TRENDING:

Asrani| മുതിർന്ന ബോളിവുഡ് ഹാസ്യതാരം ഗോവർധൻ അസ്രാണി അന്തരിച്ചു

Last Updated:

മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് സോഷ്യൽ മീഡിയ വഴി ആരാധകർക്ക് ദീപാവലി ആശംസകൾ നേർന്നിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുതിർന്ന ബോളിവുഡ് നടനും ഹാസ്യവേഷങ്ങളിലൂടെ പ്രശസ്തനുമായ ഗോവർധൻ അസ്രാണി അന്തരിച്ചു. 84 വയസായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് രാജസ്ഥാനിലെ ജയ്പൂരിൽ ജനിച്ച അസ്രാണി, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തൻ്റെ കരിയറിൽ 350ൽ അധികം സിനിമകളിൽ വേഷമിട്ടു. പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്ന ഹാസ്യതാരം, മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് സോഷ്യൽ മീഡിയ വഴി ആരാധകർക്ക് ദീപാവലി ആശംസകൾ നേർന്നിരുന്നു. മുംബൈയിലെ സാന്താക്രൂസ് ശ്മശാനത്തിലായിരുന്നു അന്ത്യകർമ്മങ്ങൾ നടന്നത്. കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
ഗോവർധൻ അസ്രാണി
ഗോവർധൻ അസ്രാണി
advertisement

ഷോലെയിലെ 'ജയിലർ'

ഇന്ത്യൻ പ്രേക്ഷകരുടെ മനസ്സിൽ അസ്രാണിക്ക് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത് 1975-ലെ ക്ലാസിക് ചിത്രമായ ഷോലെയിലെ വിചിത്ര സ്വഭാവക്കാരനായ ജയിലർ‌ കഥാപാത്രമാണ്. ചാർലി ചാപ്ലിൻ്റെ 'ദി ഗ്രേറ്റ് ഡിക്റ്റേറ്റർ' എന്ന സിനിമയിലെ കഥാപാത്രത്തെ അടിസ്ഥാനമാക്കിയായിരുന്നു ഇത്. ഈ വർഷം അരനൂറ്റാണ്ട് പൂർത്തിയാക്കിയ ചിത്രമായിരുന്നു 'ഷോലെ'. സ്ക്രീൻ സമയം വളരെ കുറവായിരുന്നെങ്കിലും, അദ്ദേഹത്തിൻ്റെ പ്രകടനം എക്കാലത്തെയും ഇതിഹാസമായി മാറി, പ്രത്യേകിച്ചും അദ്ദേഹത്തിൻ്റെ പ്രശസ്തമായ ഡയലോഗായ "ഹം അൻഗ്രേസോം കെ സമാനേ കെ ജയിലർ ഹേ" (ഞാൻ ബ്രിട്ടീഷുകാരുടെ കാലത്തെ ജയിലറാണ്).

advertisement

ഓഗസ്റ്റിൽ 'ഷോലെ'യുടെ സുവർണ്ണ ജൂബിലി ആഘോഷിച്ചപ്പോൾ, തൻ്റെ പ്രശസ്തമായ ജയിലർ ഡയലോഗ് ആവർത്തിക്കാൻ ആവശ്യപ്പെടാത്ത ഒരു പരിപാടിയോ ചടങ്ങോ ഉണ്ടായിട്ടില്ലെന്ന് അസ്രാണി പറഞ്ഞിരുന്നു. "ഇതിനെല്ലാം കാരണം സിപ്പി സാബിൻ്റെ സംവിധാനവും സലിം-ജാവേദിൻ്റെ എഴുത്തുമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

1970കളിലും 1980കളിലും ഹിന്ദി സിനിമയിലെ ഒരു സ്ഥിരസാന്നിധ്യമായി അസ്രാണി മാറി. അദ്ദേഹത്തിൻ്റെ ഹാസ്യപരമായ ടൈമിങ് ഋഷികേശ് മുഖർജി, ബസു ചാറ്റർജി, ബി ആർ ചോപ്ര, കെ ആർ റാവു തുടങ്ങിയ സംവിധായകരുടെ പ്രിയങ്കരനാക്കി. 2000കളിൽ ഡേവിഡ് ധവാൻ, പ്രിയദർശൻ തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചുകൊണ്ട് അദ്ദേഹം പുതിയ തലമുറയുടെ കോമഡികളിലേക്കും മാറി. ഹേരാ ഫേരി, ജോ ജീത വോഹി സിക്കന്ദർ, ഘർവാലി ബാഹർവാലി തുടങ്ങിയ ഹിറ്റുകളിൽ അദ്ദേഹം വേഷമിട്ടു.

advertisement

'ഷോലെ' കൂടാതെ അഭിമാൻ, ആജ് കി താസ ഖബർ, ബാലിക ബധു തുടങ്ങിയ ചിത്രങ്ങളിലെ അസ്രാണിയുടെ പ്രകടനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടു. 'ആജ് കി താസ ഖബർ', 'ബാലിക ബധു' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് നേടി.

ടെലിവിഷൻ രംഗത്തും അദ്ദേഹം ഒരുപോലെ പ്രിയങ്കരനായിരുന്നു. ദൂരദർശൻ്റെ 1985ലെ പരമ്പരയായ 'നട്ഖട്ട് നാരദ്'-ലെ നാരദൻ്റെ വേഷം ശ്രദ്ധേയമായിരുന്നു.

ഇന്ത്യൻ സിനിമയിൽ ഒരു അപൂർവ ബഹുമതിയും അസ്രാണിക്ക് സ്വന്തമാണ്. ഒരു ദശാബ്ദത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഹിന്ദി സിനിമകളിൽ സ്വഭാവ നടനായും ഹാസ്യനടനായും അദ്ദേഹം അഭിനയിച്ചു. 1970കളിൽ 101 സിനിമകളിലും 1980കളിൽ 107 സിനിമകളിലുമാണ് അദ്ദേഹം വേഷമിട്ടത്.

advertisement

'സീരിയസ് നടനും' എഴുത്തുകാരനും സംവിധായകനുമായി

ഹാസ്യപ്രകടനത്തിലൂടെയാണ് കൂടുതൽ അറിയപ്പെടുന്നതെങ്കിലും, ഗോവർധൻ അസ്രാണി തൻ്റെ കലാജീവിതത്തിൽ ഗൗരവമായ അഭിനയ സാധ്യതകളും പരീക്ഷിച്ചിട്ടുണ്ട്. 1974-ൽ അദ്ദേഹം എഴുതി സംവിധാനം ചെയ്ത ഒരു ഗുജറാത്തി ചിത്രത്തിൽ കിഷോർ കുമാർ ആലപിച്ച "ഹു അംദാവദ് നോ റിക്ഷാവാലോ" എന്ന ഗാനമുണ്ടായിരുന്നു.

ഈ ചിത്രം പിന്നീട് കിഷോർ കുമാർ ആലപിച്ച മറ്റ് മൂന്ന് ഹിന്ദി ഗാനങ്ങൾക്ക് പ്രചോദനമായി-'ഹമാരേ തുംഹാരേ' എന്ന ചിത്രത്തിലെ 'അച്ഛാ ചലോജി ബാബാ മാഫ് കർദോ', 'യേ കൈസാ ഇൻസാഫ്' എന്ന ചിത്രത്തിലെ 'പ്യാർ മേം കരൂംഗാ', ഒപ്പം 'ഫൂൽ ഖിലേ ഹേ ഗുൽഷൻ ഗുൽഷൻ' എന്ന ചിത്രത്തിൽ ഋഷി കപൂറിനും അസ്രാണിക്കുംവേണ്ടി അദ്ദേഹം തന്നെ ആലപിച്ച 'മന്നു ഭായ് മോട്ടോർ ചലി പാം' എന്നിവയാണവ.

advertisement

മുതിർന്ന നടൻ രാജേഷ് ഖന്നയുടെ അടുത്ത സുഹൃത്തായിരുന്ന അസ്രാണി പിന്നീട് 1977ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ 'ചല മുരാരി ഹീറോ ബന്നെ' സംവിധാനം ചെയ്യുകയും അതിൽ പ്രധാന വേഷം ചെയ്യുകയും ചെയ്തു. ഈ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു.

അസാമാന്യ അഭിനേതാവെന്ന് പ്രിയദർശൻ

'ആ ഇതിഹാസതാരത്തിൻ്റെ വിയോഗത്തിൽ ഞാൻ അതീവ ദുഃഖിതനാണ്, എൻ്റെ പ്രിയ സുഹൃത്തും അസാമാന്യ നടനുമായിരുന്നു ഗോവർധൻ അസ്രാണി ജി. അദ്ദേഹത്തിൻ്റെ ഹാസ്യപരമായ ടൈമിങ്ങിനെ വെല്ലാൻ ആർക്കും കഴിഞ്ഞിരുന്നില്ല. സ്ക്രീനിലെ അദ്ദേഹത്തിൻ്റെ സാന്നിധ്യം പ്രേക്ഷകർക്ക് ശുദ്ധമായ സന്തോഷം ഉറപ്പാക്കി. അതുല്യനും ബഹുമുഖ പ്രതിഭയുമായ ഒരു കലാകാരനെയാണ് സിനിമാ ലോകത്തിന് ഇന്ന് നഷ്ടമായത്.

അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ഓർമ്മകൾ ഞാൻ എന്നും വിലമതിക്കും. എൻ്റെ വരാനിരിക്കുന്ന ഹിന്ദി ചിത്രം 'ഹൈവാൻ'-ൽ, അക്ഷയ് കുമാറിനും സെയ്ഫ് അലി ഖാനും ഒപ്പമുള്ളതായിരുന്നു അദ്ദേഹത്തിൻ്റെ അവസാന ഷോട്ട് എന്നത് യാദൃശ്ചികവും വേദനാജനകവുമാണ്. സെറ്റിൽ അദ്ദേഹത്തോടൊപ്പം പങ്കുവെച്ച ആ അവസാന നിമിഷം എൻ്റെ ഓർമ്മയിൽ എന്നെന്നും മായാതെ നിൽക്കും. ഓം ശാന്തി. ' - പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Veteran Bollywood actor Govardhan Asrani, best known for his iconic comic roles, passed away at the age of 84. Born in Jaipur, Rajasthan, during British colonial rule, Asrani appeared in over 350 films across a career spanning more than five decades.

മലയാളം വാർത്തകൾ/ വാർത്ത/Film/
Asrani| മുതിർന്ന ബോളിവുഡ് ഹാസ്യതാരം ഗോവർധൻ അസ്രാണി അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories