മൂന്നു പേരുടെയും മൊഴി പത്തു മണിയ്ക്ക് എടുക്കുമെന്നാണ് കരുതുന്നത്. മാധ്യമങ്ങളുടെ ചോദ്യത്തിന് ഷൈൻ പ്രതികരിച്ചില്ല. ബെംഗളൂരുവിൽ നിന്നാണ് ഷൈൻ ചോദ്യം ചെയ്യലിന് എത്തിയത്. അവിടെ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ചോളാമെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് ശ്രീനാഥ് ഭാസി നൽകിയ മറുപടി . ഷൈനിനെയും ശ്രീനാഥിനെയും അറിയാമെന്നും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നുമാണ് മോഡൽ സൗമ്യ മാധ്യമങ്ങളോട് പറഞ്ഞത്.
ടെലിവിഷൻ റിയാലിറ്റി ഷോ താരമായ ജിന്റോ, സിനിമ നിർമാതാവിന്റെ സഹായി ജോഷി എന്നിവർക്ക് നാളെ മൊഴി നൽകാൻ എത്താനുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. കേസിലെ ഒന്നാംപ്രതി കണ്ണൂർ സ്വദേശി തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന–43) നടന്മാരും മോഡലുമായി ഫോൺവിളി നടത്തിയെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. ഇവരുമായി തസ്‍ലിമയ്ക്കു സാമ്പത്തിക ഇടപാടുണ്ടെന്നും കണ്ടെത്തി. ലഹരി ഇടപാടിന്റെ ഭാഗമായാണോ സാമ്പത്തിക ഇടപാട് നടന്നതെന്നു ചോദ്യം ചെയ്യലിൽ വ്യക്തമാകും.
advertisement