കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ആനന്ദ് ശ്രീബാലയുടെ തിരക്കഥ രൂപപ്പെട്ടത് എന്ന് അണിയറ പ്രവർത്തകർ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അഭിലാഷ് പിള്ളയുടെ രചനയിൽ നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്ത് നവംബർ 15ന് തിയേറ്ററുകളിൽ എത്തിയ ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ആനന്ദ് ശ്രീബാല. കൊച്ചിയിലെ ലോ കോളേജിൽ നിന്നും നിയമവിദ്യാർത്ഥിനിയെ കാണാതാകുന്നതും തുടർന്ന് വിദ്യാർത്ഥിനിയുടെ മരണവും പിന്നീട് നടക്കുന്ന സമാന്തരമായ രണ്ട് അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലർ എലമെന്റ്സിനൊപ്പം കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങൾക്ക് കൂടി പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.
advertisement
വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ ഏറെക്കുറെ സൈലന്റ് എന്ന് തന്നെ പറയാവുന്ന തരത്തിൽ തിയേറ്ററുകളിലേക്ക് എത്തിയ ചിത്രം, പിന്നീട് ത്രില്ലർ ആസ്വാദകരും കുടുംബ പ്രേക്ഷകരും ഒരേ പോലെ ഏറ്റെടുക്കുകയായിരുന്നു.
‘മാളികപ്പുറം‘ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രമാണ് ആനന്ദ് ശ്രീബാല. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ആനന്ദ് ശ്രീബാല നിർമ്മിച്ചത്.
അർജുൻ അശോകന്റെ നായികയായി അപർണ ദാസ് അഭിനയിച്ചിരിക്കുന്ന ആനന്ദ് ശ്രീബാലയിൽ ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സംഗീത വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
രഞ്ജിൻ രാജ് ആണ് സംഗീതം സംവിധാനം, ചിത്രത്തിൽ വിഷ്ണു നാരായണൻ ഛായാഗ്രഹണവും, കിരൺദാസ് ചിത്ര സംയോജനവും നിർവഹിച്ചിരിക്കുന്നു, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മാളവിക മനോജ്, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, തുഷാര പിള്ള, ശ്രീപദ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.