ഇപ്പോഴിതാ കണക്കുകള്‍ നിരത്തി വിമര്‍ശനം ഉന്നയിക്കുകയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനും മുന്‍ എംഎല്‍എയുമായ വി.ടി ബല്‍റാം. 32,000 പോയിട്ട് ഒരു 30 കേസുകൾ വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കാൻ കഴിയുമോ?. പ്രണയച്ചതിയിൽപ്പെട്ട പെൺകുട്ടികളെയല്ലേ നാട് കടത്തിയിട്ടുണ്ടാവുകയുള്ളൂ, അവരുടെ രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഇവിടെത്തന്നെ കാണുമല്ലോ? അവരോരുത്തരേയും നേരിൽ കണ്ട്, അവരുടെ മൊഴികൾ രേഖപ്പെടുത്തി, പഞ്ചായത്ത് അടിസ്ഥാനത്തിൽ കൃത്യമായ കണക്കും വിവരവും ക്രോഡീകരിച്ച് പ്രസിദ്ധപ്പെടുത്തട്ടെ. ഇതൊരു ചലഞ്ചായി, വെല്ലുവിളിയായി, ഏറ്റെടുക്കാമോ ബിജെപിക്കാരാ?. വി.ടി ബല്‍റാം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വെല്ലുവിളിക്കുന്നു.
advertisement
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
“32,000 ഒന്നുമില്ലെങ്കിലും അതിന്റെ പകുതിയെങ്കിലും ഉണ്ടാവാതിരിക്ക്യോ?”
“എന്റെ പരിചയത്തിലുള്ള ഒരു സുഹൃത്തും അവരുടെ അനുഭവത്തിൽ ഇങ്ങനെ ഒരു സംഭവമുണ്ടായതായി പറയുന്നത് കേട്ടു. എന്താണ് സത്യാവസ്ഥ എന്നൊന്നും എനിക്കറിയില്ല”
ഒരുപാട് “മതേതരവാദി”കളേക്കൊണ്ടും “യുക്തിവാദി”കളേക്കൊണ്ടുമൊക്കെ ഇങ്ങനെ “നിഷ്ക്കളങ്ക”മായി ചിന്തിപ്പിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് സംഘ് പരിവാറിന്റെ വിജയം.
32000 പെൺകുട്ടികൾ!
പ്രണയിച്ച് വിവാഹം കഴിച്ചവരുടെ കണക്കല്ല, പ്രണയച്ചതിയിൽ പെടുത്തി മതം മാറ്റി ഭീകര പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തിയവരുടെ എണ്ണമാണത്രേ!
ഇന്ത്യക്ക് പുറത്തേക്ക് അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കുമൊക്കെ മനുഷ്യക്കടത്ത് നടത്തിയ മലയാളി പെൺകുട്ടികളുടെ എണ്ണമാണത്രേ!!
അതായത് കേരളത്തിലെ ഓരോ പഞ്ചായത്തിൽ നിന്നും ശരാശരി 30-40 പെൺകുട്ടികൾ!!
ഓരോ വാർഡിൽ നിന്നും ഒന്നിലേറെ പെൺകുട്ടികൾ!!!
32,000 പോയിട്ട് ഒരു 30 കേസുകൾ വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കാൻ കഴിയുമോ?
വേണ്ട, ഏറെ ചർച്ച ചെയ്യപ്പെട്ട 2-3 കേസുകൾക്കപ്പുറം നാലാമതൊരു കേസ് കൃത്യമായി എടുത്തുപറയാമോ?
കേരള പോലീസിന്റെ ഏതെങ്കിലുമൊരു ഔദ്യോഗിക കണക്ക് ചൂണ്ടിക്കാണിക്കാനുണ്ടോ?
നരേന്ദ്ര മോദിയുടെ എൻഐഎക്ക് കേരളത്തിൽ നിന്ന് വ്യക്തമായ അന്വേഷണ റിപ്പോർട്ടുകൾ വല്ലതും മുന്നോട്ടുവയ്ക്കാനുണ്ടോ?
ഇല്ല എന്നാണ് ഇവക്കെല്ലാം ഇതുവരെയുള്ള ഉത്തരം.
അതുകൊണ്ട് ‘ലവ് ജിഹാദ്’വാദികൾക്ക്, അല്ലെങ്കിൽ ബിജെപിക്കാർക്ക്, ഇതൊരു ചലഞ്ചായി ഏറ്റെടുക്കാവുന്നതാണ്.
കേരളത്തിൽ ബിജെപിക്ക് മിക്കവാറും എല്ലാ ബൂത്തിലും 50 വോട്ടെങ്കിലും ലഭിക്കാറുണ്ട്. എല്ലാ പഞ്ചായത്തിലും 50 പ്രവർത്തകരെങ്കിലും ഉണ്ട്. ‘ലവ് ജിഹാദ്’വാദികളായ മറ്റുള്ളവർക്കും ഓരോ സ്ഥലത്തും അവരുടേതായ സംഘടനാ സംവിധാനങ്ങളുണ്ട്. അവരൊക്കെ ഫീൽഡിൽ ഇറങ്ങി കൃത്യമായ വിവരം ശേഖരിക്കട്ടെ. പ്രണയച്ചതിയിൽപ്പെട്ട പെൺകുട്ടികളെയല്ലേ നാട് കടത്തിയിട്ടുണ്ടാവുകയുള്ളൂ, അവരുടെ രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഇവിടെത്തന്നെ കാണുമല്ലോ? അവരോരുത്തരേയും നേരിൽ കണ്ട്, അവരുടെ മൊഴികൾ രേഖപ്പെടുത്തി, പഞ്ചായത്ത് അടിസ്ഥാനത്തിൽ കൃത്യമായ കണക്കും വിവരവും ക്രോഡീകരിച്ച് പ്രസിദ്ധപ്പെടുത്തട്ടെ.
ഇതൊരു ചലഞ്ചായി, വെല്ലുവിളിയായി, ഏറ്റെടുക്കാമോ ബിജെപിക്കാരാ? ഇല്ലെങ്കിൽ ഇതിവിടം കൊണ്ട് നിർത്തിക്കോണം. ഒരു മതസമൂഹത്തെ നിരന്തരമായി സംശയമുനയിൽ നിർത്തിക്കൊണ്ടുള്ള, അവർക്കെതിരെയുള്ള വേട്ടയാടലിനും ഒരുപക്ഷേ വംശഹത്യക്കും വരെ കളമൊരുക്കുന്ന തരത്തിലുള്ള നിങ്ങളുടെ ഈ വിഷലിപ്തമായ നുണപ്രചരണം ഇവിടെ ഈ നിമിഷം അവസാനിപ്പിക്കണം. നിങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തിന് ഈ കേരളത്തെ വിട്ടുതരാൻ ഞങ്ങൾക്ക് കഴിയില്ല.
