ഒരു വർഷത്തേക്ക് ഇതിനോടകം ഏറ്റെടുത്ത പ്രോജക്ടുകൾ വരുന്നുണ്ടെങ്കിലും ഭാവിയിൽ പുതിയ പിന്നണി ഗാന ആലാപനങ്ങളൊന്നും ഏറ്റെടുക്കില്ലെന്ന് അരിജിത് സിംഗ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് താൻ പിന്നണി ഗാനരംഗം വിടുകയാണെന്ന തീരുമാനം അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആരാധകർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന് ഒപ്പം ജോലി ചെയ്യുന്നവർ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. നിലവിൽ താൻ ഏറ്റെടുത്ത എല്ലാ ജോലികളും പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും ആധുനിക ഹിന്ദി ചലച്ചിത്ര സംഗീതത്തെ പുനഃനിർവചിച്ച ഒരു യുഗത്തിന്റെ അവസാനമാണ് അദ്ദേഹത്തിന്റെ തീരുമാനം.
advertisement
പിന്നണി ഗാനരംഗത്തുനിന്ന് പിന്മാറാൻ അരിജിത് സംഗിനെ പ്രേരിപ്പിച്ചതെന്ത്?
തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ച് അദ്ദേഹം സാമൂഹികമാധ്യമമായ എക്‌സിൽ ഒരു പോസ്റ്റ് പങ്കുവെച്ചു. ഇത് പെട്ടെന്ന് ഒരു ആവേശത്തിന്റെ പുറത്ത് എടുത്ത തീരുമാനമല്ലെന്ന് അരിജിത് സിംഗ് വെളിപ്പെടുത്തി.'' ഇതിന് ഒരു കാരണമായി മാത്രം ചൂണ്ടിക്കാണിക്കാൻ കഴിയില്ല. ഒന്നിലധികം ഘടകങ്ങളുണ്ട്. ഞാൻ വളരെക്കാലമായി ഇതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവിൽ അതിനുള്ള ധൈര്യം ലഭിച്ചു, അദ്ദേഹം പറഞ്ഞു. അതിൽ ഒരു കാരണം വളരെ ലളിതമാണ്. എനിക്ക് ഒരു കാര്യത്തിൽ പെട്ടെന്ന് താത്പര്യം നഷ്ടപ്പെടുന്ന പ്രവണതയുണ്ട്. അതുകൊണ്ടാണ് ഞാൻ പലപ്പോഴും എന്റെ പാട്ടുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുകയും അവ തത്സമയം അവതരിപ്പിക്കുകയും ചെയ്യുന്നത്. അപ്പോൾ സത്യം ഇതാ, ഞാൻ വളരെ ക്ഷീണിതനായിരിക്കുന്നു. മുന്നേറുന്നതിന് എനിക്ക് വ്യത്യസ്തമായ സംഗീതം പര്യവേഷണം ചെയ്യേണ്ടതുണ്ട്,'' അദ്ദേഹം വ്യക്തമാക്കി. ''എന്നെ ആത്മാർത്ഥമായി പ്രചോദിപ്പിക്കാൻ കഴിയുന്ന പുതിയ ഗായകരെ കേൾക്കാനുള്ള എന്റെ ആകാംക്ഷയാണ് മറ്റൊരു ഘടകം,'' അരിജിത് പറഞ്ഞു.
''ആശംസകൾ, എല്ലാവർക്കും പുതുവത്സരാശംസകൾ നേരുന്നു. ശ്രോതാക്കൾ എന്ന നിലയിൽ വർഷങ്ങളായി നിങ്ങൾ എന്നോട് കാണിച്ച അതിരറ്റ സ്‌നേഹത്തിന് എന്റെ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു പിന്നണി ഗായകനെന്ന നിലയിൽ ഞാൻ പുതിയ പ്രൊജക്ടുകളൊന്നും സ്വീകരിക്കുകയില്ലെന്ന് ഞാൻ നിങ്ങളെ അറിയിക്കുന്നു. ഈ അധ്യായത്തിന് ഞാൻ അന്ത്യം കുറിക്കുകയാണ്. ഇത് തികച്ചും അവിശ്വസനീയമായ യാത്രയായിരുന്നു,'' സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വിരമിക്കൽ പ്രഖ്യാപനത്തിൽ അരിജിത് സിംഗ് പറഞ്ഞു.
അതേസമയം, സംഗീതം എപ്പോഴും തന്റെ ജീവിത്തിലെ കേന്ദ്രബിന്ദുവായി തുടരുമെന്ന് അരിജിത് സിംഗ് ആരാധകർക്ക് ഉറപ്പു നൽകി. ''ഞാൻ ശരിക്കും അനുഗ്രഹീതനാണ്. നിലവാരമുള്ള സംഗീതത്തിന്റെ ആരാധകനാണ് ഞാൻ. ഭാവിയിൽ സംഗീതത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനും ഒരു എളിയ കലാകാരനെന്ന നിലയിൽ സ്വതന്ത്രമായി സൃഷ്ടികൾ തയ്യാറാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും ഒരിക്കൽ കൂടി നന്ദി,'' അദ്ദേഹം പറഞ്ഞു.
അരിജിത് സിംഗിന്റെ അവസാനത്തെ പിന്നണി ഗാനം
ബാറ്റിൽ ഓഫ് ഗാൽവാനിലെ 'മാതൃഭൂമി' എന്ന ഗാനമാണ് അരിജിത്തിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പിന്നണി ഗാനം. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്ടുകളുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഇനി മുതൽ അദ്ദേഹം തത്സമയ പരിപാടികൾ അവതരിപ്പിക്കുകയും സ്വതന്ത്ര സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
