ഒരു നാരങ്ങാ പോലെ പഴുത്തുണങ്ങി വളരെ വേഗം ഷെൽഫ് ലൈഫ് കഴിഞ്ഞു പോകാത്ത സിനിമകളുടെ ശില്പിയാവാൻ ശ്രീനിവാസന് കഴിഞ്ഞതിനു പിന്നിൽ സമൂഹത്തെ ആഴത്തിൽ പര്യവേഷണം ചെയ്യാനും കാണാനുമുള്ള കാഴ്ചപ്പാടുണ്ട്. സത്യൻ അന്തിക്കാടിനും പ്രിയദർശനും കമലിനും ഹിറ്റുകൾ നൽകിയ ശ്രീനിവാസന്റെ മാന്ത്രിക തൂലികയ്ക്ക് പിന്നിലെ കഥ ദീർഘകാലം അദ്ദേഹത്തോടൊപ്പം സഹകരിച്ചു പ്രവർത്തിച്ച സത്യൻ അന്തിക്കാട് പറയുന്നു.
"ശ്രീനി എഴുത്ത് കച്ചവടമായി കരുതുന്നയാളല്ല. എപ്പോഴും 'ഞാൻ തിരക്കഥയെഴുതിയാൽ ശരിയാവുമോ?' എന്ന് സംശയം പ്രകടിപ്പിക്കാറുണ്ട്. ശരിക്കു പറഞ്ഞാൽ പത്മരാജൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പച്ചയായ ജീവിതത്തിൽ സ്പർശിച്ചു കഥയെഴുതുന്നയാളാണ് ശ്രീനിവാസൻ. എന്നും അപ്പ്ടുഡേറ്റാണ്, സാമൂഹിക നിരീക്ഷണവും പത്രവായനയും ഉണ്ട്. എന്നെക്കാൾ കൂടുതൽ, ആഴത്തിൽ വായനാശീലമുള്ളയാളാണ്. വാരിവലിച്ച് പടങ്ങൾ ചെയ്യില്ല. ഒരു സീനിനെ, അല്ലെങ്കിൽ സീക്വൻസിനെ വേറൊരു എഴുത്തുകാരൻ കാണുന്നതും, ശ്രീനിവാസൻ കാണുന്നതും രണ്ടു വിധത്തിലാണ്. ഉദാഹരണത്തിന് ഒരു പ്രണയ രംഗം, ഒരു പെൺകുട്ടിയോട് പ്രണയം അവതരിപ്പിക്കുന്നത് പല എഴുത്തുകാർക്കും പല രീതിയിൽ പറയാം. ശ്രീനിവാസന്റെ രീതിയിൽ അതിന്റെ തുടക്കവും മറ്റും തികച്ചും വ്യത്യസ്തമാകും. അത് ശ്രീനിവാസന്റെ ചിന്തയിൽ ഉണ്ടാക്കുന്നതാണ്," അദ്ദേഹം പറഞ്ഞു.
advertisement
സത്യൻ അന്തിക്കാട് പറഞ്ഞതിന് യോജിക്കുന്നതാണ് ഒരു പോലീസ് സബ് ഇൻസ്‌പെക്ടർ ഇഷ്‌ടപ്പെട്ട പെണ്ണിനെ വളയ്ക്കാൻ ഇങ്ങനെയെല്ലാം ചെയ്യുമോ എന്ന് പ്രേക്ഷകരെ ചിന്തിപ്പിച്ച 'പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം'. ഇന്നും കല്യാണ ചെക്കൻ പോലീസുകാരനെങ്കിൽ, ഈ പാട്ടിനുള്ള പ്രസക്തി മറ്റൊരു ഗാനത്തിനുണ്ടോ എന്ന് സംശയം.
ഏറ്റവും ഒടുവിൽ യുവതലമുറയുടെ പ്രതിനിധിയായ ഫഹദിനെ വച്ചുള്ള സിനിമയിൽ പോലും തന്റെ നിരീശ്വരവാദ കാഴ്ചപ്പാടും, സ്വന്തം പേരിൽ അപകർഷതാബോധം അനുഭവിക്കുന്ന വ്യക്തികളുടെ നേർചിത്രവും വരച്ചുകാട്ടാൻ ശ്രീനിവാസൻ മറന്നില്ല. 1984 മുതൽ 2018 വരെ 54 സിനിമകൾക്ക് ശ്രീനിവാസൻ രചയിതാവായി.
