കൈകൂപ്പിക്കൊണ്ടാണ് സണ്ണി ഡിയോൾ പാപ്പരാസികളോട് ദേഷ്യം പ്രകടിപ്പിച്ചത്. "ഇങ്ങനെ പിന്നാലെ നടന്ന് ശല്യം ചെയ്യാൻ നിങ്ങൾക്ക് നാണമില്ലേ? നിങ്ങൾക്ക് വീട്ടിൽ അച്ഛനമ്മമാരും കുട്ടികളുമില്ലേ? എന്നിട്ടും ഇങ്ങനെ വിടാതെ പിന്തുടർന്ന് വീഡിയോ പകർത്തുകയാണോ? നാണം തോന്നുന്നില്ലേ?" എന്നാണ് സണ്ണി ഡിയോൾ ചോദിച്ചത്.
വീഡിയോ പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് സണ്ണി ഡിയോളിന് പിന്തുണയുമായി രംഗത്തെത്തി. താരം ദേഷ്യപ്പെട്ടതിൽ കാര്യമുണ്ടെന്നാണ് ഭൂരിഭാഗം പേരുടെയും പ്രതികരണം. സണ്ണി ഡിയോൾ മാധ്യമങ്ങളെ കണ്ടു മടങ്ങിയതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പാപ്പരാസികളെ അവിടെ നിന്ന് മാറ്റുകയും ചെയ്തു. പാപ്പരാസികൾ ധർമേന്ദ്രയുടെ വസതിക്ക് മുന്നിൽ ചുറ്റിത്തിരിയുന്നത് അയൽവാസികളെയും ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
advertisement
മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുതിർന്ന നടൻ ധർമേന്ദ്രയെ (Dharmendra) രണ്ട് ദിവസം മുമ്പാണ് ഡിസ്ചാർജ് ചെയ്തത്. മുതിർന്ന നടൻ ആഴ്ചകളായി ആശുപത്രിയിൽ ഇടവിട്ടിടവിട്ട് ചികിത്സയിൽ കഴിഞ്ഞിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ധർമേന്ദ്ര അന്തരിച്ചു എന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള തെറ്റായ റിപ്പോർട്ടുകൾക്കെതിരെ ഇഷ ഡിയോളും ഹേമ മാലിനിയും രംഗത്തെത്തുകയും ചെയ്തിരുന്നു.
