2004ലാണ് അമിതാഭ് ബച്ചന്‍ നായകനായെത്തിയ ഏത്ബാര്‍ എന്ന ചിത്രം നിര്‍മിച്ചുകൊണ്ട് രത്തന്‍ ടാറ്റ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിക്രം ഭട്ട് സംവിധാനം ചെയ്ത ഈ റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലറില്‍ അമിതാഭ് ബച്ചനെ കൂടാതെ ജോണ്‍ അബ്രഹാം, ബിപാഷ ബസു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജതിന്‍ കുമാറിനൊപ്പം സഹനിര്‍മാതാവായണ് രത്തന്‍ ടാറ്റ ചിത്രത്തിന്റെ ഭാഗമായത്.
വലിയ താരനിരയുണ്ടായിരുന്നിട്ടും ബോക്‌സോഫീസില്‍ ചിത്രം പരാജയമായിരുന്നു. 9.5 കോടി രൂപ ചെലവിട്ട് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് 7.6 കോടി രൂപ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ടാറ്റയുടെ ആദ്യത്തെയും അവസാനത്തേതുമായ ബോളിവുഡ് നിര്‍മാണ സംരംഭമാണ് ഇത്. ടാറ്റയുടെ സിനിമാ മേഖലയിലെ പങ്കാളിത്തം വളരെ ചെറുതാണെങ്കിലും ബിസിനസ് ലോകത്തിനപ്പുറത്തേക്ക് വ്യാപിച്ച ഒരു വ്യക്തിയുടെ ജീവിതത്തിലെ അപൂര്‍വ അധ്യായമായി അത് തുടരും.
advertisement
രത്തന്‍ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരുന്നു. ''ടാറ്റ ഗ്രൂപ്പിനെ മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ ഘടനയെയും രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ച അളവറ്റ സംഭാവനകള്‍ നല്‍കിയ അസാധാരണമായ ഒരു നേതാവായാണ് രത്തന്‍ ടാറ്റ നമ്മളോട് വിട പറയുന്നതെന്ന്'' ചന്ദ്രശേഖരന്‍ പറഞ്ഞു. ടാറ്റയെ ഉപദേഷ്ടാവായും വഴികാട്ടിയായും സുഹൃത്തായും വിശേഷിപ്പിച്ച ചന്ദ്രശേഖരന്‍ അദ്ദേഹം രാജ്യത്തിന്റെ ഭാവി തലമുറയെ പ്രചോദിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.