രവി തേജ, ശർവാനന്ദ്, നവീൻ പോളിഷെട്ടി എന്നിവരുടെ മറ്റ് സംക്രാന്തി ബിഗ് റിലീസുകൾക്കും ഈ നിയമവിജയം പ്രോത്സാഹനമായി. ഇതോടെ ഇവരും റിലീസിന് മുന്നേ നിയമത്തിന്റെ വഴിയേ നീങ്ങുകയാണ്. ചിത്രത്തിന്റെ പ്രദർശനത്തിന് കോടതി പിന്തുണയുള്ള സംരക്ഷണം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് തെലുങ്ക് സിനിമാ പ്രവർത്തകർ.
കോടതിയുടെ ഇടപെടലിനെ പ്രശംസിച്ച് നിരവധി സിനിമാ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. പലരുടെയും കഠിനാധ്വാനവും സ്വപ്‌നങ്ങളും പണവും ഒരുവിധത്തിൽ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്ന് തെലുങ്ക് താരം വിജയ് ദേവരകൊണ്ട പ്രതികരിച്ചു. 2019ൽ പുറത്തിറങ്ങിയ 'ഡിയർ കോംമ്രേഡ്' എന്ന അദ്ദേഹത്തിന്റെ ചിത്രത്തിന്റെ റിലീസ് സമയം മുതൽ സംഘടിത ആക്രമണങ്ങളുടെ ഞെട്ടിക്കുന്ന രാഷ്ട്രീയം കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
"ഇത്രയും വർഷമായി താൻ സംസാരിച്ചിരുന്നത് ആരും ചെവികൊണ്ടില്ല, നല്ല സിനിമയെ ആർക്കും തകർക്കാൻ കഴിയില്ലെന്ന് എല്ലാവരും പറഞ്ഞു. പിന്നീട് എന്നെ വച്ച് പടം നിർമ്മിച്ച സംവിധായകരും നിർമ്മാതാക്കളുമെല്ലാം ഈ പ്രശ്‌നത്തിന്റെ വ്യാപ്തി മനസ്സിലാക്കി. ഇതിപ്പോൾ പുറത്തുവന്നതിൽ വലിയ സന്തോഷമുണ്ട്. മെഗാസ്റ്റാറുകൾ അഭിനയിക്കുന്ന ചിത്രങ്ങൾക്ക് പോലും ഈ ഭീഷണിയുണ്ടെന്ന് കോടതിക്ക് മനസ്സിലായി. ഈ പ്രശ്‌നം പൂർണ്ണമായി പരിഹരിക്കപ്പെട്ടേക്കില്ലെങ്കിലും ആശങ്ക കുറയും", വിജയ് ദേവരകൊണ്ട പറഞ്ഞു.
ഇതൊരു നല്ല നീക്കമാണെന്ന് കരുതുന്നതായി സംവിധായകൻ വെങ്കടേഷ് മാഹ പറഞ്ഞു. സോഷ്യൽ മീഡിയ എല്ലാവർക്കും ഒരു ശബ്ദം നൽകിയിട്ടുണ്ടെന്നും അതിനാൽ സിനിമാ നിരൂപണങ്ങളും റേറ്റിംഗുകളും എത്രത്തോളം നിയന്ത്രിക്കാനാകുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്ത പ്രേഷകർ സോഷ്യൽ മീഡിയയെ വളരെയധികം ആശ്രയിക്കുന്നുണ്ട്. വ്യത്യസ്ത കാഴ്ചക്കാർ വ്യത്യസ്ത വിഭാഗങ്ങളോട് പ്രതികരിക്കുന്നു. ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലെ നിരൂപണങ്ങൾ തെറ്റാണെന്ന് കരുതുന്നില്ലെന്നും എന്നാൽ അവയ്ക്ക് സിനിമയെ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്നും ചിലപ്പോൾ നല്ലതിനെപോലും മോശമാക്കുമെന്നും വെങ്കടേഷ് മാഹ കൂട്ടിച്ചേർത്തു. സിനിമാ സംവിധായകരും നിർമ്മാതാക്കളും ഒരുമിച്ച് നിന്ന് ഈ പ്രശ്‌നത്തെ നേരിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ന് ഒരു സിനിമ കാണുന്നതിന് മുമ്പ് പ്രേക്ഷകർ അതിനെ എങ്ങനെ സമീപിക്കുന്നു എന്നതിനെ ഓൺലൈൻ അഭിപ്രായങ്ങൾ സ്വാധീനിക്കുന്നുണ്ടെന്ന് സംവിധായകൻ ശശി കിരൺ ടിക്ക പറഞ്ഞു. പ്രേക്ഷകർ നിഷ്പക്ഷ മനോഭാവത്തോടെ മുന്നോട്ടുപോകണം. സോഷ്യൽ മീഡിയയിൽ നെഗറ്റീവ് നിരൂപണങ്ങൾ തുടർന്നേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓൺലൈൻ റേറ്റിംഗുകൾ ടിക്കറ്റ് എടുക്കാനുള്ള തീരുമാനത്തെ ബാധിക്കുന്നുണ്ട്. നിലവിലെ കോടതി ഇടപെടൽ ഒരു പോസിറ്റീവ് നീക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓൺലൈൻ റേറ്റിംഗുകൾ, പ്രധാനമായും ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളിൽ വിലകൊടുത്ത് വാങ്ങുന്നതാണെന്നും അവ നിയന്ത്രിക്കുന്നത് ഒരു തിരുത്തൽ നടപടിയാണെന്നും സംവിധായകൻ തേജ പറഞ്ഞു. റേറ്റിംഗുകൾ നീക്കം ചെയ്യുന്നത് സിനിമയെ അതിന്റെ സത്യസന്ധമായ ഫീഡ്ബാക്കിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാമൊഴിയിലൂടെയാണ് ഒരിക്കൽ സിനിമകൾ വളർന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സിനിമാ വ്യവസായത്തിന് വളരെ ഗുണകരമായ നടപടിയാണ് ഇതെന്ന് നിർമ്മാതാവ് അഭിഷേക് അഗർവാളും അഭിപ്രായപ്പെട്ടു. "എന്റെ സിനിമയായ ടൈഗർ നാഗേശ്വര റാവുവിനെ കൃത്രിമ നിരൂപണങ്ങൾ സാരമായി ബാധിച്ചു. 'ദി കശ്മീർ ഫയൽസ്' പുറത്തിറങ്ങിയപ്പോൾ അതിന്റെ റേറ്റിംഗ് 6-6.5 ആയും പിന്നീട് അതിലും താഴ്ന്നതുമാക്കി. നെഗറ്റീവ് അവലോകനങ്ങളുടെ ഒരു തരംഗത്തെ ആ സിനിമ നേരിട്ടു. ഒരു സിനിമയുടെ റേറ്റിംഗ് കൈകാര്യം ചെയ്യുക എന്നത് നിർമ്മാതാക്കളെ സംബന്ധിച്ച് ഒരു നിരന്തരമായ വെല്ലുവിളിയായി മാറുന്നു. അടിസ്ഥാനരഹിതമായ നെഗറ്റീവ് ഓൺലൈൻ റിവ്യൂകൾ നിയന്ത്രിക്കാനും നഷ്ടങ്ങളിൽ നിന്ന് വരുമാനം സംരക്ഷിക്കാനും ഈ കോടതി ഉത്തരവ് സഹായിക്കും. നഷ്ടം നിർമ്മാതാവിനെ മാത്രമല്ല ബാധിക്കുന്നത്, തിയേറ്ററുകളെയും ബാധിക്കുന്നു", അഭിഷേക് അഗർവാൾ പറഞ്ഞു.
ടിക്കറ്റ് പ്ലാറ്റ്‌ഫോമുകൾ ടിക്കറ്റ് വിൽക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും സിനിമാ നിരൂപണങ്ങൾക്കുള്ള ഇടങ്ങളായി പ്രവർത്തിക്കരുതെന്നും സംവിധായകൻ കൗശിക് പെഗല്ലപതി പറഞ്ഞു. ഒരു ബുക്കിംഗ് പ്ലാറ്റ്‌ഫോം പ്രേക്ഷകരെ സിനിമകൾ ആക്‌സസ് ചെയ്യാൻ സഹായിക്കണം. അവരുടെ അഭിപ്രായം തീരുമാനിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
