ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുയാണ് രാജമൗലിയുടെ ആർആർആര്‍. രജനികാന്ത് ചിത്രം മുത്തുവിന്റെ 24 വർഷത്തെ റെക്കോർഡാണ് തിരുത്തികുറിച്ചത്. 24 കോടിയിലേറെ രൂപയാണ് ചിത്രം ജപ്പാനിൽ നിന്ന് മാത്രം വാരിക്കൂട്ടിയത്.
ഇക്കഴിഞ്ഞ ഒക്ടോബർ 21-നാണ് രാം ചരൺ തേജയും ജൂനിയർ എൻ.ടി.ആറും മുഖ്യവേഷങ്ങളിലെത്തിയ രാജമൗലി ചിത്രം ആർ ആർ ആർ ജപ്പാനിൽ റിലീസ് ചെയ്തത്. താരങ്ങളും അണിയറ പ്രവർത്തകരും റിലീസ് ദിവസം ജപ്പാനിലെത്തിയിരുന്നു. ഇന്ത്യയിലേതിന് സമാനമായ വരവേല്പാണ് ജപ്പാനിലും ചിത്രത്തിന് ലഭിച്ചത്.
403 മില്ല്യൺ യെൻ എന്ന റെക്കോര്‍ഡ് കളക്ഷനാണ് ആർ ആർ ആറിന്റെ ജപ്പാനിലെ ബോക്സോഫീസില്‍ നിന്ന് നേടിയത്. 55 ദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. 100 കിലോമീറ്ററിലേറെ സഞ്ചരിച്ച് ചിത്രം കാണാനെത്തിയ പ്രേക്ഷകരുടെ ട്വീറ്റുകൾ ആർ ആർ ആർ ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ റീ ട്വീറ്റ് ചെയ്തിരുന്നു.
ജപ്പാനിൽ ഗംഭീര വിജയം കൈവരിച്ച മൂന്ന് ഇന്ത്യൻ ചിത്രങ്ങളിൽ രണ്ടും രാജമൗലി സംവിധാനം ചെയ്ത ചിത്രങ്ങളാണ്. ബാഹുബലിയാണ് ഈ പട്ടികയിലെ മൂന്നാം സ്ഥാനത്തുള്ളത്.