ദിലീപ്, കാവ്യാ മാധവൻ, ജഗതി ശ്രീകുമാർ എന്നിവർ മുഖ്യവേഷങ്ങൾ ചെയ്ത സിനിമയിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, സലിം കുമാർ, ഇന്ദ്രജിത് സുകുമാരൻ തുടങ്ങി ചെറിയ വേഷം ചെയ്തവരുടെ പോലും പ്രകടനം പറയാതെവയ്യ.
രഞ്ജൻ പ്രമോദിന്റെ രചനയിൽ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് മീശ മാധവൻ. തെലുങ്കിലും കന്നടയിലും റീമേക്കുകൾ പിറന്ന ചിത്രം മലയാള സിനിമയുടെ സുവർണ്ണ കാലത്തിന്റെ ഓർമ്മയായി എക്കാലവും നിലകൊളുന്നു.
ദിലീപിനെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർത്തിയ ചിത്രം തിയേറ്ററുകളിൽ 100 ദിവസം നിറഞ്ഞോടിയിരുന്നു. ചിങ്ങമാസം വന്നു ചേർന്നാൽ... എന്ന ഗാനത്തിലൂടെ റിമി ടോമി പ്രശസ്തയായതും ഈ സിനിമയിലൂടെയാണ്.
advertisement
വിദ്യാസാഗർ ഈണമിട്ട ഗാനങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. പത്തു ഗാനങ്ങളാണ് ഈ സിനിന്മയ്ക്കായി അണിയിച്ചൊരുക്കിയിരുന്നത്.
ഈ ട്രോൾ കാലത്തും ഈ സിനിമയിലെ പല രംഗങ്ങൾക്കും പ്രസക്തിയുണ്ട്. മീശ മാധവനും, അഡ്വക്കേറ്റ് മുകുന്ദനുണ്ണിയും, പിള്ളേച്ചനും, കണികാണിക്കലും മീമുകളായി നമുക്കിടയിൽ കാണാം.
തോക്കിന്റെ പാത്തി കൊണ്ട് പിള്ളേച്ചൻ പട്ടാളം പുരുഷുവിന്റെ അടി വാങ്ങുന്നത്, കണികാണിക്കൽ സീൻ, ചാണകക്കുഴിയിലെ ചാട്ടം, അമ്പലത്തിലെ വെടിവയ്പ്പ് രംഗം, കോടതി രംഗം എന്നിവയെല്ലാം മറക്കാനാവില്ല.
അന്ന് സിനിമയിൽ നിറഞ്ഞു നിന്നിരുന്ന വീടുകൾ ഇന്നെവിടെ എങ്ങനെ എന്ന് കണ്ടിട്ടുണ്ടോ? sreejithz vlog എന്ന യൂട്യൂബ് ചാനലിൽ ചേക്കിന്റെ സ്വന്തം കള്ളനായ മാധവന്റെയും നാട്ടിലെ ഒരേയൊരു പട്ടാളക്കാരനായ പുരുഷുവിന്റെയും വീടുകൾ പരിചയപ്പെടുത്തുന്നു.
ചേക്ക് ഒരു സാങ്കൽപ്പിക ഗ്രാമമാണ്. ഈ ഗ്രാമം ഒരുങ്ങിയത് പാലക്കാട് മങ്കര എന്ന സ്ഥലത്താണ്. കേരളത്തനിമ തുളുമ്പുന്ന വയലേലകളും വഴിത്താരകളും ഈ നാടിന്റെ പ്രൗഢി വിളിച്ചോതുന്നു. ഇവിടെയാണ് ആ ലൊക്കേഷനുകളും (വീഡിയോ ചുവടെ)
പാടത്തിന്റെ കരയിൽ, ഇന്നും മാറ്റങ്ങളേതുമില്ലാതെ സ്ഥിതി ചെയ്യുന്നതാണ് മീശ മാധവന്റെ വീടായ പടിഞ്ഞാക്കര വീട്. സിനിമയിലെ ശ്രദ്ധേയ രംഗങ്ങൾ ചേർത്തുകൊണ്ടാണ് ഈ വീടിനെ പരിചയപ്പെടുത്തുന്നതും.
പിള്ളേച്ചൻ സരസുവിനെ ഒളിഞ്ഞു നോക്കുന്ന രംഗം, പുരുഷുവിന്റെ അടി കൊള്ളുന്ന രംഗം എന്നിവ ചിത്രീകരിച്ചത് 'പാലാട്ട് ഹൗസ്' എന്ന വീട്ടിലാണ്. ഈ വീട്ടിലെ ഗൃഹനാഥൻ ഇന്നും ആ ഓർമ്മകൾ വീഡിയോയിൽ പറയുന്നത് കേൾക്കാം.
ആ വർഷം ഏറ്റവും അധികം ബോക്സ് ഓഫീസ് കളക്ഷൻ നേടി എന്ന ചരിത്രവും മീശ മാധവന് സ്വന്തം.
2003ലാണ് മീശ മാധവൻ തെലുങ്കിൽ നിർമ്മിച്ചത്. രവി തേജയായിരുന്നു നായകൻ. 2010ൽ ഇറങ്ങിയ കന്നഡ പതിപ്പിൽ വിനോദ് പ്രഭാകറാണ് നായകൻ.