2021ലാണ് തനിക്കും തന്റെ കമ്പനിയായ മൈര്‍കോട്ട് അനിമേഷന്‍ സ്റ്റുഡിയോയ്‌ക്കെതിരെയും എതിര്‍സ്വരങ്ങളുയര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. നെറ്റ്ഫ്‌ളിക്‌സില്‍ തന്റെ ആനിമേറ്റഡ് സീരീസായ മസമീര്‍ റിലീസ് ചെയ്യാന്‍ അവസരം ലഭിച്ചതുമുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ അഭിസംബോധന ചെയത് ജൂൺ 26ന് എക്‌സിലും യൂട്യൂബിലും പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അല്‍മുസൈനി ഇക്കാര്യം പറഞ്ഞത്.
സൗദിയിലെ ജനറല്‍ അതോറിറ്റി ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയയുടെ വയലേഷന്‍സ് കണ്‍ട്രോള്‍ മേധാവിയായ സാദ് അല്‍ സുഹൈമി രൂക്ഷമായി വിമര്‍ശിച്ചിരുന്നുവെന്നും അല്‍മുസൈനി പറഞ്ഞു. മോശമായ രീതിയിലാണ് അദ്ദേഹം തന്നോട് പെരുമാറിയതെന്നും അല്‍മുസൈനി പറഞ്ഞു. നെറ്റ്ഫ്ലിക്സുമായുള്ള മൈർക്കോട്ടിൻ്റെ കരാറിനെയും സൗദി നെറ്റ്‌വർക്കായ എംബിസിയുമായി കരാർ ചെയ്യാൻ വിസമ്മതിച്ചതിനെയും അൽ-സുഹൈമി വിമർശിച്ചുവെന്ന് അൽമുസൈനി പറഞ്ഞു. സീരീസിലൂടെ തീവ്രവാദം, സ്വവര്‍ഗ്ഗരതി, എന്നിവയെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പേരിലാണ് അല്‍മുസൈനിയ്‌ക്കെതിരെ കേസെടുത്തത്. കൂടാതെ 2010നും 2014നും ഇടയില്‍ പങ്കുവെച്ച ചില ട്വീറ്റുകളുടെ പേരിലും അൽമുസൈനിയ്‌ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
advertisement
ആരോപണങ്ങള്‍ ഉയര്‍ന്നതോടെ തന്റെ കമ്പനിയുടെ പ്രവര്‍ത്തനവും ജീവനക്കാരുടെ കരാറും അവസാനിപ്പിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. അല്‍മുസൈനിയ്ക്ക് 25 വര്‍ഷത്തെ തടവും യാത്ര വിലക്കും നല്‍കണമെന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ സര്‍വ്വീസ് ആവശ്യപ്പെട്ടത്. എന്നാല്‍ വാദം കേട്ട കോടതി ശിക്ഷ 13 വര്‍ഷമായി ചുരുക്കുകയായിരുന്നു. കൂടാതെ അല്‍മുസൈനിയ്ക്ക് 13 വര്‍ഷത്തെ യാത്ര വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
യൂട്യൂബിലും എക്‌സിലുമിട്ട വീഡിയോ ഏതാനും മണിക്കൂറുകൾക്ക് ശേഷം അല്‍മുസൈനി പിന്‍വലിച്ചിട്ടുണ്ട്. ശേഷം സൗദി അറേബ്യയുടെ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി മേധാവിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു പോസ്റ്റും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.