എഞ്ചിനീയറുടെ സ്കൂളിലെ സുഹൃത്ത് മറ്റൊരു സുഹൃത്തിന്റെ വ്യാപാര ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് എഞ്ചിനീയറുടെ അക്കൗണ്ടിലേക്ക് പണം അയച്ചത്. പണം അയക്കുന്നതിനായി ബാങ്കിലെ വിവരങ്ങള്‍ നല്‍കണമെന്ന് എഞ്ചിനീയറോട് സുഹൃത്ത് ആവശ്യപ്പെട്ടു. എന്നാല്‍, തന്റെ അക്കൗണ്ടിലേക്ക് വന്ന പണം ഒരു ഇന്ത്യന്‍ വ്യവസായിയാണ് അയച്ചതെന്ന് എഞ്ചിനീയര്‍ അറിഞ്ഞിരുന്നില്ല. ഇത് കൈകാര്യം ചെയ്യുന്നതിന് വാട്ട്‌സ്ആപ്പ് വഴി ഒരു ജീവനക്കാരനെ വ്യവസായി ഏര്‍പ്പാടാക്കുകയായിരുന്നു. ലൈസന്‍സ് പുതുക്കുന്നതിനായി വ്യവസായി 10000 ദിര്‍ഹം അയക്കാനാണ് പദ്ധതിയിട്ടത്. 2100 ദിര്‍ഹം ഇതിന്റെ ആദ്യ ഗഡുവായിരുന്നു. എന്നാല്‍ ജീവനക്കാരനെ കണ്ടെത്താന്‍ കഴിയാതെ വരികയും ഇടപാട് പൂര്‍ത്തിയാക്കാനാകാതെ വരികയും ചെയ്തതോടെ വ്യവസായി സംഭവം യുഎഇ പൊലീസില്‍ അറിയിക്കുകയായിരുന്നു.
advertisement
എഞ്ചിനീയറുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നിക്ഷേപിച്ചതായി പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് എഞ്ചിനീയര്‍ക്കെതിരേ വഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ തന്റെ ബാല്യകാല സുഹൃത്തിന് ബാങ്കിന്റെ വിവരങ്ങള്‍ നല്‍കിയതായി എഞ്ചിനീയര്‍ പറഞ്ഞു.
ഇടപാട് സംബന്ധിച്ച് നിയമപ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് കോടതിയെ അറിയിച്ച എഞ്ചിനീയര്‍ തനിക്കെതിരേയുയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ചു. തന്റെ കക്ഷി പരാതിക്കാരന്റെ സുഹൃത്താണെന്നും അദ്ദേഹത്തിന് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും എഞ്ചിനീയറുടെ അഭിഭാഷകന്‍ ഹനി ഹമ്മൂദ ഹഗാഗ് കോടതിയില്‍ വാദിച്ചു.
''ഇരയും തന്റെ കക്ഷിയും സുഹൃത്തുക്കളാണ്. അവര്‍ക്കിടയിലെ പ്രശ്‌നം പരിഹരിച്ചു. പരാതിക്കാരന്‍ തന്റെ പരാതി പിന്‍വലിക്കുകയും രേഖാമൂലമുള്ള ഇളവ് നല്‍കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍, പ്രതിയെ വെറുതെ വിടണമെന്ന് ആവശ്യപ്പെടുകയണ്,'' അഭിഭാഷകനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
കോടതിയില്‍ ഇരുകക്ഷികളും അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതേസമയം, നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ പ്രതിക്ക് നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കര്‍ശനമായ നടപടികളാണ് യുഎഇയില്‍ സ്വീകരിച്ച് വരുന്നത്.