യെമനിലെ പ്രമുഖ സൂഫി വര്യൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുക്കളുമായി ചർച്ച നടത്തിയിരുന്നു. തലാലിന്റെ നാടായ ദമാറിലാണ് ചർച്ച നടന്നത്. കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം യെമൻ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി ശിക്ഷാ നടപടി മാറ്റിവക്കാനായടി നടത്തിയ അടിയന്തര ഇടപെടലാണ് ഫലം കണ്ടത്.
കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും സർക്കാർ പ്രതിനിധികളും ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തിരുന്നു.
advertisement
കാന്തപുരത്തിന്റെ ഇടപെടലോടെയാണ് കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിർദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിർദേശത്തെ അംഗീകരിച്ചാണ് കുടുംബം ചർച്ചയിൽ പങ്കെടുത്തത്. ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്.
2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൗരൻ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.
താലാലിൻറെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ നിന്നും ലഭിച്ചതോടെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. യെമനിലെ വിചാരണ കോടതിയെ യാഥാർത്ഥ്യം ബോധ്യപ്പെടുത്താൻ നിമിഷപ്രിയയ്ക്ക് കഴിയാത്തതിനാൽ വധശിക്ഷയ്ക്ക് വിധിച്ചു. യെമനി വനിതയ്ക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചിരുന്നു.