കഴിഞ്ഞദിവസം രാവിലെ 11 മണിയോട് കൂടി അതീവ ഗുരുതരാവസ്ഥയിലാണ് വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടത് കൊറോണറി ആർട്ടറിയിലെ സുപ്രധാനമായ രക്തക്കുഴലുകളിലൊന്ന് പൂർണ്ണമായും ബ്ലോക്ക് വന്ന അവസ്ഥയിലായിരുന്നു വിവേക്. ഒരു മണിക്കൂറോളം എടുത്താണ് ഡോക്‌ടർമാർ ആ ബ്ലോക്ക് മാറ്റിയത്. വാക്സിൻ സ്വീകരിച്ചത് കൊണ്ടല്ല ഹൃദയാഘാതം ഉണ്ടായതെന്നും ഡോക്‌ടർമാർ പറഞ്ഞു. പരിശോധനയിൽ വിവേക് കോവിഡ് നെഗറ്റീവ് ആണ്.
ആശുപത്രിയിൽ എത്തിക്കുമ്പോൾ വിവേകിന് മിതമായ രക്തസമ്മർദ്ദം ഉണ്ടായിരുന്നു. മുൻപൊരിക്കലും ഇത്രയും തീവ്രമായ ആരോഗ്യപ്രശ്നങ്ങളുമായി വിവേക് ആശുപത്രിയിൽ വന്നിരുന്നില്ല എന്നും ഡോക്‌ടർമാർ പറഞ്ഞു. കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം വിവേകിനെ പൊതുജനാരോഗ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള സംസ്ഥാന അംബാസഡറായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
advertisement
തമിഴ്നാട്ടിലെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലാണ് വിവേക് കോവാക്സിൻ സ്വീകരിക്കാനെത്തിയത്. ശേഷം അദ്ദേഹം കൂടുതൽപ്പേർ വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടു വരണമെന്നും ആഹ്വനം ചെയ്തു.
59 കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് വിവേക് പറഞ്ഞിരുന്നു. "പൊതുവിടങ്ങളിൽ നമ്മൾ സുരക്ഷിതരായിരിക്കാൻ മാസ്ക് ധരിക്കുകയും, കൈകൾ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക അത്യന്താപേക്ഷിതമാണ്. അതേസമയം ആരോഗ്യപരമായി സുരക്ഷിതരാവാൻ വേണ്ടിയാണ് വാക്സിൻ. നിങ്ങൾ സിദ്ധ, ആയുർവേദ മരുന്നുകൾ, വൈറ്റമിൻ സി, സിങ്ക് ടാബ്ലെറ്റുകളും മറ്റും കഴിക്കുന്നുണ്ടാവും. അതെല്ലാം നല്ലതു തന്നെ. എന്നാൽ നമ്മുടെയെല്ലാം ജീവൻ രക്ഷിക്കാൻ കഴിയുന്നത് വാക്സിൻ കൊണ്ട് മാത്രമാണ്. വാക്സിൻ എടുത്തവർക്കു കോവിഡ് വരില്ലേ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, അതങ്ങനെയല്ല. കോവിഡ് വന്നാലും നിങ്ങളുടെ ജീവൻ ഹനിക്കപ്പെടില്ല," വിവേക് പറഞ്ഞതിങ്ങനെ.