TRENDING:

നടി ശാരദയ്ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം

Last Updated:

കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതി ലഭിക്കുന്ന 32ാമത്തെ ചലച്ചിത്രപ്രതിഭയാണ് 80കാരിയായ ശാരദ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിന് (JC Daniel Award) നടി ശാരദയെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്. പുരസ്‌കാരം 2026 ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.
ശാരദ
ശാരദ
advertisement

2017ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പി ചെയര്‍പേഴ്‌സണും നടി ഉര്‍വശി, സംവിധായകന്‍ ബാലു കിരിയത്ത് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതി ലഭിക്കുന്ന 32ാമത്തെ ചലച്ചിത്രപ്രതിഭയാണ് 80കാരിയായ ശാരദ.

അഭിനേത്രിയെന്ന നിലയില്‍ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാള സിനിമയ്ക്ക് നേടിത്തന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. അറുപതുകള്‍ മുതലുള്ള രണ്ടു പതിറ്റാണ്ടുകളിലെ മലയാളിസ്ത്രീയെ തിരശ്ശീലയില്‍ അനശ്വരയാക്കാന്‍ ശാരദയ്ക്ക് കഴിഞ്ഞു. ആ കാലഘട്ടത്തിലെ മലയാളിസ്ത്രീയുടെ സഹനങ്ങളെയും ദുരിതങ്ങളെയും നിയന്ത്രിതമായ ഭാവപ്പകര്‍ച്ചകളോടെ അവതരിപ്പിച്ച ശാരദയ്ക്ക് 1968 ല്‍ 'തുലാഭാരം' എന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത്. തുടര്‍ന്ന് 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ 'സ്വയംവരം' എന്ന ചിത്രത്തിലൂടെയും 1977 ല്‍ തെലുങ്ക് ചിത്രമായ 'നിമജ്ജന'ത്തിലൂടെയും അവര്‍ ദേശീയ അംഗീകാരം നേടി. ത്രിവേണി, മുറപ്പെണ്ണ്, മൂലധനം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളില്‍ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദ, കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിക്ക് എന്തുകൊണ്ടും അര്‍ഹയാണെന്ന് ജൂറി വിലയിരുത്തി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1945 ജൂണ്‍ 25ന് ആന്ധ്രപ്രദേശിലെ തെനാലി ഗ്രാമത്തില്‍ വെങ്കിടേശ്വര റാവുവിന്റെയും സത്യവാണി ദേവിയുടെയും മകളായി ജനിച്ച സരസ്വതീദേവി 'ഇരുമിത്രലു' എന്ന ആദ്യ തെലുങ്കു ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ശാരദ എന്ന പേര് സ്വീകരിച്ചത്. മുട്ടത്തു വര്‍ക്കി രചിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത 'ഇണപ്രാവുകള്‍' എന്ന ചിത്രത്തിലൂടെ 1965ല്‍ മലയാള സിനിമയില്‍ അരങ്ങേറി. തുടര്‍ന്ന്, എം.ടിയുടെ തിരക്കഥയില്‍ വിന്‍സെന്റ് സംവിധാനം ചെയ്ത 'മുറപ്പെണ്ണ്', എം.ടിയുടെ തന്നെ തിരക്കഥയില്‍ പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത 'ഇരുട്ടിന്റെ ആത്മാവ്'എന്നീ ചിത്രങ്ങളിലൂടെ ശാരദ മലയാളത്തിന്റെ പ്രിയങ്കരിയായി. ഉദ്യോഗസ്ഥ, യക്ഷി, അടിമകള്‍, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികള്‍, എലിപ്പത്തായം, രാപ്പകല്‍ തുടങ്ങി 125 ഓളം മലയാള സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ഐ.എഫ്.എഫ്.കെയില്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമാനടി ശാരദയായിരുന്നു. 2019ല്‍ നടന്ന 24ാമത് രാജ്യാന്തര ചലച്ചിത്രമേളയിലാണ് ശാരദയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
നടി ശാരദയ്ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം
Open in App
Home
Video
Impact Shorts
Web Stories