തിങ്കളാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു അപകടം. അപകടം നടക്കുമ്പോള്‍ ബസിലെ ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. അപകടത്തില്‍ നിന്ന് ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടതെന്ന് തെലങ്കാന സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി അറിയിച്ചു. മരിച്ചവരില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടുന്നു. ഇവരില്‍ ഭൂരിഭാഗം പേരും ഹൈദരബാദില്‍ നിന്നുള്ളവരാണ്. തെലങ്കാനയിലെ മറ്റ് ഇടങ്ങളിൽ നിന്നുള്ള തീര്‍ത്ഥാടകരും ബസിലുണ്ടായിരുന്നു.
''സൗദി അറേബ്യയിലെ മദീനയില്‍ ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെട്ട അപകടത്തിന്റെ വാര്‍ത്ത ഞെട്ടലുണ്ടാക്കി. റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും ഈ അപകടത്തില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കും. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗതം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു,'' കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
advertisement
വിദേശകാര്യമന്ത്രാലയവുമായും സൗദി എംബസിയുമായും അടിയന്തര സഹായത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി തെലങ്കാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കി. തെലങ്കാന സെക്രട്ടറിയേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
''സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഇന്ത്യന്‍ ഉംറ തീർത്ഥാടകർ ഉള്‍പ്പെട്ട ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്,'' ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ പറഞ്ഞു.
ഹെല്‍പ്പ്‌ലൈനില്‍ ബന്ധപ്പെടാനുള്ള നമ്പര്‍
- 8002440003 (ടോള്‍ ഫ്രീ)
- 0122614093
- 0126614276
- 0556122301 (വാട്ട്സ്ആപ്പ്)
മദീനയില്‍ അപകടത്തില്‍പ്പെട്ട ബസില്‍ 42 ഉംറ തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്നതായി ഹൈദരാബാദ് എംപി അസദ്ദുദ്ദീന്‍ ഒവൈസി പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നും പരിക്കേറ്റവരുണ്ടെങ്കില്‍ അവര്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം കേന്ദ്രസര്‍ക്കാരിനോടും വിദേശകാര്യമന്ത്രാലയത്തിനോടും ആവശ്യപ്പെട്ടു.
