കമല്‍ഹാസന്‍റെ വിക്രം തീര്‍ത്ത ഗംഭീര വിജയത്തിന് പിന്നാലെ ലോകേഷ് ഒരുക്കുന്ന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ദളപതി 67 ഉറ്റുനോക്കുന്നത്. വിജയ്ക്കൊപ്പം മറ്റ് ആരൊക്കെ അഭിനയിക്കും , ചിത്രം വിക്രവും കൈതിയും ഉള്‍പ്പെടുന്ന ലോകേഷ് കനകരാജ് യൂണിവേഴ്സിന്‍റെ ഭാഗമാണോ എന്നതടക്കം നിരവധി ചോദ്യങ്ങളാണ് ആരാധകരില്‍ നിന്നുയരുന്നത്.
advertisement
ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസാകും ചിത്രം നിര്‍മ്മിക്കുക. സംവിധായകന്‍ ഗൗതം മേനോന്‍ സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തും. ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലറായി ഗ്യാങ്സ്റ്റര്‍ മൂവിയായി ആണ് ദളപതി 67 ഒരുങ്ങുന്നത് എന്നാണ് സൂചന.
ലോകേഷ് കനകരാജ് യൂണിവേഴ്സിന്‍റെ ഭാഗമായാണ് ചിത്രം ഒരുങ്ങുന്നങ്കില്‍ വമ്പന്‍ താരനിര തന്നെ ദളപതി 67ല്‍ പ്രതീക്ഷിക്കാം. കമല്‍ഹാസന്‍, ഫഹദ് ഫാസില്‍ എന്നിവരും സിനിമയില്‍ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ നടന്‍ ചിയാന്‍ വിക്രം ദളപതി 67ന് വേണ്ടി 30 ദിവസത്തെ ഡേറ്റ് നല്‍കിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡ് താരം സഞ്ജയ് ദത്ത്, മിഷ്കിന്‍, അര്‍ജുന്‍, തൃഷ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.
പൊങ്കല്‍ റിലീസായെത്തിയ വിജയ് ചിത്രം വാരിസ് സാമ്പത്തിക വിജയം നേടിയെങ്കിലും സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നടക്കം ലഭിച്ചത്.