കഴിഞ്ഞദിവസം ഹൈദരാബാദിൽ വച്ച് നടന്ന ഒരു ചടങ്ങിനിടയായിരുന്നു കാർത്തിയുടെ പരാമർശം. പരിപാടിക്കിടെ അവതാരക സ്ക്രീനിൽ ഏതാനും മീമുകൾ കാണിച്ച് അതിനെക്കുറിച്ച് തന്റെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ പറയാനായി നടനോട് ആവശ്യപ്പെട്ടു. അവയിൽ ഒന്നിൽ ലഡുവിന്റെ ചിത്രം അടങ്ങുന്നതും ഉണ്ടായിരുന്നു. ഇതിനു മറുപടിയായി കാർത്തി പറഞ്ഞത് ലഡുവിനെ കുറിച്ച് നമുക്ക് ഇപ്പോൾ സംസാരിക്കേണ്ടെന്നും അതൊരു വിവാദ വിഷയമാണെന്നുമാണ്.
കാർത്തിയുടെ ഈ മറുപടിയാണ് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായ പവൻ കല്യാണിന് അതൃപ്തി ഉണ്ടാക്കിയത്. സിനിമ മേഖലയിൽ നിന്നുള്ള വ്യക്തികൾ തിരുപ്പതി വിഷയത്തിൽ അഭിപ്രായം പറയുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒന്നുകിൽ അതിനെ പിന്തുണയ്ക്കുകയോ അല്ലെങ്കിൽ അതിൽ അഭിപ്രായം പറയാതിരിക്കുകയോ വേണമെന്ന് പവൻ കല്യാൺ ഇതിനെതിരെ പ്രതികരിച്ചു. ഇത് വലിയ ആശങ്ക ഉണ്ടാക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
പിന്നാലെ ഈ വിഷയത്തിൽ പ്രതികരണവുമായി കാർത്തി തന്നെ നിലപാട് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു. നമ്മുടെ പാരമ്പര്യങ്ങളെയെല്ലാം മുറുകെ പിടിക്കുന്ന വെങ്കിടേശ്വര ഭഗവാന്റെ എളിയ ഭക്തൻ എന്ന നിലയിൽ താൻ ഉദ്ദേശിക്കാത്ത തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ക്ഷമ ചോദിക്കുന്നു എന്ന് കാർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചു.