വിധി എന്തായാലും താനെന്നും അതിജീവിതയോടൊപ്പമായിരിക്കുമെന്ന് ചിന്മയി നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള സർക്കാരിൻ്റെ പുതിയ തീരുമാനത്തെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ്റെ എക്‌സ് പോസ്റ്റ് റീ ഷെയർ ചെയ്താണ് അവർ പ്രതികരിച്ചത്.
"ഇവിടെയാണ് കേരളം റോക്‌സ്റ്റാർ ആവുന്നത്. അതെപ്പോഴും അങ്ങനെയായിരിക്കും. ബലാത്സംഗം ചെയ്യുന്നവരെ വേദികളിൽ കൊണ്ടുവരികയോ അവർക്കൊപ്പം നൃത്തംചെയ്യുകയോ പിറന്നാൾ ആഘോഷിക്കാൻ ജാമ്യമനുവദിക്കുകയോ ചെയ്യില്ല," എന്നായിരുന്നു ചിന്മയിയുടെ പോസ്റ്റ്. വിധി വന്ന ഉടൻതന്നെ ചിന്മയി 'വൗ ജസ്റ്റ് വൗ' എന്നൊരു പോസ്റ്റും പങ്കുവെച്ചിരുന്നു.
വിധി പ്രഖ്യാപനത്തിനു മുമ്പ് അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും ചിന്മയി പോസ്റ്റിട്ടിരുന്നു. "ഇന്നത്തെ വിധി ഏതുവഴിക്കാണെങ്കിലും, ഞാൻ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമായിരിക്കും. നീയൊരു ഹീറോയാണ്. മുമ്പും ആയിരുന്നു, ഇനിയും അങ്ങനെതന്നെയായിരിക്കും. നിനക്കൊപ്പം നിൽക്കുന്നുവെന്ന് നടിക്കുകയും ആവശ്യമായി വന്നപ്പോൾ മൊഴി മാറ്റുകയും ചെയ്ത സ്ത്രീകൾക്കടക്കം എല്ലാവർക്കും 'അർഹിക്കുന്നത്' കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,"—എന്നായിരുന്നു ചിന്മയിയുടെ വാക്കുകൾ.
advertisement
നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ എട്ടാംപ്രതിയായിരുന്ന ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി, ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതായും വിധിച്ചിരുന്നു. ഇവർക്കുള്ള ശിക്ഷയിന്മേൽ ഡിസംബർ 12-ന് കോടതി വാദം കേൾക്കും.
