിതാ ബൈജു എന്നിവർ മികച്ച ജോഡികളായി സ്‌ക്രീനിൽ തെളിയുന്നു. നസ്രിയയിൽ തുടങ്ങി മലയാള സിനിമാ പ്രേക്ഷകർ സ്നേഹിക്കാൻ ആരംഭിച്ച കൂൾ ഗേൾ ഫീൽ എവിടെയെല്ലാമോ മമിതയിലും പ്രകടം.
ഒരൽപം വികടനായ ആദിയെ അവതരിപ്പിച്ച ശ്യാം മോഹനും, 'ഹൃദയം' സിനിമയിലെ തല്ലുകൊള്ളി കോളേജ് സീനിയർ ആയി പരിചയപ്പെട്ട സംഗീത് പ്രതാപും നായികാ നായകന്മാരെക്കാൾ പലയിടങ്ങളിലും പന്തയത്തിൽ മുന്നിലായി നിൽക്കുന്നത് കാണാം. സ്ക്രിപ്റ്റിന് ബലംകൂടുന്ന ഇടങ്ങളിൽ ഇവരുടെ പ്രകടനം നിർണായകമായി മാറുന്നു. smule ഗായകൻ എന്ന നിലയിൽ ശ്യാം മോഹനെ വർഷങ്ങൾക്ക് മുൻപേ പ്രേക്ഷകർക്ക് കണ്ടുപരിചയമുണ്ട്. അതിഭാവികത്വം ലവലേശം സ്പർശിക്കാതെ കോർപ്പറേറ്റ് ലോകത്തെ ചിത്രത്തിൽ കാണാം.
പടം ഫൈനൽ റൗണ്ടിൽ കേറുമ്പോഴേക്കും ഏതുറക്കത്തിൽ വിളിച്ചാലും സിനിമയെ ഒരുപാടു സ്നേഹിക്കുന്ന പ്രേക്ഷകർ ഒന്ന് തലപൊക്കിയെങ്കിലും നോക്കുന്ന ശ്യാം പുഷ്ക്കരൻ, സിനിമയുടെ സ്ക്രിപ്റ്റിലല്ലാതെ മറ്റൊരിടത്ത് കൈവച്ചാൽ എങ്ങനെയിരിക്കും എന്നതും പ്രേക്ഷകർക്ക് കാണാം.
ഹ്യൂമർ, പ്രണയം, രസം, പൊടിക്ക് അടിപിടി, നല്ല നടന്മാരും നടിമാരും, അത്യാവശ്യത്തിന് ചളി എല്ലാം ഇവിടെ സെറ്റ്. അപ്പൊ പിന്നെ എങ്ങനെയാ കാര്യങ്ങൾ, പടം പാക്കലാമേ?