ചിത്രത്തിൽ നിഗൂഢതയോടെ അവതരിപ്പിച്ച മായക്കാരൻ എന്ന പ്രായമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത് മറ്റാരുമല്ല, നായകനായ ഋഷഭ് ഷെട്ടി തന്നെയാണ്. ഈ കഥാപാത്രത്തിന് ശബ്ദം നൽകിയതും ഋഷഭ് തന്നെയായിരുന്നു. ഋഷഭ് ഷെട്ടിയുടെ 'മായക്കര' എന്ന നിഗൂഢ കഥാപാത്രമായുള്ള അവിശ്വസനീയമായ രൂപമാറ്റം കാണിക്കുന്ന ഒരു പിന്നാമ്പുറ വീഡിയോ ഹോംബാലെ ഫിലിംസാണ് പുറത്തിറക്കിയത്. ബെർമയിൽ നിന്ന് മായക്കരയിലേക്കുള്ള ഋഷഭിന്റെ ഈ പരിവർത്തനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.
ഈ നിഗൂഢ കഥാപാത്രത്തെ ജീവസുറ്റതാക്കിയ മേക്കപ്പ്, വസ്ത്രാലങ്കാരം, ഋഷഭിന്റെ സമർപ്പണം എന്നിവയെല്ലാം വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. ശാരീരിക തീവ്രതയും ആത്മീയ നിഗൂഢതയും ചേർന്ന ഈ കഥാപാത്രം ഋഷഭ് തന്നെയാണ് അവതരിപ്പിച്ചതെന്ന് പലർക്കും മനസ്സിലായിരുന്നില്ല. താരത്തിന്റെ പ്രതിബദ്ധതയെ പ്രശംസിച്ചുകൊണ്ട് നിരവധി ആരാധകരാണ് കമന്റ് ബോക്സിൽ എത്തുന്നത്.
advertisement
കന്നഡ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ 'കാന്താര: അദ്ധ്യായം 1' തിയേറ്ററുകളിൽ 25 ദിവസം പൂർത്തിയാക്കിയതിന്റെ ആഘോഷമായാണ് ഈ ക്ലിപ്പ് പുറത്തിറക്കിയത്.
ഋഷഭ് ഷെട്ടി തന്നെ സംവിധാനം ചെയ്ത ഈ ചിത്രം ഹോംബാലെ ഫിലിംസിന്റെ ഏറ്റവും വലിയ നിർമ്മാണങ്ങളിൽ ഒന്നാണ്. സംഗീത സംവിധായകൻ ബി. അജനീഷ് ലോക്നാഥ്, ഛായാഗ്രാഹകൻ അരവിന്ദ് കശ്യപ്, പ്രൊഡക്ഷൻ ഡിസൈനർ വിനേഷ് ബംഗ്ലാൻ എന്നിവരടങ്ങുന്ന മികച്ച സാങ്കേതിക ടീമാണ് ചിത്രത്തിനായി പ്രവർത്തിച്ചത്.
ഒക്ടോബർ 2-ന് കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴ് ഭാഷകളിലായി റിലീസ് ചെയ്ത 'കാന്താര: അദ്ധ്യായം 1', പ്രാദേശികമായ കഥ പറച്ചിലിനെ ആഗോള പ്രേക്ഷകരുമായി ബന്ധിപ്പിച്ചു എന്ന പ്രത്യേകതയുമുണ്ട്. ഈ ചിത്രം ഋഷഭ് ഷെട്ടിയെ ഇന്ത്യയിലെ മികച്ച ചലച്ചിത്ര നിർമ്മാതാക്കളിൽ ഒരാളായി ഉറപ്പിക്കുന്നു.
