എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത ട്രൂപ്പിൽ പവലാർ സഹോദരന്മാർ ചേർന്ന നിമിഷം വഴിമാറിയതാണ് സിനിമാചരിത്രം. ഇളയരാജയും ഭാസ്‌കറും ഗംഗൈ അമരനും. പാട്ടുമാത്രം കൈമുതലായി അരവയർ പട്ടിണിയിലായിരുന്ന മൂവരേയും എസ്പിബി ട്രൂപ്പിലെടുത്തു. ഇളയരാജ ഹാർമോണിയത്തിൽ, ഗംഗൈ അമരൻ ഗിത്താറിൽ, ഭാസ്‌കർ തബലയിൽ. അവിടെ എസ്പിബിയുടെ ശബ്ദവിസ്മയം.
അന്നുതൊട്ടിങ്ങോട്ട് പിന്നെ രാഗവും താളവും പോലെ ഒന്നായി ബാലുവും രാജയും. റോയൽറ്റിയുടെ പേരിൽ അവസാനകാലത്തുണ്ടായ താളപ്പിഴ പോലും ഏറെ നീണ്ടുനിന്നില്ല. എന്നും ഇളയനിലാവ് പൊഴിയുന്നതായിരുന്ന ആ യുഗ്മജീവിതം. രാജ ഒന്നുമൂളിയാൽ തന്നെ ബാല അതു രാഗത്തിലെത്തിക്കും.
advertisement
ഇനിയൊരു തലമുറയോടു പറഞ്ഞാൽ വിശ്വസിച്ചെന്നു വരില്ല. ഇളയരാജ ഈണമിട്ട രണ്ടായിരം ഗാനങ്ങളാണ് എസ്പിബി പാടിയത്. ടി.എം. സൗന്ദരരാജനും പി. സുശീലയും വാണ അരങ്ങുകളിൽ നിന്ന് എസ്പിബിയും എസ്. ജാനകിയും എന്ന പുതിയ യുഗ്മം കോർത്തെടുത്തു ഇളയരാജ. ഇളയരാജയുടെ ഈണത്തിൽ എസ് പിബിയുടെ ശബ്ദം വെണ്ണയിൽ താമരനൂൽ എന്നതുപോലെ അലിഞ്ഞുചേർന്നു.