യഷ് അവതരിപ്പിക്കുന്ന 'റയ' എന്ന കേന്ദ്രകഥാപാത്രത്തിന്റെ മാസ്സ് ഇൻട്രോയാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വലുകളാണ് ചിത്രത്തിലുള്ളതെന്ന സൂചന ടീസർ നൽകുന്നുണ്ടെങ്കിലും, ഇതിലെ ചില ദൃശ്യങ്ങൾ വലിയ വിവാദങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കടുത്ത ഹോട്ട് ദൃശ്യങ്ങൾ ടീസറിൽ ഉൾപ്പെടുത്തിയതാണ് ഇതിന് കാരണം.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രൊമോ വീഡിയോയും സമാനമായ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. യഷ് സ്ത്രീകളെ ഉയർത്തുന്നതും അവരുടെ ശരീരത്തിൽ മദ്യം ഒഴിക്കുന്നതുമായ രംഗങ്ങൾ ചൂണ്ടിക്കാട്ടി സംവിധായിക ഗീതു മോഹൻദാസിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പുതിയ ടീസറിലും ഇത്തരം രംഗങ്ങൾ പരിധി വിട്ട് ഉൾപ്പെടുത്തിയത് വിമർശകരെ ചൊടിപ്പിച്ചേക്കാം.
advertisement
യഷിന്റെ പത്തൊൻപതാമത്തെ ചിത്രമായ 'ടോക്സിക്' അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ സാങ്കേതിക നിരയുമായാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ യഷും ഗീതുവും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയ്ക്ക് സംഗീതം നൽകുന്നത് രവി ബസ്രൂർ ആണ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറിയോടൊപ്പം അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്ന ടാഗ് ലൈനോടെ എത്തുന്ന സിനിമയുടെ എഡിറ്റിങ് ഉജ്വൽ കുൽക്കർണിയും പ്രൊഡക്ഷൻ ഡിസൈൻ ടി.പി. അബിദുമാണ് നിർവഹിക്കുന്നത്.
