മഴ തിമർത്തു പെയ്തതോടെ ഷാർജ, അജ്മാൻ എമിറേറ്റുകളിലെ വിദ്യാലയങ്ങളിൽ പഠനം മുടങ്ങി. വാഹനമൊഴിയാത്ത റോഡുകളിൽ വെള്ളം കെട്ടി നിന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. സ്കൂൾ ബസുകൾക്ക് യഥാസമയം സ്കൂളുകളിൽ എത്താനായില്ല. ഇതേ തുടർന്ന് വലുതും ചെറുതുമായ നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനസർവീസുകളും മോശം കാലാവസ്ഥയെ തുടർന്ന് വൈകി. ഏറ്റവും ഒടുവിലത്തെ സർവീസ് സ്റ്റാറ്റസ് ഓൺലൈൻ വഴി മനസിലാക്കണമെന്ന് എമിറേറ്റ്സ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
advertisement
മഴ പെയ്ത ഹൈവേകളിൽ യാത്ര അതീവ ശ്രദ്ധയോടെ വേണമെന്നും നിർദേശം പുറപ്പെടുവിച്ചു. വേഗതകുറച്ച് വാഹനമോടിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. ഇന്ന് രാവിലെ വരെ തകർത്തു പെയ്ത മഴ ഉച്ചയോടെ ശമിച്ചു. ഞായർ വൈകിട്ടായിരുന്നു മഴ ആരംഭിച്ചത്. രാത്രി നേരിയ രീതിയിൽ പെയ്ത മഴ പിന്നീട് ശക്തിപ്രാപിക്കുകയായിരുന്നു. ഇതോടെ റോഡുകളിലും മറ്റും വെള്ളക്കെട്ടുകൾ പ്രത്യക്ഷപ്പെട്ടു.