അക്കാദമി അവാർഡിന് ശേഷം നാട്ടു നാട്ടു എന്ന ഗാനം ഏറെ ചർച്ച ചെയ്യപ്പെട്ടു. പാട്ടിന്റെ ചിത്രീകരണ വിശേഷങ്ങൾ ആയിരുന്നു അതിൽ പ്രധാനം. യുക്രെയ്നിലെ കീവിലെ പ്രസിഡൻസ് പാലസിന് മുന്നിലായിരുന്നു ചിത്രീകരണം. എന്തുകൊണ്ടാണ് പാട്ട് യുക്രെയ്ൻ പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നിൽ ചിത്രീകരിച്ചത് എന്ന് സംവിധായകൻ രാജമൗലി തന്നെ വെളിപ്പെടുത്തിയതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. കൊട്ടരത്തിന്റെ വലിപ്പം, നിറം, സ്ഥലത്തിന്റെ വലിപ്പം എന്നിവ ഗാനത്തിന്റെ ചിത്രീകരണത്തിന് മികച്ചതായിരുന്നുവെന്നുമായിരുന്നു സംവിധായകൻ വാനിറ്റി ഫെയര്‍ മാഗസിന്റെ അഭിമുഖത്തില്‍ പറഞ്ഞത്. രാംചരണും ജൂനിയര്‍ എന്‍ടിആറും ഉൾപ്പെടെയുള്ള പ്രധാന താരങ്ങള്‍ ഒഴിക ബാക്കി എല്ലാവരും പ്രൊഫഷണല്‍ നര്‍ത്തകരായിരുന്നു. പാട്ട് ആദ്യം ഇന്ത്യയിൽ ചിത്രീകരിക്കാൻ തീരുമാനിച്ചെങ്കിലും മഴക്കാലമായതിനാലാണ് ഷൂട്ട് മറ്റൊരു രാജ്യത്തിലേക്ക് മാറ്റിയത്. പിന്നീട് തേടി ചെന്ന സ്ഥലം യുക്രെയ്ൻ പ്രസിഡന്റിന്റെ കൊട്ടാരമാണെന്ന് തിരിച്ചറിഞ്ഞതോടെ ലൊക്കേഷൻ വീണ്ടും മാറ്റാൻ ആലോചിച്ചെങ്കിലും അവർ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. തുടർന്നാണ് പാട്ട് യുക്രെയ്നിലെ കീവിലെ പ്രസിഡൻസ് പാലസിന് മുന്നിൽ തന്നെ ചിത്രീകരിച്ചത്. ഇത്തരം രസകരമായ വിശേഷങ്ങൾ അറിയാനാവുമെന്നതാണ് വരാനിരിക്കുന്ന ഡോക്യുമെന്ററിയെ കുറിച്ചുളള പ്രേക്ഷക പ്രതീക്ഷയും.
advertisement
രാം ചരണും ജൂനിയര്‍ എന്‍ടിആറും നായകരായി എത്തിയ ചിത്രത്തില്‍ ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോൺസണ്‍, തമിഴ് നടൻ സമുദ്രക്കനി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഡിവിവി എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ഡി വി വി ധനയ്യയാണ് സിനിമ നിർമിച്ചത്. എം.എം.കീരവാണി ആയിരുന്നു സംഗീതം. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. 80-ാമത് ഗോൾഡൻ ഗ്ലോബ് റെഡ് കാർപെറ്റിൽ സംസാരിക്കവെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് രാജമൗലി പറഞ്ഞിരുന്നു. ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം ഏറെ പ്രതീക്ഷയോടെയാണ് രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്